േശീയപാത കൊരട്ടിയിൽ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തിക്കായി സ്ഥാപിച്ചിരുന്ന ഭാരമേറിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ സർവീസ് റോഡിലേക്കു വീണപ്പോൾ.
കൊരട്ടി: മേൽപാലനിർമാണം നടക്കുന്ന കൊരട്ടിയിൽ അപ്രോച്ച് റോഡിന്റെ പാർശ്വഭിത്തിക്കായി സ്ഥാപിച്ചിരുന്ന ഭാരമേറിയ പ്രീകാസ്റ്റ് കോൺക്രീറ്റ് പാനൽ നിലംപൊത്തി. ഇന്നലെ രാത്രി എട്ടരയോടെ അങ്കമാലി ദിശയിൽ മദുരാകോട്സ് ഗ്രൗണ്ടിനു സമീപമാണ് സംഭവം.
ദേശീയപാതയിലെ നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി വാഹനങ്ങൾ കടന്നുപോകുന്ന സർവീസ് റോഡിലാണ് പാനൽ തകർന്നുവീണത്. വാഹനങ്ങൾ നിരനിരയായി കടന്നുപോകുന്ന സമയത്താണ് പാനൽ വീണതെങ്കിലും വാഹനങ്ങൾക്കും യാത്രക്കാർക്കും അപകടമുണ്ടാകാതിരുന്നത് ഭാഗ്യംകൊണ്ടുമാത്രമാണ്.
പാർശ്വഭിത്തിക്കായി പ്രീകാസ്റ്റ് കോൺക്രീറ്റ് പാനലുകൾ സ്ഥാപിക്കുന്നതിനിടെ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. അപകടസാധ്യതയേറിയ നിർമാണപ്രവർത്തനങ്ങൾ നടക്കുമ്പോൾ ഗതാഗതസുരക്ഷ ഉറപ്പാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
സംഭവസ്ഥലത്തെ സർവീസ് റോഡിൽ തെരുവുവിളക്കുകൾ ഇല്ലാത്തതും ആശങ്ക വർധിപ്പിക്കുന്നതായി നാട്ടുകാർ പറഞ്ഞു. വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളെ മാത്രം ആശ്രയിച്ചാണ് ഇവിടെ ഗതാഗതം.
വിവരമറിഞ്ഞ് കൊരട്ടി പൊലിസും ഹൈവേ പൊലിസും സ്ഥലത്തെത്തി. തുടർന്ന് തൊഴിലാളികൾ സർവീസ് റോഡിലേക്കു വീണ കോൺക്രീറ്റ് പാനൽ യന്ത്രസഹായത്തോടെ നീക്കംചെയ്തു.