താഴെയങ്ങാടിയിലെ കലുങ്ക് നിര്‍മാണം പൂര്‍ത്തിയാകാത്ത നിലയില്‍.
പുല്‍പ്പള്ളി: പെരിക്കല്ലൂര്‍-പുല്‍പ്പള്ളി-ബത്തേരി റോഡിന്റെ നിര്‍മാണം പാതിവഴിയില്‍ നിലച്ചതോടെ യാത്രക്കാര്‍ ദുരിതത്തില്‍. കരാറുകാരന്റെ അനാസ്ഥമൂലം നിര്‍മാണ പ്രവൃത്തി നിലച്ച അവസ്ഥയാണ്.
പെരിക്കല്ലൂരില്‍ നിന്നും നിര്‍മാണം ആരംഭിച്ച റോഡ് പ്രവൃത്തി ആറുമാസംകൊണ്ട് 16 കിലോമീറ്റര്‍ മാത്രമാണ് ടാര്‍ ചെയ്തത്. റോഡ് നിര്‍മാണത്തില്‍ അപാകതയുണ്ടെന്നാരോപിച്ച് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് വീണ്ടും പലയിടങ്ങളിലും ടാര്‍ ചെയ്യേണ്ടി വന്നിരുന്നു. പുല്‍പ്പള്ളി താഴെയങ്ങാടിയിലെ കല്‍വെര്‍ട്ട് നിര്‍മാണം മാസങ്ങളായിട്ടും എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഇതിനൊപ്പം ഗതാഗതക്കുരുക്കിനും കാരണമാകുന്നു.
ഏപ്രില്‍ മാസം 30 നുള്ളില്‍ കല്‍വെര്‍ട്ട് നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ ജൂണ്‍ മാസം കഴിഞ്ഞിട്ടും നിര്‍മാണ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ കരാറുകാരന് കഴിഞ്ഞിട്ടില്ല. ടാറിംഗ് പ്രവൃത്തി പൂര്ത്തായാകാത്തത് മൂലം പുല്‍പ്പള്ളി-ബത്തേരി റോഡിലെ പലഭാഗങ്ങളിലും വന്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്.
ചെറുവാഹനങ്ങള്‍ കുഴിയില്‍ ചാടി അപകടത്തില്‍പ്പെടുന്നതും പതിവായി ഇപ്പോള്‍ മഴക്കാലത്തിന്റെ പേരുപറഞ്ഞ് സെപ്റ്റംബര്‍ അവസാന വാരത്തോടെ മാത്രമേ ടാറിംഗ് പ്രവൃത്തി നടത്താന്‍ കഴിയൂ എന്നാണ് കരാറുകാര്‍ പറയുന്നത്. എന്നാല്‍ ഈ പ്രവൃത്തിയുടെ കരാര്‍ റദ്ദ് ചെയ്ത് പുതിയ ടെന്‍ഡര്‍ വച്ച് പുതിയ കരാറുകാര്‍ക്ക് റോഡ് നിര്‍മാണം ഏല്‍പ്പിച്ചാല്‍ മാത്രമേ പ്രവൃത്തി നടക്കുകയുള്ളുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഏറെ വാഹനത്തിരക്കേറിയ റോഡായിട്ടുപോലും റോഡ് പ്രവൃത്തി വേഗത്തിലാക്കാത്താന് കഴിയാതിരുന്നത് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുടെ അനാസ്ഥമൂലമാണെന്ന് ആരോപണം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം റോഡിന്റെ അവസ്ഥ ബോധ്യപ്പെടുത്തി പിഡബ്ല്യുഡി മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നാട്ടുകാര്‍ നേരിട്ട് പരാതി നല്‍കിയിരുന്നു.
Tags : Local News Nattuvishesham Wayanad