ചങ്ങനാശേരി: ഓപ്പറേഷന് തൂഫാന് പദ്ധതിയിലൂടെ ലഹരിവേട്ടയ്ക്കെത്തിയ പോലീസിനുനേരേ വീട്ടുകാര്‍ അഴിച്ചുവിട്ട നായ്ക്കളെ തുരത്തി തൃക്കൊടിത്താനം പോലീസിന്റെ എംഡിഎംഎ വേട്ട.
പായിപ്പാട് പി.സി. കവലയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. പായിപ്പാട് പി.സി. കവല ഇലവുങ്കല്‍ പുത്തന്‍പറമ്പില്‍ സല്‍മാന്‍ഖാന്റെ (21) വീട്ടില്‍ പരിശോധനയ്ക്കെത്തിയ പോലീസിന് നേരേ രണ്ട് ജര്‍മന്‍ ഷെപ്പേർഡ് ഇനത്തില്‍പ്പെട്ട നായ്ക്കളെ അഴിച്ചുവിടുകയായിരുന്നു. നായ്ക്കളെ നേരിട്ട് പോലീസ് അകത്തുകടന്നപ്പോള്‍ സല്മാന്ഖാന് ഓടി രക്ഷപ്പെടുകയായിരുന്നു.
പിന്നീട് പോലീസ് വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിച്ചിരുന്ന ഏഴു ഗ്രാം എംഡിഎംഎ കണ്ടെത്തി. സംഭവത്തില്‍ സല്‍മാന്‍ഖാന്റെ പേരില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പായിപ്പാട് കോതച്ചിറ കാരിക്കോട്ടാല് സിജിത് കെ.സാജനെ (27) ഇരുപത് മില്ലിഗ്രാം എംഡിഎംഎയുമായി തൃക്കൊടിത്താനം പോലീസ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തതില്‍ നിന്നാണ് ലഹരി ഉപയോഗവും വില്പനയും നടത്തിവരുന്ന സല്മാന്ഖാനെക്കുറിച്ചുള്ള സൂചനകള്‍ പോലീസിനു ലഭിച്ചത്. തുടര്‍ന്നാണ് ശനിയാഴ്ച രാത്രി ഇയാളുടെ വീടു കേന്ദ്രീകരിച്ച് പോലീസ് പരിശോധനയ്ക്കെത്തിയത്. അപ്പോഴാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് കൂടുതല്‍ കണ്ണികളുള്ളതായും ഇതു സംബന്ധിച്ചുള്ള അന്വേഷണം നടത്തി വരികയാണെന്നും തൃക്കൊടിത്താനം എസ്എച്ച്ഒ ബി.അനീഷ് പറഞ്ഞു. എസ്ഐ അജീഷ് കെ.ജോണ്‍, സിപിഒമാരായ ഇ.ടി. ബിജു, മണികണ്ഠന്, ശാലിക്കുട്ടി എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി.
Tags : nattu vishesham Operation Toofan