ബാങ്ക് റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം.
ആലത്തൂർ: ഇവിടൊരു കാത്തിരിപ്പുകേന്ദ്രമുണ്ട്. കാത്തിരിക്കുന്നതു യാത്രക്കാരെയല്ല, അധികൃതരെ. അപകടാവസ്ഥയിലാണ് ബാങ്ക് റോഡ് ജംഗ്ഷനിലെ ബസ് കാത്തിരിപ്പുകേന്ദ്രം.
ആലത്തൂർ ഗ്രാമപഞ്ചായത്ത് നാല്പതുവർഷംമുമ്പ് നിർമിച്ചതാണിത്. കോൺക്രീറ്റ് പൊട്ടിയടർന്ന് മേൽക്കൂരയിൽ കമ്പിതെളിഞ്ഞു.
സാധനങ്ങൾ സൂക്ഷിക്കുന്ന ഇടമായി ഇതിനെ മാറ്റിയിരിക്കുകയാണ് ആക്രികച്ചവടക്കാർ. വള്ളിപ്പടർപ്പ് പടർന്നുകയറിയിട്ടുണ്ട്. വൃത്തിഹീനവും സുരക്ഷിതമല്ലാത്തതുമായതിനാൽ ഇവിടെ കയറിനിൽക്കാൻ ആരും തയാറല്ല. പഴയ ബസ്സ്റ്റാൻഡിൽനിന്ന് പാലക്കാട്, കൊടുവായൂർ, നെന്മാറ ഭാഗത്തേക്കുള്ള ബസുകൾ ആദ്യകാലത്ത് ഇവിടെ നിർത്തിയിരുന്നു.
പിന്നീട് പുതിയ ബസ്സ്റ്റാൻഡ് വന്നതോടെ ബസുകൾ ലിങ്ക് റോഡ് വഴി സ്റ്റാൻഡിലെത്തിയശേഷം സ്വാതി ജംഗ്ഷനിലൂടെ ദേശീയപാതാ സർവീസ് റോഡിലൂടെയാണ് കിണ്ടിമുക്കിലെത്തുന്നത്.
ഇതോടെയാണ് ബാങ്ക് റോഡ് ബസ് കാത്തിരിപ്പുകേന്ദ്രം അവഗണിക്കപ്പെട്ടത്. ബാങ്ക് റോഡിൽ ഈവശത്ത് ബസ് കാത്തിരിപ്പുകേന്ദ്രമില്ല. കടത്തിണ്ണയാണ് യാത്രക്കാരുടെ ആശ്രയം. ബാങ്ക് റോഡിലെ പഴയ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുമാറ്റുകയും എതിർവശത്ത് പുതിയത് നിർമിക്കയും ചെയ്താൽ കിണ്ടിമുക്കിൽനിന്ന് വരുന്ന ബസുകൾ കാത്തുനിൽക്കുന്നവർക്ക് സഹായകമാകുമെന്നു യാത്രികർ പറയുന്നു.
Tags : The bus stand nattuvisheaham local news