കായംകുളം: ഭാരതത്തിലെ ആദ്യത്തെ കത്തോലിക്ക രൂപതയായ കൊല്ലം രൂപത സ്ഥാപിതമായതിന്റെ എഴുന്നൂറാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായുള്ള ത്രിവത്സര ജൂബിലിയുടെ ഇടവകതല ഉദ്ഘാടനം ഇന്നു കായംകുളം സെന്റ് ആന്റണീസ് റോമൻ കാത്തലിക് ദേവാലയത്തിൽ നടക്കും. ഇന്നു രാവിലെ 8.30ന് ഇടവക വികാരി ഫാ. കെ.ബി. സെഫറിൻ പതാക ഉയർത്തും. തുടർന്ന് വിശുദ്ധ ദിവ്യബലിയോടുകൂടി ജൂബിലി ആഘോഷങ്ങൾക്കു തിരി തെളിയും.
ദിവ്യ ബലിക്ക് ഫാ. സിൽവി ആന്റണി മുഖ്യ കാർമികത്വം വഹിക്കും. ഫാ. സുഗുൺ ലിയോൺ വചന പ്രഘോഷണം നിർവഹിക്കും. ഇടവക തല ആഘോഷങ്ങളുടെ ഭാഗമായി മൂന്നു വർഷം നീണ്ടുനിൽക്കുന്ന വിവിധ കർമ പദ്ധതികളാണ് ആവിഷ്കരിച്ചിരിക്കുന്നതെന്ന് ഇടവക വികാരി ഫാ. കെ.ബി. സെഫറിൻ, കൈക്കാരൻ ആംബ്രോസ് റെയിഡർ, സെക്രട്ടറി അലക്സ് ആന്റണി കുളങ്ങരേത്ത്, മെർലിൻ ഗോഡ്വിൻ, പയസ്പിള്ളവീട്, ക്രിസ്റ്റഫർ ഫെർണാണ്ടസ്, സോളമൻ റൊസാരിയോ, പ്രസാദ് ആന്റണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
മിഷൻ സമുദ്ര പദ്ധതിയുടെ
ഡിപിആർ പ്രസിദ്ധപ്പെടുത്തണമെന്ന്
ആലപ്പുഴ: മുഖ്യമന്ത്രി പ്രഖ്യാപിച്ച മിഷൻ സമുദ്ര പദ്ധതിയുടെ ഡീറ്റെയ്ൽഡ് പ്രോജക്റ്റ് റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ആലപ്പുഴ രൂപത പിആർഒ ഫാ. സേവ്യർ കുടിയാംശേരി. ഈ പദ്ധതി ഏറ്റവും കൂടുതൽ ബാധിക്കുന്നത് തീരദേശവാസികളെയും മീൻ പിടുത്തക്കാരേയുമാണ്.
ഈ പദ്ധതി എന്താണ്, എങ്ങനെയാണു നടപ്പാക്കുന്നത്, എപ്പോഴാണാരംഭിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് തീരദേശവാസികൾക്ക് അറിയേറിയേണ്ടതുണ്ട്. എങ്കിൽ മാത്രമേ തീരത്ത് വേണ്ട മുൻ കരുതലുകൾ എടുക്കാനാവൂ. ഒരറിയിപ്പുമില്ലാതെ വളരെപ്പെട്ടെന്ന് എന്തെങ്കിലും നടപ്പാക്കിയാൽ അത് തീരദേശവാസികൾക്ക് കഷ്ടനഷ്ടങ്ങളുണ്ടാക്കിയേക്കാം. അതിനാൽ ഇതു സംബന്ധിച്ച വിവരണങ്ങളും പരിശീലനങ്ങളും നേരത്തേതന്നെ നൽകാൻ സർക്കാർ നടപടിയെടുക്കണം.