കാറ്ററേഴ്സ് അസോസിയേഷൻ മണ്ണാർക്കാട് മേഖല ഓണാഘോഷം
കോയമ്പത്തൂർ: സിങ്കാനല്ലൂർ നായർ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസി മാനേജിംഗ് ഡയറക്ടർ സി. ദേവീദാസ് വാരിയർ ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിഡന്റ് ഗീതാലയം പീതാംബരൻ അധ്യക്ഷനായി.
നെഹ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സെക്രട്ടറിയും സിഇഒയുമായ ഡോ.പി.കൃഷ്ണകുമാർ മുഖ്യാതിഥിയായി. കോയമ്പത്തൂർ മലയാളി സമാജം, കോയമ്പത്തൂർ അയ്യപ്പ സേവാ സംഘം എന്നിവയുടെ പ്രസിഡന്റ് കെ.കെ. രാമചന്ദ്രൻ ഓണസന്ദേശം നൽകി. സിങ്കാനല്ലൂർ എൻഎസ്എസിന്റെ മുഖപത്രമായ തുളസിതീർഥം ഓണപ്പതിപ്പിന്റെ പ്രകാശനം ഗണപതി എൻഎസ്എസ് പ്രസിഡന്റ് ജെ. രവീന്ദ്രൻ സേലം എൻഎസ്എസിന്റെ ജനറൽ സെക്രട്ടറി ബി. രവിചന്ദ്രനു നൽകി പ്രകാശനം ചെയ്തു.
സിങ്കാനല്ലൂർ എൻഎസ്എസ് സെക്രട്ടറി കൊളപ്പുറം ഗോപിനാഥ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വനിതാവേദി സെക്രട്ടറി ശ്രുതി ആനന്ദ് നന്ദി പറഞ്ഞു. വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, നാടോടിനൃത്തം, ഫ്യൂഷൻ ഡാൻസ് എന്നിവയും ഗായിക ചിത്രശോഭനയുടെ നേതൃത്വത്തിൽ ഗാനമേളയുമുണ്ടായിരുന്നു.
മണ്ണാർക്കാട്: കാറ്ററിംഗ് വ്യവസായമേഖലയിൽ പ്രവർത്തിക്കുന്നവരുടെ സംഘടനയായ എകെസിഎ മണ്ണാർക്കാട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എകെസിഎ പൊന്നോണം 2026 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. അംഗങ്ങൾക്കായി വിവിധ കലാകായിക മത്സരങ്ങളും ഓണസദ്യയും ഒരുക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി ഫിറോസ് ബാബു ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് ജയൻ ജ്യോതി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് കെ. ജയകൃഷ്ണൻ വിജയികൾക്ക് സമ്മാനദാനം നടത്തി. ജില്ലാ വർക്കിംഗ് സെക്രട്ടറി അജേഷ്, വൈസ് പ്രസിഡന്റ് സത്യനാരായണൻ, മേഖലാ ജനറൽ സെക്രട്ടറി സലാം, ട്രഷറർ വിനയചന്ദ്രൻ, വർക്കിംഗ് പ്രസിഡന്റ് ബാബു, അജി, ജില്ലാകമ്മറ്റി അംഗങ്ങളായ ഗോപാലകൃഷ്ണൻ, പ്രസാദ്, പ്രോഗ്രാം കൺവീനർ വി.ടി. സക്കീർ തുടങ്ങിയവർ പ്രസംഗിച്ചു.
വണ്ടിത്താവളം: മരുതൻപാറ വാക്കേഴ്സ് ക്ലബിന്റെ ഓണാഘോഷവും, കുടുംബസംഗമവും പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുരേഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ എ. നാഗരാജ് അധ്യക്ഷത വഹിച്ചു. ഡി. മുരുകേശൻ, വി. ഉദയകുമാർ, സി. കൊച്ചപ്പൻ, സുപ്രിയ എന്നിവർ പ്രസംഗിച്ചു. നാടൻ പാട്ടുകലാകാരൻ രാമശേരി രാമൻകുട്ടിയും സംഘത്തിന്റെ നാടൻപാട്ടുമുണ്ടായിരുന്നു.