തിരുവല്ല മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ ടീം ട്രോഫിയുമായി
വളഞ്ഞവട്ടം: സ്റ്റെല്ലാമാരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ ഡോട്ടേഴ്സ് ഓഫ് മേരി സന്യാസിനീസമൂഹ സ്ഥാപകന്‍ മോണ്‍.ജോസഫ് കുഴിഞ്ഞാലില്‍ സ്മാരകമായി നടന്ന നാലാമത് ഇന്റര്‍സ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ തിരുവല്ല മുത്തൂര്‍ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ ജേതാക്കളായി.
എട്ട് പ്രമുഖ സ്കൂളുകള്‍ മാറ്റുരച്ച ടൂര്‍ണമെന്റിലെ വാശിയേറിയ ഫൈനല്‍ മത്സരത്തില്‍, എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മാവേലിക്കര ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് സെന്‍ട്രല്‍ സ്കൂള്‍ എവര്‍ റോളിംഗ് ട്രോഫി സ്വന്തമാക്കിയത്.
ടൂര്‍ണമെന്റ് പത്തനംതിട്ട ജില്ലാ ഫുട്ബോള്‍ അസോസിയേഷന് സെക്രട്ടറിയും കെഎഫ്എ എക്സിക്യൂട്ടീവ് അംഗവുമായ ജോയ് പൗലോസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ എലൈസ് ഡിഎം അധ്യക്ഷത വഹിച്ചു. ടൂര്‍ണമെന്റ് കോ-ഓര്‍ഡിനേറ്ററും കായികാധ്യാപകനുമായ അഭിജിത്ത് അനില്‍, കായിക അധ്യാപകന് ആന്റണി, അധ്യാപിക മൂര്‍ഷിദ എന്നിവര്‍ പ്രസംഗിച്ചു.
ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനായി മാവേലിക്കര ഇന്‍ഫന്റ് ജീസസ് സ്കൂളിലെ അര്‍ജുനെയും മികച്ച ഗോള്‍ കീപ്പറായി ഇതേ സ്കൂളിലെ ആദര്‍ശിനെയും തെരഞ്ഞെടുത്തു. സമാപന സമ്മേളനത്തില്‍ പ്രിന്‍സിപ്പൽ സിസ്റ്റര്‍ എലൈസ് ഡിഎം, അധ്യാപകര്‍ എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്ക് എവര്‍ റോളിംഗ്് ട്രോഫിയും പുരസ്കാരങ്ങളും സമ്മാനിച്ചു.