പാലക്കാട്: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട നടുപ്പതി സഞ്ജീവിനി സ്വയംസഹായസംഘവും ആലപ്പുഴയിലെ മത്സ്യമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനയായ ഐഎൽസിസിയും തമ്മിലുള്ള ധാരണാപത്രം പാലക്കാട്ടെ ഒലീവിയ ഫൗണ്ടേഷനിൽ നടന്ന ചടങ്ങിൽ ഒപ്പുവച്ചു.
ഐഎൽസിസിയുടെ നാഷണൽ ചെയർമാൻ സുനിൽ ജേക്കബും, നടുപ്പതി സഞ്ജീവിനി പ്രസിഡന്റായ രാജാത്തിയും ധാരണാപത്രത്തിൽ ഒപ്പുവച്ചു. ‘കാടുമുതൽ കടൽവരെ’ എന്ന വിശാലമായ ആശയത്തിന് രൂപംനൽകുന്ന ഒലീവിയ ഫൗണ്ടേഷന്റെ സുപ്രധാന പദ്ധതികളിലൊന്നാണ് ഈ സഹകരണം. കടൽമത്സ്യത്തിന്റെ ലഭ്യത കുറവുള്ള പാലക്കാടുൾപ്പെടെയുള്ള ജില്ലയിലേക്ക് ആലപ്പുഴയിൽ നിന്ന് മത്സ്യം സംഭരിച്ച് മൂല്യവർധിത ഉത്പന്നങ്ങളാക്കി മാറ്റുകയും ഐഎൽസിസിയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ഉണക്കി ജില്ലയിൽ വിതരണം ചെയ്യുന്നതിനുള്ള ബൃഹത് പദ്ധതിക്കാണ് ഇതിലൂടെ തുടക്കമാകുന്നത്.
അതോടൊപ്പം സഞ്ജീവിനിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന ട്രൈബൽ ഉത്പന്നങ്ങൾ കേരളത്തിലെ തീരദേശ മേഖലകളിൽ വിപണനം ചെയ്യുന്നതിനും ഈ കൂട്ടായ്മ വഴിയൊരുക്കും. നടുപ്പതിയിലെ കാർഷികവിളകളെ മയിലുകളുടെ ആക്രമണത്തിൽനിന്ന് സംരക്ഷിക്കുന്നതിനായി ആലപ്പുഴയിലെ മത്സ്യതൊഴിലാളികൾ ഉപയോഗിച്ചു പഴകിയ മത്സ്യവലകൾ പുനരുപയോഗിക്കുന്ന പദ്ധതിയും ഈ സഹകരണത്തിന്റെ ഭാഗമായി നടപ്പിലാക്കും. ഒലീവിയ ഫൗണ്ടേഷൻ സിഇഒ അജിത്കുമാർ വർമ്മ അധ്യക്ഷനായ ചടങ്ങിൽ ചീഫ് പ്രോജക്ട് മാനേജർ ഗൗതം രാമകൃഷ്ണൻ പങ്കെടുത്തു.
Tags : signed. Nttuvishesham Distict news