പണി പൂര്‍ത്തിയാകാതെ കല്ലുകള്‍ ഇളകി അപകടഭീഷണിയിലായ നെന്മാറ-ഒലിപ്പാറ റോഡിന്റെ ദൃശ്യം.
നെന്മാറ: കേന്ദ്ര സര്‍ക്കാരിന്റെ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 16.5 കോടി രൂപ ചെലവില്‍ ആരംഭിച്ച 10.8 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നെന്മാറ-ഒലിപ്പാറ റോഡിന്റെ നവീകരണ പ്രവര്‍ത്തനം മൂന്ന് വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തിയാകാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. 2023ല്‍ ആരംഭിച്ച പദ്ധതി പലഘട്ടങ്ങളിലായി മുടങ്ങിയും നീണ്ടുപോയും വന്നതോടെ എപ്പോള്‍ പൂര്‍ത്തിയാകുമെന്ന കാര്യത്തില്‍ ഇപ്പോഴും യാതൊരു വ്യക്തതയും ഇല്ലാത്ത അവസ്ഥയാണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില്‍ റോഡിന്റെ ഉപരിതലം ഇളകി കല്ലുകള്‍ പുറത്തേക്ക് തെറിച്ചതോടെ ഗതാഗതം അതീവ അപകടകരമായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ച് ഇരുചക്രവാഹന യാത്രക്കാരാണ് ഏറെ ദുരിതമനുഭവിക്കുന്നത്. പണികള്‍ നിലച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ ഒലിപ്പാറ പാത ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് വിവിധ ഘട്ടങ്ങളില്‍ പ്രതിഷേധസമരങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് കരാറുകാരന് ഫെബ്രുവരി 28 നകം രണ്ടാംഘട്ട പ്രവൃത്തിയും മാര്‍ച്ച് 31 നകം മുഴുവന്‍ നവീകരണവും പൂര്‍ത്തിയാക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നുവെങ്കിലും വാഗ്ദാനം പാലിക്കപ്പെട്ടില്ല. രണ്ടാംഘട്ട പ്രവര്‍ത്തനം ഇപ്പോഴും പൂര്‍ത്തിയാകാതെ കിടക്കുകയാണ്.
അതേസമയം കഴിഞ്ഞദിവസം നിയുക്ത എംഎല്‍എ കെ. പ്രേമനുമായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ റോഡിന്റെ ദയനീയാവസ്ഥ ബോധ്യപ്പെടുത്തി. വിഷയം ഗൗരവമായി പരിഗണിക്കുമെന്നും ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയതായി ഭാരവാഹികള്‍ അറിയിച്ചു. നിയുക്ത എംഎല്‍എയുടെ ഉറപ്പില്‍ പ്രദേശവാസികളും ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളും പുതിയ പ്രതീക്ഷയിലാണ്.
Tags : The poor condition nattuvisheaham local news