പ്രതീകാത്മക ചിത്രം
കൊല്ലം: കൊട്ടിയം ഹോളി ക്രോസ് ആശുപത്രിക്കു സമീപം ആവശ്യമായ ലൈസന്‍സുകളില്ലാതെ പ്രവര്‍ത്തിക്കുന്ന ചൂരല്പ്പൊയ്കയിലെ അനന്തപുരി ട്രേഡേഴ്സിന്റെ ടാര്‍ മിക്സിംഗ് പ്ലാന്റിനെതിരേ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു.
കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റ് പ്രവര്‍ത്തിച്ചിരുന്നതിന്റെ കൂടെയാണ് ടാര്‍ മിക്സിംഗ് പ്ലാന്റ് കൂടി പ്രവര്‍ത്തനം ആരംഭിച്ചത്. ഫയര്‍ ആന്‍ഡ് സേഫ്ടി ലൈസന്‍സ് ഇല്ലാതെയാണ് ഇത്രയും കാലം കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റ് പ്രവര്‍ത്തിച്ചത്. അതിനൊപ്പമാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റുകളില്ലാതെ ടാര്‍ മിക്സിംഗ് യൂണിറ്റ് കൂടി പ്രവര്‍ത്തനം തുടങ്ങിയതെന്ന് ചൂരല്‍ പൊയ്ക പരിസ്ഥിതി സംരക്ഷണ സമിതി ആരോപിക്കുന്നു.
ഫയര്‍സുരക്ഷാ സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലെന്നു കണ്ടെത്തുകയും അതുസംബന്ധിച്ച സര്‍ട്ടിഫിക്കറ്റുകള്‍ സമരക്കാര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വ്യവസ്ഥകള്‍, വിവിധ സര്‍ക്കാര്‍ ഉത്തരവുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള രേഖകളും നിയമവശങ്ങളും പരിശോധിച്ചശേഷം ആദിച്ചനല്ലൂര്‍ പഞ്ചായത്ത് സെക്രട്ടറി പ്ലാന്റ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ് നല്‍കിയിരിക്കുകയാണ്.
നിയമങ്ങള്‍ വഴിമാറി
തണ്ണീര്തടമായ പ്രദേശത്ത് 2009 -ല്ഡ ഒരേക്കര്‍ 29 സെന്റ് വാങ്ങിയാണ് കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം തുടങ്ങിയത്. മിക്സിംഗ് കേന്ദ്രം തുറക്കുമ്പോള്‍ ഈ ഭൂമി നെല്‍കൃഷിയിറക്കുന്ന വയലായിരുന്നു. തണ്ണീര്‍തടം നികത്തുന്ന നിയമങ്ങള്‍ പ്ലാന്റിനു മുന്നില്‍ വഴിമാറിക്കൊടുത്തു.
കനാല്‍ ഗതി മാറ്റിവിട്ടു
കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം സ്ഥാപിച്ച വയലിനു നടുവിലൂടെ കല്ലട ഇറിഗേഷന്റെ കനാല്‍ ഒഴുകുന്നുണ്ടായിരുന്നു. കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റ് നടത്തിപ്പുകാര്‍ക്കായി കല്ലട ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശത്തു നിന്ന് രണ്ടു കിലോമീറ്റര്‍ അകലെ കണ്ടച്ചിറയില്‍ വെള്ളം ഒഴുക്ക് തടഞ്ഞ് കനാലിന്റെ ഗതിമാറ്റിവിട്ടു. കോണ്‍ക്രീറ്റ് മിക്സിംഗ് കേന്ദ്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന ചൂരല്‍പൊയ്ക അമൃത വാഹിനി പദ്ധതിയില്‍ നിന്നാണ് പ്രദേശത്ത് കുടിവെള്ള വിതരണം നടത്തിവന്നത്. ഈ കിണറിലെ വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് വാട്ടര്‍ അഥോറിറ്റി ഉദ്യോഗസ്ഥരില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റ് നേടി. അതോടെ മേല്പരിശോധനകളില്ലാതെ പദ്ധതി നിര്‍ത്തിവയ്ക്കുകയും പദ്ധതി റദ്ദാക്കുകയും ചെയ്തു. ഇതോടെ സര്‍ക്കാര്‍ അതുവരെ ചെലവാക്കിയ പണം പാഴാകുകയും ചെയ്തു.
