തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി നാളെ ആഘോഷിക്കും. താലപ്പൊലിക്കായി വില്വാദ്രിനാഥന്റെ തട്ടകം ഒരുങ്ങിക്കഴിഞ്ഞു. മധ്യകേരളത്തിലെ പൂരഘോഷങ്ങൾക്കു പരിസമാപ്തി കുറിക്കുന്ന പറക്കോട്ടുകാവ് ഭഗവതിയുടെ താലപ്പൊലിക്കായി വില്വമലയുടെ താഴ്വാരം അണിഞ്ഞൊരുങ്ങി.
പകൽപ്പൂരം താലപ്പൊലിപ്പാറയിൽ അണിനിരക്കുന്ന സമയത്തു കൂട്ടിയെഴുന്നള്ളിപ്പും പാണ്ടിമേളവും ഉണ്ടാവും. വൈകീട്ട് മൂന്നു ദേശങ്ങളുടെയും മുഴുവൻ ആനകളും താലപ്പൊലിപ്പാറയിൽ അണിനിരന്ന് കൂട്ടിയെഴുന്നള്ളിപ്പും മേളവും കുടമാറ്റവും നടത്തിയശേഷം മൂന്നാനകൾ കാവിലേക്ക് ഇറങ്ങും. പകൽപ്പൂരത്തിന്റെ ചടങ്ങുകൾ രാത്രിയിലും ആവർത്തിക്കും.
നാളെ രാവിലെ വടക്കേ കൂട്ടാല ദേവീക്ഷേത്രത്തിൽനിന്ന് പടിഞ്ഞാറ്റുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് ആരംഭിക്കും. കിഴക്കുമുറി ദേശത്തിന്റെ എഴുന്നള്ളിപ്പ് മല്ലിച്ചിറ അയ്യപ്പൻകാവിൽനിന്നും പാമ്പാടി ദേശത്തിന്റെ എഴുന്നള്ളിപ്പ് പാമ്പാടി മന്ദം ക്ഷേത്രത്തിൽനിന്നും തുടങ്ങും. പഞ്ചവാദ്യം, പൂതൻ, തിറ, വെള്ളാട്ട്, കരിവേഷം എന്നിവ അകമ്പടിയാകും.
Tags : Thiruvilvamalai nattuvisheaham local news