പ്രതീകാത്മക ചിത്രം
കുത്താട്ടുകുളം: ഗവ. ആശുപത്രിയിലെ കിടപ്പു രോഗികൾക്കും പാലിയേറ്റീവ് വിഭാഗത്തിലെ നൂറു പേർക്കും ഓണക്കോടി നൽകി കൂത്താട്ടുകുളം ഗവ. യുപി സ്കൂൾ കുട്ടികളുടെ ഓണാഘോഷം. കുട്ടികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും സമാഹരിച്ച തുക കൊണ്ടാണ് അവശത അനുഭവിക്കുന്നവർക്ക് കൈത്താങ്ങായി ഓണക്കോടി സമ്മാനിച്ചത്. നഗരസഭ ചെയർപേഴ്സൺ റെജി ജോൺ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. മെജോ മഹേഷ്, പാലിയേറ്റീവ് നേഴ്സ് ഓമന ബാബു എന്നിവർ ചേർന്ന് കിറ്റുകൾ ഏറ്റുവാങ്ങി.
പിടിഎ പ്രസിഡന്റ് മനോജ് കരുണാകരൻ അധ്യക്ഷത വഹിച്ചു. ബിജു ജോൺ, പി.സി. ഭാസ്കരൻ, ജോമി മാത്യു, ഹെഡ്മിസ്ട്രസ് ടി.വി. മായ, സി.എച്ച്. ജയശ്രി, എം.ടി. സ്മിത, ബിസ്മി ശശി, ഒ.വി. പ്രീതി, ആതിര സുരേഷ്, ധന്യ ആർ. നായർ എന്നിവർ പ്രസംഗിച്ചു.
മൂവാറ്റുപുഴ: ആവോലി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ ഓണാഘോഷം വിപുലമായ പരിപാടികളോടെ 22നും 23നും നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചടങ്ങില്‍ വാര്‍ഡിലെ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും സരിത അങ്കണവാടി വാര്‍ഷികവും നടക്കും.
രണ്ടാര്‍ ദര്‍ശന നഗറില്‍ 22ന് രാവിലെ എട്ടിന് പതാകയുയര്‍ത്തല്‍, 8.30ന് കായിക മത്സരങ്ങള്‍, വൈകുന്നേരം ആറിന് കലാപരിപാടികള്‍, രാത്രി ഒമ്പതിന് കൈകൊട്ടിക്കളി. 23ന് രാവിലെ ഒമ്പതിന് പൂക്കള മത്സരം, 11ന് വാര്‍ഡിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന ഗാനവിരുന്ന്. ആറിന് നടക്കുന്ന പൊതുസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജോജി കെ. ജോസ് ഉദ്ഘാടനം ചെയ്യും.
പഞ്ചായത്തംഗം ഷിജിന മന്‍സൂര്‍ അധ്യക്ഷത വഹിക്കും. ചലച്ചിത്ര ടിവിതാരം ജയകൃഷ്ണന് മുഖ്യാതിഥിയായിരിക്കും. ജില്ലാ പഞ്ചായത്തംഗം ഷെല്‍മി ജോണ്‍സ് വിദ്യാര്‍ഥികളെ ആദരിക്കും. ബ്ലോക്ക് പഞ്ചായത്തംഗം സഹീറ മജീദ് അവാര്‍ഡ് സമ്മാനിക്കും.
മൂവാറ്റുപുഴ : ത്രിവേണി ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി മൂവാറ്റുപുഴ നഗരം ഓണത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. നഗരസഭയുടെ നേതൃത്വത്തില്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ കുഴികള്‍ അടയ്ക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്ത് സ്റ്റാന്‍ഡ് ആഘോഷങ്ങള്‍ക്ക് അനുയോജ്യമാക്കുകയാണ്.
ത്രിവേണിയോണം രണ്ടാം ദിവസമായ 23ന് വൈകുന്നേരം 4.30 മുതല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ജെന്‍സി ഓണം അരങ്ങേറും. യുവതലമുറയെ ആകര്‍ഷിക്കുന്ന കസവ് ഫാഷന്‍ഷോയും ഡിജെ നൈറ്റും ഉള്‍പ്പെടെ വിവിധ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. സിനിമാതാരം ഭാമ ജെന്‍സി ഓണത്തില്‍ അതിഥിയായി പങ്കെടുക്കും. ഓണത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ ആഘോഷ ശൈലിയും സമന്വയിപ്പിച്ചാണ് പരിപാടി.
