നെന്മാറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മൈതാനം നിർമാണ പ്രവൃത്തികൾ പുരോഗമിക്കുന്നു.
നെന്മാറ: ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഒരുക്കുന്ന ഗ്രൗണ്ട് നിർമാണ പ്രവൃത്തികൾ പുനരാരംഭിച്ചു. സംസ്ഥാന സർക്കാരിന്റെ 2022-23 സാന്പത്തിക വർഷത്തെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിൽ ഉൾപ്പെടുത്തി ഒരു കോടി രൂപ ചെലവിലാണ് മൈതാനം നിർമിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി മഡ് ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ലോംഗ്ജംപ് പിറ്റ്, സ്റ്റെപ്പ് ഗാലറി, ഫ്ളഡ് ലിറ്റ് സംവിധാനം തുടങ്ങിയ ആധുനിക സൗകര്യങ്ങൾ സജ്ജമാക്കും.
2025ൽ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നെങ്കിലും ഗ്രൗണ്ടിൽ നിന്നിരുന്ന മരങ്ങൾ മുറിച്ചുമാറ്റുന്നതിനുള്ള അനുമതി ലഭിക്കുന്നതിലെ സാങ്കേതിക തടസങ്ങൾ കാരണം പ്രവർത്തനങ്ങൾ നിർത്തിവെക്കേണ്ടി വന്നിരുന്നു. തുടർന്ന് കെ . പ്രേമൻ എംഎൽഎയുടെ ഇടപെടലിൽ പാലക്കാട് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സർവേറ്ററുടെ നേതൃത്വത്തിൽ മൂല്യനിർണയം ഉൾപ്പെടെയുള്ള അനുമതികൾ ലഭ്യമായി.
ലേല നടപടികൾ വേഗത്തിലാക്കി മരങ്ങൾ പൂർണമായും മുറിച്ചുമാറ്റിയതോടെയാണ് നിർമാണം പുനരാരംഭിക്കാനായത്.
Tags : Construction of the playground at Nenmara Govt. Boys' Higher Secondary School Nattuvishesham DistrictNews