കൊച്ചി: ഭിന്നശേഷിക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് (യുഡിഐഡി) അപേക്ഷ നല്കി മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ട്ടിഫിക്കറ്റ് ലഭിക്കാതെ ജില്ലയില്‍ ദുരിതം നേരിടുന്നത് 1200ലേറെ പേര്. ഇതിൽ ആറ് മാസം മുതല്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നവരുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളില്‍ വൈകല്യം നിര്‍ണയിക്കുന്നതിനുള്ള മെഡിക്കല്‍ ബോര്‍ഡുകള്‍ സമയബന്ധിതമായി ചേരാത്തതാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിലെ പ്രധാന തടസം. കൃത്യമായ ഇടവേളകളില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേരുന്ന ആശുപത്രികള്‍ തീരെ കുറവാണ്. മാസങ്ങള്‍ കൂടുമ്പോള്‍ മാത്രം മെഡിക്കല്‍ ബോര്‍ഡുകള്‍ ചേരുന്ന ആശുപത്രികളുമുണ്ട്. അതേസമയം പകര്‍ച്ചവ്യാധികളുടെ കാലമായതിനാല്‍ രോഗികളുടെ എണ്ണം മൂലം ഒപികള്‍ കൈകാര്യം ചെയ്യാന്‍ തന്നെ കഴിയുന്നില്ലെന്നാണ് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ 1200നും 1300നും ഇടയിലാണ് അപേക്ഷ നല്കി കാത്തിരിക്കുന്നവരുടെ എണ്ണം.
ഏപ്രില്‍, മേയ് മാസങ്ങളില്‍ അദാലത്ത് നടത്തിയത് നിരവധി പേര്‍ക്ക് ആശ്വാസമായി. അതിനു മുമ്പ് 5000ഓളം പേരാണ് സര്‍ട്ടിഫിക്കറ്റിനായി കാത്തിരുന്നവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സംസ്ഥാനത്ത് മലപ്പുറം, എറണാകുളം ജില്ലകളിലാണ് ഏറ്റവുമധികം ഭിന്നശേഷിക്കാരുള്ളത്. ഈ ജില്ലകളിലാണ് ഏറ്റവുമധികം തീര്‍പ്പാക്കാനുള്ള അപേക്ഷകളും.
അപേക്ഷകള്‍ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച ശേഷം ഭിന്നശേഷിയുടെ തരം അനുസരിച്ചാണ് യുഡിഐഡി കാര്‍ഡും ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റും നല്‍കേണ്ടത്. ജില്ലാ, താലൂക്ക്, ജനറല്‍, മെഡിക്കല്‍ കോളജ് ആശുപത്രികളിലെ സ്പെഷലിസ്റ്റ് ഡോക്ടര്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ബോര്‍ഡുകള്‍ ചേര്‍ന്നാണ് ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് അനുവദിക്കേണ്ടത്. അസ്ഥിരോഗം, ഇഎന്‍ടി, നേത്രരോഗങ്ങള്‍, മാനസികാരോഗ്യം എന്നീ വിഭാഗങ്ങളില്‍ നിന്നുള്ളവരാണ് മെഡിക്കല്‍ ബോര്‍ഡില്‍ ഉണ്ടാവുക.
സര്‍ക്കാര്‍ നല്കുന്ന സ്കോളര്‍ഷിപ്പുകള്‍, യാത്രാ ആനുകൂല്യങ്ങള്‍, സഹായ ഉപകരണങ്ങള്‍, ഭിന്നശേഷി സംവരണം, സ്കൂളുകളില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കല്‍, വ്യക്തിഗത പഠനപദ്ധതി, പ്രത്യേക അധ്യാപക സഹായവും പഠനപിന്തുണ എന്നിവ ഉറപ്പാക്കാനും ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതുണ്ട്.
Tags : Local News Nattuvishesham Ernakulam