കുണ്ടും കുഴിയുമായി മാറിയ രാമങ്കരി ആറ്റുതീരം റോഡ്.
രാമങ്കരി: ബോട്ടുജെട്ടി മുതൽ കുരിശടി വരെ നീളുന്ന ആറ്റുതീരം റോഡ് കുണ്ടും കുഴിയുമായി മാറി.നാട്ടുകാരുടെ യാത്ര ദുരിതത്തിലായി. 2018ലെ പ്രളയത്തിൽ ടാറിംഗും മെറ്റലിംഗും തകർന്നതിന് പുറമേ ആറ്റുതീരത്തോട് ചേർന്നുള്ള കൽക്കെട്ടിന്റെ പല ഭാഗങ്ങളും തകർന്നതാണ് റോഡ് കുണ്ടും കുഴിയുമായി യാത്ര ദുരിതത്തിലാകാൻ കാരണമായത്.
ഇതോടെ ടൂവീലർ യാത്ര പോലും നിലവിൽ വളരെ ബുദ്ധിമുട്ട് നിറഞ്ഞ് അപകടവും പതിവായി. അതിനാൽ ഏതുസമയവും റോഡിന്റെ ഏതെങ്കിലുമൊക്കെ ഭാഗം ആറ്റിലേക്ക് ഇടിഞ്ഞുതാഴാനും യാത്രക്കാർ എപ്പോൾ വേണമെങ്കിലും അപകടത്തിൽ പെടാനുള്ള സാധ്യതയും ഏറെയായി. രാമങ്കരി, മണലാടി, വെളിയനാട്, തുടങ്ങിയ സ്ഥലങ്ങളിലുള്ള ആളുകൾക്ക് രാമങ്കരി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂൾ, പൊലിസ് സ്റ്റേഷൻ, ഗവ.എൽപി സ്കൂൾ, എഇ ഓഫീസ്, ഡിഈഒ ഓഫീസ് തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലേക്കും കൂടാതെ ശ്രീ ധർമശാസ്താ ക്ഷേത്രത്തിലേക്കും വളരെ എളുപ്പം എത്തിച്ചേരാനുള്ള പ്രധാന റോഡുകൂടിയാണിത്.
ഇത് അടിയന്തരമായി പുനർനിർമിക്കണമെന്നാവശ്യപ്പെട്ട്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത് നാട്ടുകാർ നിരവധി പ്രാവശ്യം നിവേദനങ്ങൾ നല്കിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞമാസം ഉണ്ടായ വെള്ളപ്പൊക്കത്തിൽ റോഡ് പൂർണമായും മുങ്ങിപ്പോയത് ഇപ്പോൾ പ്രശ്നം രൂക്ഷമാക്കിയിട്ടുണ്ട്.
രാമങ്കരി കൃഷിഭവന് കീഴിലെ ഏക്കർ കണക്കിന് വരുന്ന കോയൽ വട്ടത്തുശേരി പാടശേഖരത്തെ കൃഷി സുഗമമായി മുന്നോട്ട് കൊണ്ടുപോകുന്നതിലും നിർണായകമായ പങ്ക് വഹിക്കുന്ന റോഡ് അടിയന്തരമായി മണ്ണിട്ടുയർത്തി ടാർ ചെയ്യാൻ അധികാരികൾ തയാറാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : NattuVishesham DistrictNews