സംസ്ഥാനപാതയിലെ ടാറിംഗ് പാളികൾ അടർന്നും റിഫ്ളക്ടറുകൾ ഇളക്കിമാറ്റിയും പരക്കേ കുഴിയായ നിലയിൽ.
കാഞ്ഞങ്ങാട്: കഷ്ടിച്ച് 10 വർഷം മുമ്പ് കെഎസ്ടിപി പദ്ധതിയിൽ നവീകരിച്ച കാഞ്ഞങ്ങാട്-കാസർഗോഡ് സംസ്ഥാനപാതയുടെ ടാറിംഗിന്റെ പാളികളോരോന്നായി അടർന്ന് കുഴികൾ രൂപപ്പെട്ടുതുടങ്ങിയിട്ട് വർഷങ്ങളായി. കുഴികൾക്ക് ആഴമേറിയതോടെ പലയിടങ്ങളിലും അപകടങ്ങളും ജീവാപായം വരെയും ഉണ്ടായി. ആഴമുള്ള കുഴികൾ മാത്രം നികത്തിക്കൊണ്ടുള്ള അറ്റകുറ്റപണികൾ കൊണ്ട് കാര്യമില്ലെന്നു വന്നതോടെയാണ് കഴിഞ്ഞവർഷം പാതയുടെ നവീകരണത്തിന് 38 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി ഊരാളുങ്കലിന് കരാർ നൽകിയത്.
കഴിഞ്ഞവർഷം കരാർ ഏറ്റെടുത്ത സമയത്ത് മഴ വരാറായതിനാൽ വലിയ കുഴികൾ നികത്തുക മാത്രമാണ് ചെയ്തത്. റോഡ് തുടങ്ങുന്ന കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനിൽ റോഡിന്റെ ഇരുവശങ്ങളിലും ഇന്റർലോക്ക് കട്ടകൾ പാകി നവീകരിക്കുന്ന പ്രവൃത്തിയും കൊവ്വൽപള്ളിയിൽ വെള്ളക്കെട്ടൊഴിവാക്കാൻ കലുങ്ക് നിർമാണവും മറ്റു ചില ഭാഗങ്ങളിൽ ഓവുചാലുകളുടെ നിർമാണവും നടന്നു. ഇതിനിടയിൽ ഒരു മഴക്കാലവും ഒരു വേനലും തെരഞ്ഞെടുപ്പുകാലവും കടന്ന് വീണ്ടും മഴ തുടങ്ങി. ഇപ്പോൾ വീണ്ടും മഴ മാറിയപ്പോൾ കാസർഗോഡ് എംജി റോഡ് ജംഗ്ഷൻ മുതൽ ചന്ദ്രഗിരി പാലം വരെയും ബേക്കൽ പാലം മുതൽ ബേക്കൽ ജംഗ്ഷൻ വരെയുമുള്ള ചെറിയ ഭാഗങ്ങളിൽ മാത്രമാണ് പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നത്.
ഒക്ടോബറോടെ ഈ രണ്ടു പ്രവൃത്തികളും പൂർത്തിയാക്കിയതിനു ശേഷം മറ്റു ഭാഗങ്ങളിലെ പ്രവൃത്തികൾ തുടങ്ങുമെന്നാണ് കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റി അധികൃതർ പറയുന്നത്. അപ്പോഴേക്കും വീണ്ടും തുലാവർഷം വന്നാൽ അത് പിന്നെയും നീളാനാണ് സാധ്യത. പശ്ചിമേഷ്യൻ പ്രതിസന്ധിക്കു പിന്നാലെ ടാറിനും മറ്റ് അസംസ്കൃത വസ്തുക്കൾക്കും വിലകൂടിയതും തൊഴിലാളികളുടെ ക്ഷാമവുമൊക്കെയാണ് പ്രവൃത്തികളുടെ വേഗം കുറയാൻ കാരണമായി പറയുന്നത്. കെഎസ്ടിപി റോഡ് നവീകരിച്ചപ്പോൾ റോഡിൽ അങ്ങോളമിങ്ങോളം സ്ഥാപിച്ചിരുന്ന റിഫ്ളക്ടറുകളെല്ലാം ഊരാളുങ്കൽ അധികൃതർ കരാർ ഏറ്റെടുത്തയുടൻ റീടാറിംഗിനു മുന്നോടിയായി ഇളക്കിമാറ്റിയിരുന്നു. ഒരു വർഷത്തിലേറെ കഴിഞ്ഞിട്ടും മിക്കയിടങ്ങളിലും റീടാറിംഗ് നടക്കാതിരുന്നതോടെ റിഫ്ളക്ടറുകളുണ്ടായിരുന്ന സ്ഥലങ്ങളിലെല്ലാം കുഴിയായ നിലയിലാണ്.
Tags : District News Nattuvishesham State highway renovation