വ്യാപാരിയെ മർദിച്ച കേസിൽ അറസ്റ്റിലായ പ്രതികൾ
അന്പലപ്പുഴ: വ്യാപാരിയെ കടയിൽ കയറി മർദിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. ഒളിവിലായ ഒരു പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കി. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വളഞ്ഞ വഴിയൂണിറ്റംഗം ഷാക്കിറിന് മർദനമേറ്റ സംഭവത്തിലാണ് അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് വണ്ടാനം കൊല്ലംപറമ്പിൽ ജാഫർ (42), പതിനാലാം വാർഡ് വണ്ടാനം പെരുമ്പള്ളി റഫീക്ക് (37), പതിനാറാം വാർഡ് വണ്ടാനം തൈപ്പറമ്പിൽ കമ്പിവളപ്പ് ഷൗക്കത്തലി (35) എന്നിവരെ അമ്പലപ്പുഴ സിഐ എം. പ്രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് വളഞ്ഞവഴി ജംഗ്ഷനിനു സമീപം വസ്ത്ര വ്യാപാരം ചെയ്യുന്ന ഷാക്കിറിനെ നാലംഗസംഘം ഇരുമ്പുവടി ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി അതിക്രൂരമായി മർദിക്കുകയും കടയിലെ സാധനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തത്. തുടർന്ന് സിസി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികൾ അറസ്റ്റിലായത്. ഇവരെ പിന്നീട് റിമാൻഡ് ചെയ്തു.
ഷാക്കിർ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനെ ജോലിയിൽനിന്ന് പറഞ്ഞു വിട്ടിരുന്നു. തുടർന്നാണ് ഇതിന്റെ പേരിൽ കടയിൽക്കയറി അക്രമം നടത്തിയത്.