പാക്കം റോഡില്‍ തമ്പടിച്ച കാട്ടാനക്കൂട്ടം.
പുല്‍പ്പള്ളി: പാക്കം, കുറുവ വഴി ചേകാടിയിലേക്കുള്ള വാഹനയാത്ര ഏറെ അപകടകരമെന്ന് നാട്ടുകാര്‍. പകല്‍ പോലും കാട്ടാനയെ ഭയന്ന് ഇതുവഴി യാത്ര ചെയ്യാനാവുന്നില്ലെന്നാണു പ്രദേശത്തുകാരുടെ പരാതി. ഇരുചക്ര വാഹനങ്ങള്‍, ഓട്ടോ ഉള്‍പ്പെടെ മറ്റ് നിരവധി വാഹനങ്ങള്‍ക്ക് നേരേ ആനകള്‍ ചീറിയടുക്കുന്നത് പതിവായി മാറിയിക്കുകയാണ്. ഇതുവഴി ജോലിക്ക് പോകുന്നവരും തൊഴിലാളികളും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
പാളക്കൊല്ലി വഴി ചേകാടിയിലുള്ള റൂട്ടില്‍ വെട്ടത്തൂര്‍, കുണ്ടുവാടി, പൊളന്ന, വിലങ്ങാടി എന്നിവിടങ്ങളിലും പാക്കം വഴിയില്‍ കുറുവ ദ്വീപിലും പന്നിക്കലിലും ആനശല്യം രൂക്ഷമായിരിക്കുന്നത്. സന്ധ്യ കഴിഞ്ഞാല്‍ ഇതുവഴി വാഹനങ്ങള്‍ ഓട്ടം വിളിച്ചാല്‍ പോലും വരാന്‍ കഴിയാത്ത അവസ്ഥയാണ്. പാതയോരങ്ങളില്‍ ആനക്കൂട്ടങ്ങള്‍ പതിവ് കാഴ്ചയായതോടെ കുറുവ, ചേകാടി കാണാന്‍ എത്തുന്ന സഞ്ചാരികള്‍ വാഹനങ്ങള്‍ നിര്‍ത്തി ഫോട്ടോ എടുക്കുന്നത് അപകടത്തിന് കാരണമാകുന്നുണ്ട്.
ഈ റൂട്ടില്‍ വനം വകുപ്പ് വാച്ചര്‍മാരെ നിയമിച്ച് വാഹനങ്ങള്‍ക്ക് നേരേ ചീറിയടുക്കുന്ന ആനകളെ ഉള്‍വനത്തിലേക്ക് തുരത്താനാവശ്യമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags : Local News Nattuvishesham Wayanad