തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന്റെ പിറകിലുള്ള പാറമേല്‍ മാത്യൂസിന്റെ വീടിനു പിറകില്‍ സ്റ്റേഡിയത്തില്‍നിന്ന് മണ്ണ് ഒലിച്ചിറങ്ങി എത്തിയപ്പോള്‍.
ഇരിങ്ങാലക്കുട: ഒരു മഴയ്ക്കുതന്നെ സ്റ്റേഡിയത്തില്‍നിന്നുള്ള മണ്ണൊലിച്ച് വീട്ടുമുറ്റങ്ങളിലെത്തിയതോടെ മഴക്കാലത്ത് എന്താകുമെന്ന ആശങ്കയിലാണു തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിനു പിറകില്‍ താമസിക്കുന്നവര്‍. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിലെ മണ്ണൊലിച്ചിറങ്ങി താഴെയുള്ള വീടുകളുടെ മുന്നില്‍ ചെളികെട്ടി.
സ്റ്റേഡിയത്തിനു പിറകില്‍ താമസിക്കുന്ന പുളിയത്തുപറമ്പില്‍ ഇന്ദിര, പാറമേല്‍ ഫ്രാന്‍സിസ്, പാറമേല്‍ മാത്യൂസ്, കോട്ടയ്ക്കല്‍ ഉണ്ണി, പാളയംകോട്ട് സഹിര്ഷ എന്നിവരുടെ വീട്ടിലേക്കാണു ഗ്രൗ ണ്ടിന്റെ അരികുകെട്ടിയ കരിങ്കല്‍ ഭിത്തികള്‍ക്കിടയിലൂടെ മണ്ണ് കുത്തിയൊലിച്ച് എത്തിയത്. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്റെ അധീനതയിലുള്ള തളിയക്കോണം ബാപ്പുജി സ്റ്റേഡിയം നവീകരണത്തിന്റെ ഭാഗമായി ഗ്രൗണ്ട് മണ്ണിട്ട് നിരപ്പാക്കിയിരുന്നു. അഞ്ചുമീറ്റര്‍ ഉയരത്തില്‍ മാത്രമാണു സംരക്ഷണഭിത്തി നിര്‍മിച്ചിരിക്കുന്നത്. ശേഷിക്കുന്ന ഭാഗം പുല്ല് പിടിപ്പിക്കാനായിരുന്നു പദ്ധതി.
മഴ പെയ്താല്‍ വെള്ളം താഴേക്ക് ഒഴുകാതിരിക്കാന്‍ ഗ്രൗണ്ടിനുചുറ്റും ബണ്ട് സ്ഥാപിച്ചിരുന്നെങ്കിലും അത് ഇടിഞ്ഞുപോയ ഭാഗത്തുകൂടി വെള്ളം താഴേക്ക് തള്ളിയെന്നാണു കരുതുന്നത്. ഇരിങ്ങാലക്കുട നഗരസഭ 38-ാം വാര്‍ഡിലാണ് തളിയക്കോണം ബാപ്പുജി സ്മാരക സ്റ്റേഡിയം. സംസ്ഥാന സര്‍ക്കാരിന്റെ സമഗ്ര കായികവികസനമെന്ന ലക്ഷ്യത്തോടെ സ്റ്റേഡിയം ഉന്നത നിലവാരത്തിലാക്കാനാണ് മൂന്നുവര്‍ഷം മുന്‍പ് സ്പോര്‍ട്സ് ഫൗണ്ടേഷന് സ്റ്റേഡിയം ഏറ്റെടുത്തത്.
സ്റ്റേഡിയം നവീകരണത്തിനായി ഇരിങ്ങാലക്കുട നഗരസഭയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന സ്റ്റേഡിയം നിര്‍മാണത്തിനായി കേരള സ്പോര്‍ട്സ് ഫൗണ്ടേഷനു കൈമാറി. 2023 മാര്‍ച്ച് 25ന് മന്ത്രി ആര്. ബിന്ദുവാണ് നവീകരണോദ്ഘാടനം നടത്തിയത്. രണ്ടേക്കര്‍ ആറു സെന്റില്‍ സ്ഥിതിചെയ്യുന്ന സ്റ്റേഡിയത്തിന്റെ പിറകുവശത്ത് 4.5 മീറ്റര്‍ ഉയരത്തിലും അരികുവശത്തും സംരക്ഷണഭിത്തി നിര്‍മാണം, സ്റ്റേഡിയത്തിലെ മണ്ണ് ഉപയോഗിച്ച് കളിക്കാന്‍ കഴിയുന്നതരത്തില്‍ മഡ് കോര്‍ട്ട് ഒരുക്കുക എന്നീ പണികളാണ് നവീകരണത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
ആദ്യം ഒരുകോടിയായിരുന്നു നവീകരണത്തിനായി പ്രഖ്യാപിച്ചിരുന്നത്. പിന്നീടത് 70 ലക്ഷമായി. ഇതില്‍ 40 ലക്ഷത്തിലേറെ രൂപയുടെ പണികള്പൂര്ത്തിയായിക്കഴിഞ്ഞു. മണ്ണിട്ടുനിരപ്പാക്കിയ ഗ്രൗണ്ടില്‍ റോള്‍ ചെയ്ത് ഫെന്‍സിംഗ്് ചെയ്യുന്ന പണികളാണ് ബാക്കിയുള്ളത്. എന്നാല്‍ ഇതുവരെ നടത്തിയ പണികളുടെ ബില്‍തുക കിട്ടാത്തതിനാല്‍ കരാറുകാരന് പണി നിര്‍ത്തിവച്ചിരിക്കുകയാണ്.
Tags : Soil from nattuvisheaham local news