തോണിക്കടവ് പാലത്തിനടുത്തുള്ള പാടങ്ങളിലെ കൂർക്കത്തല നഴ്സറികൾ.
വടക്കഞ്ചേരി: കത്തുന്ന ചൂടിന് ആശ്വാസമായി കനത്ത വേനൽമഴ ലഭിച്ചതോടെ നാട്ടിലെല്ലാം നടീൽകൃഷികൾ സജീവമായി. കൂർക്കത്തലകളുടെ പച്ചപ്പിൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ്, കല്ലേപ്പുളളി പ്രദേശങ്ങളിപ്പോൾ ഹരിതാഭമായിരിക്കുകയാണ്. റോഡിന്റെ ഇരുഭാഗത്തും വില്പനയ്ക്കുള്ള കൂർക്കത്തലകൾ പച്ചപ്പണിഞ്ഞു നിൽക്കുന്നതുകാണാനും ഏറെ ചന്തമാണ്.
കൂർക്കത്തല റെഡിയായിട്ടുണ്ട്, വിളിക്കുക എന്നെഴുതി ഫോൺ നമ്പർ ഉൾപ്പെടെ പാടത്ത് ബോർഡുകളും ഉയർന്നു തുടങ്ങി. വടക്കഞ്ചേരിയിൽ നിന്നും പുളിങ്കൂട്ടം, മഞ്ഞപ്ര വഴി മണപ്പാടം, കണക്കന്നൂർ തോണിക്കടവ് പുഴപ്പാലം വരെയുള്ള ഭാഗത്താണ് റോഡിനിരുവശവുമായി കൂർക്കയുടെ നേഴ്സറികളുള്ളത്.
അര ഏക്കറിലും ഒരു ഏക്കറിലുമായി ഇത്തരത്തിലുള്ള നിരവധി കൂർക്ക നേഴ്സറികൾ കാണാം. കൂർക്കവിത്ത് പാകി മുളപ്പിച്ചാണ് ഇവിടെ ആവശ്യത്തിനുള്ള കൂർക്കതല ഉണ്ടാക്കുന്നത്. ഒരു മൂടിന് 12 രൂപയാണ് വില. ഇതിൽ 20 മുതൽ 25 വരെ കൂർക്കത്തലയുണ്ടാകുമെന്ന് തോണിക്കടവിലെ മാണിക്യൻ പറഞ്ഞു.
കൂർക്കകൃഷിക്ക് പേരുകേട്ട നാടാണ് ജില്ലാ അതിർത്തിക്കടുത്തുള്ള ഈ പ്രദേശങ്ങൾ. മംഗലംഡാമിൽ നിന്നുള്ള മംഗലംപുഴ ഗായത്രി പുഴയുമായി സംഗമിക്കുന്നതിനടുത്തു പ്രദേശങ്ങളാണ് ഇതെല്ലാം. ഡാമിൽ നിന്നുള്ള ഇടതുകര മെയിൻകനാൽ 22 കിലോമീറ്റർ പിന്നിട്ട് അവസാനിക്കുന്നതും തോണിക്കടവിലാണ്.
ഇവിടെ ഇരുന്നൂറിലേറെ ഏക്കർ പാടത്ത് നെൽകൃഷിക്കൊപ്പം കൂർക്കകൃഷിയുമുണ്ടാകും. ഒരു പൂ മാത്രമെ ഇവിടെ നെൽകൃഷിയുള്ളൂ. മണപ്പാടം ഭാഗങ്ങളിൽ മണൽ ചേർന്ന മണ്ണായതിനാൽ കൂർക്കകൃഷിക്ക് ഉത്തമമെന്നാണ് കർഷകർ പറയുന്നത്. ഇങ്ങനെയുള്ള മണ്ണിൽ കൂർക്കക്ക് നല്ല വിളവുണ്ടാകും. പറിക്കാൻ എളുപ്പമായതിനാൽ കൂലി ചെലവും കുറയും.
താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ കൂർക്കകൃഷി ചെയ്യുന്ന പ്രദേശങ്ങളാണ് മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് മേഖലകൾ. ചൂലന്നൂർ, ചിതലി, എരിമയൂർ, പഴയന്നൂർ, കുമ്പളക്കോട്, തെക്കെപ്പൊറ്റ പ്രദേശങ്ങളിലും വലിയ തോതിൽ കൂർക്കകൃഷിയുണ്ട്. ഒന്നാംവിള നെല്ലിന് പകരം ഇവിടെ കൂർക്കകൃഷിയാണ് ചെയ്യുക. രണ്ടാംവിള മാത്രമെ ഇവിടങ്ങളിൽ പൂർണമായുള്ള നെൽകൃഷിയുള്ളു.
മംഗലംഡാം കനാലിന്റെ ഏറ്റവും വാലറ്റ പ്രദേശങ്ങളായതിനാൽ ഇവിടെ കനാൽ വെള്ളവും എത്താറില്ല. പാട്ടത്തിന് ഭൂമി എടുത്താണ് ഇവിടുത്തെ കൂർക്കകൃഷി.
കൂർക്കയുടെ വിളവെടുപ്പും ആദ്യം മണപ്പാടത്തു നിന്നു തന്നെയാണ് ആരംഭിക്കുക. ഇതിനാൽ ഉയർന്ന വിലയും കർഷകർക്ക് കിട്ടും.
Tags : The scorching nattuvisheaham local news