കൂരാച്ചുണ്ട്-പതിയിൽ പിഡബ്ല്യുഡി റോഡിൽ നിന്നുള്ള നടപ്പാത നിർമാണം പാതിവഴിയിലായ നിലയിൽ.
കൂരാച്ചുണ്ട്: വയോധികരായ കുടുംബം താമസിക്കുന്ന വീട്ടിലേക്ക് പിഡബ്ല്യഡി നിർമിച്ചു നൽകുന്ന നടപ്പാതയുടെ പ്രവൃത്തി വൈകുന്നുവെന്ന് ആക്ഷേപം. കൂരാച്ചുണ്ട് പഞ്ചായത്ത് പതിമൂന്നാം വാർഡിൽ പതിയിൽ ഭാഗത്ത് താമസിക്കുന്ന പൂവത്തോലിൽ പി.സി. ജോസഫും കിടപ്പുരോഗിയായി കഴിയുന്ന ജോസഫിന്റെ ഭാര്യ ആനി ജോസഫും അടങ്ങുന്ന കുടുംബമാണ് നടപ്പാത നിർമാണം വൈകുന്നതിനെ തുടർന്ന് ബുദ്ധിമുട്ടിലായത്.
നിലവിൽ റോഡിൽ നിന്നും വീട്ടിലേക്ക് പോകുന്നതിനായി ഇരുപത് അടിയോളം ഉയരമുള്ള റോഡിന്റെ കരിങ്കൽ കെട്ടിലുള്ള കുത്തുകല്ലിറങ്ങണം. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൻമേൽ പതിയിൽ-കൂരാച്ചുണ്ട് പിഡബ്ല്യുഡി റോഡിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായുള്ള കൽവെർട്ട് നിർമാണത്തോട് ചേർന്ന് നടപ്പാത നിർമിക്കാൻ പ്രത്യേക ഫണ്ട് അനുവദിച്ചത്.
രോഗശയ്യയിലായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പ്രയാസപ്പെടുകയാണെന്ന് ജോസഫ് പറയുന്നു. ഈ സാഹചര്യത്തിൽ പ്രവൃത്തി വേഗത്തിലാക്കി തരണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. ഈ വിഷയം സംബന്ധിച്ച് എംഎൽഎയെ സമീപിച്ചതായും ജോസഫ് പറഞ്ഞു.
Tags : Local News Nattuvishesham Kozhikode