അനുമതി അഞ്ചു ടണ്ണിന് മാത്രം
കൊല്ലം മുതല്‍ പാരിപ്പള്ളിവരെ പലഭാഗങ്ങളിലായി ദേശീയപാത പുനര്‍ നിര്‍മാണം നടക്കുകയാണ്. അവിടേക്കെല്ലാമായി ടാര്‍ മിക്സു ചെയ്തു കൊണ്ടുപോകുന്നത് ചൂരല്പൊയ്കയില് നിന്നാണ്. ദിവസേന 1440 ടണ്‍ ടാര്‍ മിക്സിംഗാണ് നടക്കുന്നത്. ഇതോടെ പ്രദേശത്ത് അന്തരീക്ഷ മലിനീകരണം കൂടുകയും പ്രദേശവാസികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അഞ്ചു ടണ്‍ ടാര്‍ മിക്സിംഗ് നടത്താനും കൊണ്ടുപോകാനുമാണ് ഹൈക്കോടതി ഈ മാസം അഞ്ചിന് വിധിച്ചത്.
അന്തരീക്ഷം മലിനമാക്കുന്നു
കൊട്ടിയം ദേശീയപാതയില്‍നിന്ന് ഹോളിക്രോസ് ആശുപത്രിക്കു മുന്നിലൂടെയുള്ള റോഡ് അവസാനിക്കുന്നത് ചൂരല്‍ പൊയ്കയിലെ കായലിലാണ്. ഇറക്കം ഇറങ്ങി ചെല്ലുമ്പോള്‍ രണ്ടുനില വീടിന്റെ താഴ്ചയിലാണ് ചൂരല്‍പൊയ്ക അമൃത വാഹിനി പദ്ധതി പ്രവര്‍ത്തിച്ചുപോന്നത്. ഈ സ്ഥലത്താണ് കോണ്‍ക്രീറ്റ്-ടാര്‍ മിക്സിംഗ് ഫാക്ടറി പ്രവര്‍ത്തിക്കുന്നത്. ഫാക്ടറിയുടെ പുക കുഴല്‍ സ്ഥിതി ചെയ്യുന്നത് കൊട്ടിയം ഹോളിക്രോസ് ആശുപത്രി, കൊട്ടിയം സ്കൂള്‍, കൊല്ലം രൂപതയിലെ വൈദിക മന്ദിരം, വീടുകള്‍ എന്നിവയെക്കാള്‍ താഴ്ന്ന നിരപ്പിലാണ്. അതിനാല്‍ ഫാക്ടറിയിലെ ടാര്‍ ഉരുക്കുമ്പോള്‍ പുറത്തു വരുന്ന മലിനമായ പുക പ്രദേശത്ത് പരക്കുന്നു. വീടുകള്‍ക്കുള്ളിലേക്കും സ്കൂളിനുള്ളിലേക്കും പുക പരക്കുന്നു. പ്രദേശത്ത് 200 ഓളം വീടുകളാണുള്ളത്.
എന്നാല്‍ പ്ലാന്റിനു ചുറ്റളവില്‍ ഒറ്റ വീടു മാത്രമേ ഉള്ളൂവെന്ന രേഖയാണ് പ്ലാന്റ് ഉടമകള്‍ കളക്ടര്‍ക്കു മുന്നിലും ഹൈക്കോടതിയിലും ഹാജരാക്കിയത്.
ശ്വാസകോശ രോഗങ്ങള്‍ ക്രമാതീതമായി കൂടുന്നു
കോണ്‍ക്രീറ്റ്-ടാര്‍ മിക്സിംഗ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചതോടെ സമീപ പ്രദേശത്തെ താമസക്കാരില്‍ ശ്വാസകോശരോഗം വിട്ടുമാറുന്നില്ല. ചുമയോ ജലദോഷമോ വന്നാല്‍ ബ്രോങ്കൈറ്റിസായി മാറുന്നതായി ഡോക്ടര്‍മാര്‍ ഉദാഹരണ സഹിതം പറയുന്നു.
ചുമ വരുന്നവര്‍ക്ക് വെളുത്ത കഫമാണ് തുപ്പുമ്പോള്‍ പുറത്തുവരുന്നത്. ഈസ്നോഫീലിയ ബാധിച്ച കുട്ടികള്‍ ചുമയ്ക്കുള്ള മരുന്നു കഴിച്ച് മടുക്കുന്നു. വൈദിക മന്ദിരത്തിലെ വൈദികര്‍ക്കും ചുമ വന്നാല്‍ വിട്ടുമാറാത്ത കാര്യമാണ് ചൂണ്ടിക്കാണിക്കാനുള്ളത്.
