കോട്ടയം: സ്വരുമ പാലിയേറ്റീവ് കെയറിന്റെ പുതിയ സംരംഭമായ സ്വരുമ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം നവംബര്‍ ഒന്നിനു നടക്കും. വൈകുന്നേരം നാലിനു കഞ്ഞിക്കുഴിയിലെ കേരള കാത്തലിക് ട്രസ്റ്റ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വരുമ കെയർ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഡ്രസ് ബാങ്കിന്റെ ഉദ്ഘാടനം കിഡ്നി ഫെഡറേഷന് ഓഫ് ഇന്ത്യ ചെയര്മാന് ഫാ. ഡേവിസ് ചിറമ്മല്‍ നിര്‍വഹിക്കും. ഡയാലിസിസ് രോഗികള്‍ക്കുള്ള മരുന്ന്, ഡയാലിസിസ് കിറ്റ് വിതരണം എന്നിവ നൽകുന്ന ജീവധാര പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം നടക്കും.
നഗരസഭാ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ അധ്യക്ഷ വഹിക്കും. കാത്തലിക് ട്രസ്റ്റ് പ്രസിഡന്റ് ജോസഫ് മൈക്കിള്‍ കള്ളിവയലില്‍, സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സഖറിയ ഏബ്രഹാം ഞാവള്ളില്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ അജിത്ത് പൂഴത്തിറ, ജിബി ജോണ്‍, പി.ഡി. സുരേഷ് എന്നിവര്‍ പ്രസംഗിക്കും.
ഈ ഡ്രസ് ബാങ്കിലേക്ക് ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ ഗുണമേന്മയുള്ള വസ്ത്രങ്ങള്‍ ശേഖരിക്കും. അവ പൊതുജനങ്ങള്‍ക്കു മിതമായ നിരക്കില്‍ ആവശ്യാനുസരണം തെരഞ്ഞെടുക്കാവുന്നതുമാണ്. ഡ്രസ് ബാങ്കില്‍നിന്നു ലഭിക്കുന്ന വരുമാനം പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്.
2016 മുതല്‍ കാഞ്ഞിരപ്പള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റേര്‍ഡ് സൊസൈറ്റിയാണ് സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി. നിലവില്‍ പാലിയേറ്റീവ് ഹോം കെയറിനോടൊപ്പം വൃക്കരോഗികള്‍ക്കായുള്ള ജീവധാരാ പദ്ധതി, ഫിസിയോതെറാപ്പി, സൈക്യാട്രി ഒപി, കൗണ്‍സലിംഗ്, വിശപ്പുരഹിത ആഘോഷങ്ങള്‍ക്കായുള്ള ഫുഡ് കിറ്റ് വിതരണം, കിടപ്പുരോഗികളുടെ ആവശ്യത്തിനുള്ള വിവിധങ്ങളായ സഹായ ഉപകരണങ്ങളുടെ വിതരണം, മരുന്നുവിതരണം, വിദ്യാഭ്യാസ സഹായം എന്നിവയും നല്‍കുന്നുണ്ട്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട് അര്‍ഹരായ സാമ്പത്തികബാധ്യതയുള്ള രോഗികള്‍ക്ക് ചികിത്സാച്ചെലവിനുള്ള സഹായവും നൽകുന്നുണ്ട്.
കോട്ടയത്ത് അഞ്ചാമത് യൂണിറ്റായാണ് സ്വരുമ പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനം തുടങ്ങിയത് മുനിസിപ്പാലിറ്റിയുടെയും സമീപ പഞ്ചായത്തുകളുടെയും കീഴിലുള്ള വിവിധ പ്രദേശങ്ങളിലെ 480ലധികം കിടപ്പുരോഗികള്‍ക്ക് സ്ഥിരമായി സൗജന്യ നഴ്സിംഗ്, ഫിസിയോതെറാപ്പി പരിചരണങ്ങള്‍ വീടുകളിലെത്തി നല്‍കുന്നുണ്ട്.
പത്രസമ്മേളനത്തിൽ സ്വരുമ ചാരിറ്റബിള്‍ സൊസൈറ്റി എക്സിക്യൂട്ടീവ് സെക്രട്ടറി സഖറിയ ഏബ്രഹാം ഞാവള്ളില്‍, സ്വരുമ പാലിയേറ്റീവ് കെയര്‍ സെക്രട്ടറി ജോസഫ് കുത്തുകല്ലുങ്കല്‍, പ്രസിഡന്റ് ഏബ്രഹാം കടമപ്പുഴ, വൈസ് പ്രസിഡന്റ് കെ.വി. പ്രസന്നകുമാര്‍, സ്വരുമ ഡ്രസ് ബാങ്ക് കണ്‍വീനര്‍ ഡെയ്സി പോള്‍, സ്വരുമ പാലിയേറ്റിവ് കെയര്‍ അസിസ്റ്റന്റ് സെക്രട്ടറി സാജന് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
Tags : Dress Bank nattuvisesham local news