സ്റ്റെർക്ക് വയനാട് അഞ്ചാം വാർഷിക സമ്മേളനം പുൽപ്പള്ളിയിൽ അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസി. പ്രഫ. ഡോ. ശ്രീരാം വിഷ്ണു ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: കൃഷിയുടെ ഭാവി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് നിശ്ചയിക്കുമെന്ന് അന്പലവയൽ പ്രാദേശിക കാർഷിക ഗവേഷണകേന്ദ്രം അസി. പ്രഫ. ഡോ. ശ്രീരാം വിഷ്ണു.
സയൻസ് ടെക്നോളജി എഡ്യുക്കേഷൻ ആൻഡ് റിസർച്ച് സെന്റർ (സ്റ്റെർക്ക്) വയനാടിന്റെ അഞ്ചാം വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കള നിയന്ത്രണം, കീട നിയന്ത്രണം, വിത്തുത്പാദനം, ജലസേചനം, കൃഷിസ്ഥലം ഒരുക്കൽ, കാലാവസ്ഥ നിർണയം, ഉത്പന്നങ്ങളുടെ മാർക്കറ്റിംഗ് തുടങ്ങിയ മേഖലകളിൽ നിർമിത ബുദ്ധി ഉപയോഗപ്പെടുത്തിയുള്ള "സ്മാർട്ട് കൃഷി' വിവിധ രാജ്യങ്ങളിൽ ആരംഭിച്ചതായി ഡോ. ശീരാം വിഷ്ണു പറഞ്ഞു. പ്രഫ. കെ. ബാലഗോപാൽ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംരക്ഷണത്തിലും ശാസ്ത്ര പ്രചാരണത്തിലും സ്റ്റെർക്ക് പ്രവർത്തിച്ചുവരികയാണ്. സംഘടനയുടെ നേതൃത്വത്തിൽ ഇതുവരെ ഒന്‍പത് വീടുകളിൽ പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കി, ഏഴ് വീടുകളിൽ പ്രവൃത്തി പുരോഗമിക്കുകയാണ്.
രണ്ട് ക്ഷീരസംഘങ്ങളിൽ സോളാർ പദ്ധതികൾ പൂർത്തിയാക്കി. കാർബണ്‍ പാദമുദ്ര കുറയ്ക്കുന്നതിന് ബയോബിൻ, പോർട്ടബിൾ ബയോഗ്യാസ് പ്ലാന്റ്, സോളാർ വാട്ടർഹീറ്റർ, സോളാർ വാട്ടർ പന്പ്, ചൂടാറാപ്പെട്ടി തുടങ്ങിയ ഹരിത ഉപകരണങ്ങളുടെ പ്രചാരണം നടത്തുന്നുണ്ട്. കുട്ടികളിൽ ശാസ്ത്രബോധം വളർത്താൻ വിജ്ഞാന കൗതുകം ശിൽപശാലകൾ, ബാലശാസ്ത്ര കോണ്‍ഗ്രസ്, പഠനയാത്രകൾ, സമ്മർ ക്യാന്പുകൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
Tags : Local News Nattuvishesham Wayanad