വീണ്ടും സ്റ്റോപ്പ് മെമ്മോ നല്കി പഞ്ചായത്ത്
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ ചൂരല്പൊയ്കയില് അനധികൃതമായി പ്രവര്‍ത്തിച്ചുവന്ന ടാര്‍ ഹോട്ട് മിക്സിംഗ് പ്ലാന്റിനും കോണ്‍ക്രീറ്റ് മിക്സിംഗ് പ്ലാന്റിനും ആദിച്ചനല്ലൂര്‍ പഞ്ചായത്ത് വീണ്ടും സ്റ്റോപ് മെമ്മോ നല്കി. നാട്ടുകാരുടെ ശക്തമായ പ്രതി ഷേധത്തെ തുടര്‍ന്നാണ് നടപടി. കെ സ്വിഫ്റ്റ് മുഖേന അനുമതി നേടിയാണ് ടാര്‍ പ്ലാന്റ് പ്രവര്ത്ത നം ആരംഭിച്ചത്.
കമ്പനി അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി പഞ്ചായത്ത് നേരത്തെ രണ്ടു തവണ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍ അവ നിലനില്‍ക്കെ ദേശീയ പാതയില്‍ കല്ലും താഴം ഭാഗത്തെ നിര്‍മാണ തടസം ഒഴിവാക്കാനെന്ന പേരില്‍ നിശ്ചിത കാലയളവ് വരെ കമ്പനിക്ക് 1440 ടണ്‍ മിശ്രിതം പ്രതിദിനം ഉത്പാദിപ്പിക്കാന്‍ ജില്ലഭരണകുടം ഇടപെട്ട് അനുമതി നല്കി. പരിസരവാസികളുടെ ദുരിതം കാണാതെയുള്ള അധികൃതരുടെ നടപടിക്കെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.
കമ്പനിയിലേക്കുള്ള ഒരു കിലോമീറ്ററോളം വരുന്ന റോഡിന് മതിയായ വീതിയില്ലാത്തതും അഗ്നിശമന സേനാവിഭാഗം നിഷ്കര്‍ശിച്ച സുരക്ഷാ സംവിധാനങ്ങള്‍ സ്ഥാപിക്കാത്തതും ചൂണ്ടിക്കാട്ടി ചൂരല്‍പൊയ്ക പാരിസ്ഥിതിക സംരക്ഷണ സമിതി നല്കിയ പരാതിയില്‍ അഗ്നിശമന സേന വിഭാഗം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് പഞ്ചായത്ത് വീണ്ടും കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടുള്ളത്.
‘അടച്ചു പൂട്ടണം’
പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയായി മാറിയ ടാര്‍ മിക്സിംഗ് കേന്ദ്രം അടച്ചു പൂട്ടണമെന്ന് സജി ലോറന്‍സ് ആവശ്യപ്പെട്ടു.
മലിനമായി കിണർ
കൊട്ടിയം ഹോളിക്രോസ് ആശുപത്രി, സ്കൂള്‍ എന്നിവയ്ക്കായി വെള്ളമെടുക്കുന്ന കിണറിന് 200 മീറ്റര്‍ മാത്രം അകലെയാണ് ടാര്‍ മിക്സിംഗ് യൂണിറ്റ് പ്രവര്‍ത്തനം നടത്തുന്നത്. കുടിവെള്ളം മലിനമാക്കുന്നത് പഠന വിധേയമാക്കണമെന്ന് പ്രസിഡന്റ് സിറില്‍ റിച്ചാര്‍ഡ് ആവശ്യപ്പെട്ടു.
പഠന വിധേയമാക്കണം
ചൂരല്‍പൊയ്ക ടാര്‍ മിക്സിംഗ് ഫാക്ടറി പ്രവര്‍ത്തനം ആരംഭിച്ചശേഷം പ്രദേശത്ത് ശ്വാസകോശ രോഗം വര്‍ധിക്കുന്നതു സംബന്ധിച്ച് ആരോഗ്യവകുപ്പ് പഠനവിധേയമാക്കണമെന്ന് ചൂരല്‍പൊയ്ക പാരിസ്ഥിതിക സമിതി സെക്രട്ടറി ഗോഡ്സണ്‍ യേശുദാസ് ആവശ്യപ്പെട്ടു.