തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് നാടിന്റെ തനിമയും പാരമ്പര്യവും വിളിച്ചോതി അത്തംഘോഷയാത്ര. നൃത്തച്ചുവടുകളിലും വാദ്യമേളങ്ങളിലും വർണാഭമായ കലാരൂപങ്ങളിലുമായി നടന്ന അത്തച്ചമയത്തിന്റെ ആവേശം നഗരവീഥികളിൽ നിറഞ്ഞു.
കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മിഴിവേകുന്ന നിരവധി നാടൻ കലാരൂപങ്ങൾ ഘോഷയാത്രയ്ക്ക് മിഴിവേകി. മേളത്തിന്റെ താളത്തിൽ ചുവടുവച്ച്, വർണപ്പകിട്ടേറിയ നാടൻ കലാരൂപങ്ങൾ നിരന്ന അത്തംഘോഷയാത്ര നഗരവീഥികളിലൂടെ ഒഴുകിയെത്തിയതോടെ രാജവീഥിയുടെ ഇരുവശവും തിങ്ങിനിറഞ്ഞ ജനസഞ്ചയങ്ങൾക്ക് അത് മറക്കാനാകാത്ത ദൃശ്യവിരുന്നായി.
തെയ്യത്തിന്റെ തീക്ഷ്ണതയും തിറയുടെ ചടുലതയും പുലിക്കളിയുടെ കുസൃതിയും കോൽക്കളിയുടെ താളവഴക്കവും തനത് കലാരൂപങ്ങളുടെ മെയ് വഴക്കവും ഒത്തുചേർന്നപ്പോൾ ഘോഷയാത്ര കേരളീയ കലകളുടെ പരിഛേദമായി.
പ്രച്ഛന്നവേഷ രൂപങ്ങളും പുലിക്കളി, കുമ്മാട്ടി, കാവടിയാട്ടം, കരകാട്ടം, കോൽക്കളി, കളരിപ്പയറ്റ്, പടയണി, ഗരുഡൻ പറവ, കണ്യാർകളി, ബൊമ്മലാട്ടം, പാവകളി തുടങ്ങി നിരവധി കലാരൂപങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു. പൂക്കളങ്ങളും അലങ്കരിച്ച വാഹനങ്ങളും വൈവിധ്യമാർന്ന ദൃശ്യാവിഷ്കാരങ്ങളും ഘോഷയാത്രയുടെ ഭാഗമായി. ഓണത്തിന്റെ വരവറിയിച്ച് നാടും നഗരവും ഒരുമിച്ച് ആഘോഷത്തിലേയ്ക്ക് ചുവടു വച്ചതോടെ മലയാളത്തിന്റെ ഓണനാളുകൾക്കും ഔദ്യോഗിക തുടക്കമായി.
നിശ്ചലദൃശ്യത്തിൽ ഒന്നാമത് പാഞ്ചാലി വസ്ത്രാക്ഷേപം
അത്തച്ചമയ ഘോഷയാത്രയിൽ നിശ്ചല ദൃശ്യങ്ങളിൽ അയിരേറ്റിൽ ബ്രദേഴ്സ് അവതരിപ്പിച്ച പാഞ്ചാലി വസ്ത്രാക്ഷേപം ഒന്നാം സ്ഥാനം നേടി. ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് അവതരിപ്പിച്ച വെടിക്കെട്ട് അപകടം രണ്ടാം സ്ഥാനവും പൂണിത്തുറ ഫ്രണ്ട്സ് അവതരിപ്പിച്ച നന്മമരം മൂന്നാം സ്ഥാനവും നേടി. പൂക്കള മത്സരം ജനറൽ വിഭാഗത്തിൽ മഴവിൽ ആർട്സ് വരാപ്പുഴ ഒന്നാം സ്ഥാനവും സിസി ഗ്രൂപ്പ് പള്ളുരുത്തി രണ്ടാം സ്ഥാനവും എളമക്കര നവോദയ മൂന്നാം സ്ഥാനവും നേടി.
വെയിലിൽ പൊരിഞ്ഞ് കലാകാരന്മാരും കാണികളും
പൊരിവെയിലിൽ വാടിത്തളർന്ന് അത്തം ഘോഷയാത്രയിൽ കലാകാരന്മാരും കാണികളും. പാരമ്പര്യ അനുഷ്ഠാന കലാരൂപങ്ങൾ അവതരിപ്പിക്കുന്ന നഗ്നപാദരായി നടക്കുന്ന കലാകാരന്മാരാണ് ഏറെ വിഷമിച്ചത്. ചുട്ടുപൊള്ളുന്ന വെയിലും റോഡിലെ ടാറിന്റെ ചൂടും കൂടിയായതോടെ കലാകാരന്മാർ ഏറെ ബുദ്ധിമുട്ടിയാണ് നഗരവീഥി വലം വച്ചത്.
നിശ്ചല ദൃശ്യങ്ങളിലും മറ്റും കഥാപാത്രങ്ങളായവരുടെ ശരീരത്തിലേയ്ക്ക് കൂടെയുണ്ടായിരുന്നവർ വെള്ളം സ്പ്രേ ചെയ്തും മറ്റുമാണ് ചൂടിൽ നിന്നും രക്ഷ നേടിയത്. ഘോഷയാത്ര കാണാനെത്തിയവരിൽ 29 പേരെ തലകറക്കവും മറ്റ് ശാരീരികാസ്വാസ്ഥ്യവുമുണ്ടായതിനെ തുടർന്ന് ആംബുലൻസുകളിൽ ആശുപത്രിയിലെത്തിച്ചു.
അത്തം ഘോഷയാത്രയിൽ അണിനിരക്കാറുള്ള ഗജവീരൻമാർക്ക് പകരമായി ഘോഷയാത്രയിൽ പഴമയുടെ പ്രതീകമായി പങ്കെടുക്കാനെത്തിച്ച ഇരട്ടക്കാളകളെയും കാളവണ്ടിയെയും ഘോഷയാത്രയിൽ പങ്കെടുപ്പിച്ചില്ല. പിറവം പാമ്പാക്കുടയിൽ നിന്നും സംഘാടകരുടെ ആവശ്യപ്രകാരം ഇവയെ എത്തിച്ചത്.
ഘോഷയാത്രയുടെ തുടക്കത്തിൽ ഇവയെ പങ്കെടുപ്പിക്കാനായി ശ്രമിച്ചെങ്കിലും കാളകൾ വഴിയിൽ ചാണകമിടുന്നത് പിന്നാലെ വരുന്ന കലാകാരന്മാർക്ക് അസൗകര്യമാകുമെന്നു വന്നതോടെ ഇവയെ മാറ്റിനിർത്തുകയായിരുന്നു എന്നാൽ കാളകൾക്കൊപ്പം ഘോഷയാത്രയ്ക്കായെത്തിച്ച ആറ് കുതിരകൾ അത്തം ഘോഷയാത്രയുടെ ഭാഗമായി മാറി.