പാലക്കാട്: കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്കുള്ള യാത്രക്കാരുടെ പ്രവേശനം തടസപ്പെടുത്തുന്നതരത്തിലുള്ള അനധികൃത പാർക്കിംഗ് കർശനമായി തടയണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടർ തോമസ് മുൻസിപ്പൽ സെക്രട്ടറിക്കും അസിസ്റ്റന്റ് പോലീസ് സൂപ്രണ്ടിനും നിർദേശം നൽകി.
കെഎസ്ആർടിസി പരിസരത്ത് യാത്രക്കാരുടെ വിശ്രമസ്ഥലങ്ങൾ കൈയേറി അനധികൃത കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കണമെന്നും കമ്മീഷൻ ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർക്ക് നിർദേശം നൽകി. ആവശ്യമെങ്കിൽ പോലീസിന്റെ സഹായം തേടണം.
ബസ് സ്റ്റാന്‍ഡിൽ യാത്രക്കാരുടെ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട്, മുൻസിപ്പൽ സെക്രട്ടറി, ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ എന്നിവരുടെ സംയുക്ത യോഗം ജില്ലാ കളക്ടർ വിളിച്ചുചേർത്ത് ആവശ്യമായ നിർദേശങ്ങൾ നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കൂടുതൽ പരാതിയുണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് എഴുതി നൽകാവുന്നതാണെന്നും ഉത്തരവിൽ പറഞ്ഞു.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാന്‍ഡിൽ യാത്രക്കാർ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഡിടിഒ, എസിപി, മുൻസിപ്പൽ സെക്രട്ടറി എന്നിവർ റിപ്പോർട്ട് സമർപ്പിച്ചു. ബസ് സ്റ്റാന്‍ഡിന് മുന്നിൽ അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുന്നതായി അസിസ്റ്റന്റ് പോലീസ് സൂപ്രണ്ട് അറിയിച്ചു. കെഎസ്ആർടിസി സ്റ്റാൻഡിന് പിന്നിൽ മാത്രമാണ് ഓട്ടോ സ്റ്റാന്റ് അനുവദിച്ചിരിക്കുന്നതെന്ന് മുൻസിപ്പൽ സെക്രട്ടറി അറിയിച്ചു.
പ്രവേശന കവാടത്തിന് സമീപമുള്ള സ്റ്റാൾ പൊളിച്ചുനീക്കിയെന്നും സ്ഥലം കയ്യേറരുതെന്ന് സ്റ്റാൾ ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. പൊതു പ്രവർത്തകനായ മുഹമ്മദ് റാഫി സമർപ്പിച്ച പരാതിയിലാണ് നടപടി.