കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിനു ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗം.
പാലക്കാട്: കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിനും മാനസിക പിന്തുണ ഉറപ്പാക്കുന്നതിനും മാതാപിതാക്കൾക്ക് പരിശീലനം നൽകേണ്ടത് അനിവാര്യമാണെന്ന് ജില്ലാ കളക്ടർ എം.എസ്. മാധവിക്കുട്ടി. കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതിന് സ്വീകരിക്കേണ്ട നടപടികൾ ചർച്ച ചെയ്യുന്നതിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിവിധ വകുപ്പുകളിൽ നിന്നുള്ള അഭിപ്രായശേഖരണവും നടത്തി.
വിദ്യാർഥികൾക്കും പരിശീലനം ആവശ്യമാണ്. ഇതിനായി വിദ്യാർഥികളിൽ നിന്നുതന്നെ വോളന്റിയർമാരേയും ട്രെയിനർമാരെയും കണ്ടെത്തണമെന്നും നിർദേശം നൽകി. ജില്ലയിൽ പ്രത്യേക കർമപദ്ധതി തയ്യാറാക്കാനും യോഗത്തിൽ തീരുമാനമായി.
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിലവിലുള്ള കൗണ്‍സിലർമാർ ഉൾപ്പെടെ നൂറോളം പേരെ ജില്ലയിലെ സ്കൂളുകളിൽ നിയോഗിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എം. ശശി അറിയിച്ചു.
കൗണ്‍സിലർമാർക്ക് വേണ്ടി സ്കൂളുകളിൽ പ്രത്യേക ഇടം ഒരുക്കുക, വിദ്യാർഥികളുടെ രഹസ്യാത്മകത സംരക്ഷിക്കുക, പരമാവധി ജനവിഭാഗത്തെ ഉൾപ്പെടുത്തി മാസ് കാന്പയിൻ നടത്തുക, തദ്ദേശസ്വയംഭരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബ്ലോക്ക് പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘങ്ങളെ രൂപീകരിക്കുക, കോളജ് വിദ്യാർഥികളെ ഇന്റേണ്‍ഷിപ്പിന്റെ ഭാഗമായി ഉൾപ്പെടുത്തുക തുടങ്ങിയ അഭിപ്രായങ്ങളും ചർച്ചയിൽ ഉയർന്നു.
കുട്ടികളിലെ ആത്മഹത്യാപ്രവണത തടയുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നടപടികൾ ഉൾപ്പെടുന്ന പ്രപ്പോസൽ ബാലാവകാശ കമ്മീഷൻ അംഗമായ കെ.കെ. ഷാജു അവതരിപ്പിച്ചു.
ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ബാലാവകാശ കമ്മീഷൻ അംഗങ്ങളായ പി. ഷാജേഷ് ഭാസ്കർ, കെ.കെ. ഷാജു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ സേതുമാധവൻ, ചൈൽഡ് വെൽഫെയർ കമ്മിറ്റി അംഗങ്ങൾ, വിദ്യാഭ്യാസം, എക്സൈസ്, പോലീസ്, വനിതാ ശിശു വികസനം, തദ്ദേശസ്വയംഭരണ വകുപ്പ്, ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.