വാഴക്കുളം: ഓൾ കേരള പൈനാപ്പിൾ മർച്ചന്റ്സ് അസോസിയേഷന്റെയും വാഴക്കുളം പൈനാപ്പിൾ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടേയും ആഭിമുഖ്യത്തിലുള്ള ഓണാഘോഷം നാളെ നടത്തും. രാവിലെ 10.30 ന് പൈനാപ്പിൾ മാർക്കറ്റിൽ അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ പതാക ഉയർത്തും. 11ന് ഓണപ്പൂക്കളം ഒരുക്കൽ 11.30ന് ചവിട്ടുനാടകം 12.30ന് ഓണസദ്യ. ഉച്ചയ്ക്ക് ഒന്നിന് നാടൻപാട്ട് മത്സരം.
രണ്ടിന് നടക്കുന്ന സമ്മേളനം ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് ജോസ് പെരുമ്പിള്ളിക്കുന്നേൽ അധ്യക്ഷത വഹിക്കും. മാത്യു കുഴൽ നാടൻ എംഎൽഎ ഓണസന്ദേശം നൽകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പുരസ്കാര വിതരണം നിർവഹിക്കും. തുടർന്ന് 2.30 ന് ശിങ്കാരിമേള മത്സരം. വൈകുന്നേരം മൂന്നിന് വിവിധ കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ഓണം ഘോഷയാത്ര.
സഹകരണ ഓണവിപണി
ഊന്നുകൽ: ഊന്നുകൽ സഹകരണ ബാങ്ക് ഓണവിപണിയുടെ ഉദ്ഘാടനം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ജോജി ജോസ് നിർവഹിച്ചു. പൊതുവിപണിയിലെ വിലനിലവാരം പിടിച്ചു നിർത്തുന്നതിന് സർക്കാർ സബ്സിഡിയോടെയും ബാങ്കിന്റെ തനത് ഫണ്ടായ പൊതുനന്മ ഫണ്ടും ഉപയോഗിച്ച് വില കുറച്ച് പലവ്യജ്ഞനങ്ങളും നാടൻ പച്ചക്കറികളും സംഭരിച്ച് വില്പന നടത്തുന്നത്. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അധ്യക്ഷത വഹിച്ചു.
ഓണക്കിറ്റ് വിതരണം
വാഴക്കുളം: ഉമ്മൻചാണ്ടി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലുള്ള ഓണക്കിറ്റ് വിതരണവും കലാകായിക മത്സരങ്ങളും 24ന് നടത്തും. വൈകുന്നേരം 4.30ന് മടക്കത്താനത്ത് ചേരുന്ന പൊതുസമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യ സമിതിയംഗം ജോസഫ് വാഴയ്ക്കൻ ഉദ്ഘാടനം ചെയ്യും.
ഉമ്മൻചാണ്ടി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടോമി തന്നിട്ടാമാക്കൽ അധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എംപി അർബുദ രോഗികൾക്കുള്ള ധനസഹായ വിതരണവും മാത്യു കുഴൽനാടൻ എംഎൽഎ ഓണക്കിറ്റ് വിതരണ ഉദ്ഘാടനവും നിർവഹിക്കും. ഉന്നത വിജയം നേടിയ വിദ്യാർഥികളെ ചടങ്ങിൽ ആദരിക്കും.
കടവൂര്‍: കടവൂര്‍ സഹകരണ ബാങ്ക് നടത്തിയ ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് അരുണ്‍ ജോസഫ് സഹകാരികളായ ചാക്കോച്ചന് പുന്നോലില്‍, സാനി കോയിക്കര എന്നിവര്‍ക്ക് നല്കി നിര്‍വഹിച്ചു. ആദ്യവില്പന ബോര്‍ഡംഗം ശ്രീനിവാസന് നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് എം.എസ്. ഓലിക്കന്‍, ബാബു ഭാര്ഗവന്, ബെല്‍ജി സി. മാത്യു, റെജി, ബിജിത്ത്, അജിംസ്, മിനി തോമസ്, നോമിനി ജോണ്‍, ബാങ്ക് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
ഓണപ്പാട്ട് മത്സരം
വാഴക്കുളം: നാഷണൽ അസോസിയേഷൻ ഓഫ് മലയാളം ആർട്ടിസ്റ്റ്സ് നന്മ വാഴക്കുളം മേഖലയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും സ്കൂൾ വിദ്യാർത്ഥികൾക്കായി ഓണപ്പാട്ട് മത്സരവും നടത്തുന്നു. നാളെ രാവിലെ പത്തിന് വാഴക്കുളം ജ്വാല സാംസ്കാരിക വേദി ഓഡിറ്റോറിയത്തിലാണ് ഓണപ്പാട്ട് മത്സരം നടത്തുന്നത്. സർട്ടിഫിക്കറ്റുകൾക്കൊപ്പം യഥാക്രമം 1001,501,251 രൂപയും മൂന്നു ജേതാക്കൾക്ക് പുരസ്കാരം നൽകും.