തേക്കടി മുപ്പത് ഏക്കർ കോളനിയിലേക്കുള്ള റോഡ്.
പറമ്പിക്കുളം: തേക്കടിയിലും സമീപ കോളനി കുടുംബങ്ങളിലെ താമസക്കാർക്കും സഞ്ചാരയോഗ്യമായ റോഡും പ്രാഥമികചികിത്സക്കായി ഒരു ക്ലിനിക്കും സജ്ജമാക്കണമെന്ന് ആവശ്യം. അല്ലിമൂപ്പൻ കോളനി, ഒറവമ്പാടി, കച്ചിത്തോട്, മുപ്പത് ഏക്കർ കോളനി എന്നിവിടങ്ങളിലായി 1500 കുടുംബങ്ങൾ താമസക്കാരായുണ്ട്.
ഇതിൽ കൂടുതൽ കുടുംബങ്ങളും എസ്ടി, എസ്സി വിഭാഗങ്ങളിൽ പെട്ടവരാണ്. ഈപ്രദേശങ്ങളിലെ താമസക്കാർക്ക് അസുഖമുണ്ടായാൽ ഇരുപത് കിലോമീറ്റർ അകലെയുള്ള സേത്തുമട തമിഴ്നാട് ആശുപത്രിയിൽ വേണം എത്താൻ.
കുഴികൾ നിറഞ്ഞ മെറ്റൽ റോഡിൽ ജീപ്പിലുടെ യാത്ര രോഗികളുടെ ആരോഗ്യനില കൂടുതൽ വിഷമകരമാക്കും. രാത്രി സമയങ്ങളിൽ ഇതുവഴി റോഡിന്റെ തകർച്ച കാരണം വാഹനങ്ങൾ വരാറില്ല. ഇക്കഴിഞ്ഞ ദിവസം മുപ്പത് ഏക്കർ കോളനിയിൽ പാൽ ശ്വാസനാളത്തിൽ കയറി ഗുരുതരാവസ്ഥയിലായ ബാലനെ ആശുപത്രിയിലെത്തിക്കാൻ വൈകിയതുമൂലം മരണപ്പെട്ടിരുന്നു.
അടിയന്തര ആവശ്യങ്ങൾക്ക് പറമ്പിക്കുളത്തു നിന്നും പോലീസ് ജീപ്പിന്റെ സഹായം തേടുകയാണ് നാട്ടുകാർ. പ്രദേശത്ത് ചികിത്സാ ക്ലിനിക്ക് വേണമെന്ന നാട്ടുകാരുടെ വർഷങ്ങളായുള്ളആവശ്യം നടപ്പിലാവാത്തതിൽ താമസക്കാർ നിരാശയിലാണ്.
തേക്കടി ചെമ്മണാംപതി പാത നിർമാണവും ഇഴഞ്ഞു നീങ്ങുകയാണ്. മന്ത്രി കെ.എ. തുളസി അധികാരമേറ്റ ശേഷം ചെമ്മണാംപതി പാത നിർമാണത്തിനായി 70 ലക്ഷം അനുവദിച്ചിരുന്നു. മുതലമട പഞ്ചായത്തിന്റെ ഡിപിആർ ലഭിക്കാത്തതിനാൽ പാതനിർമാണം നീളുന്നതായി കോളനിവാസികൾ പറഞ്ഞു.
പറമ്പിക്കുളം വനമേഖല സന്ദർശനത്തിനെത്തുന്നവരിൽ നിന്നും നല്ല വരുമാനം സർക്കാരിനു ലഭിക്കുന്നുണ്ടെങ്കിലും കാലാകാലങ്ങളിലായി ഇവിടെ താമസിക്കുന്നവർക്ക് വികസന പ്രവർത്തനം നടത്തുന്നതിന് മാറി വരുന്ന സർക്കാരുകൾ താത്പര്യം കാണിക്കുന്നില്ലെന്നാണ് ആക്ഷേപം.
Tags : Tribal families in Thekkady demand that the Sethumada road Nattuvishesham DistrictNews