ശ്രീകണ്ഠപുരത്ത് വി.ഡി. സതീശൻ അനുകൂലികൾ നടത്തിയ പ്രകടനം.
ശ്രീകണ്ഠപുരം: മുഖ്യമന്ത്രി ചർച്ചകൾ നടന്നു വരുന്നതിനിടെ വി.ഡി. സതീശന് അഭിവാദ്യമർപ്പിച്ചും സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ടും സതീശൻ അനുകൂലികളായ യുഡിഎഫ് പ്രവർത്തകർ ശ്രീകണ്ഠപുരത്ത് പ്രകടനം നടത്തി. മുഖ്യമന്ത്രിയാകാൻ കെ.സി. വേണുഗോപാൽ ഇരിക്കൂറിൽ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ച് മത്സരിച്ചാൽ പരാജയപ്പെടുത്തുമെന്നും സതീശൻ അനുകൂലികൾ മുന്നറിയിപ്പ് നൽകി.
നല്ലരീതിയിൽ പ്രതിപക്ഷത്തെ നയിച്ചു കൊണ്ട് യുഡിഎഫിനെ അധികാരത്തിലെത്തിച്ച നേതാവായ സതീശനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് തഴഞ്ഞാൽ ശക്തമായി തന്നെ പ്രതികരിക്കുമെന്നും ഇവർ വ്യക്തമാക്കി. ശ്രീകണ്ഠപുരം ഹൈസ്കൂൾ പരിസരത്ത് നിന്നാരംഭിച്ച പ്രകടനം ടൗണിൽ സമാപിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസീൽ കണിയാർവയൽ, കെ.പി. ലിജേഷ്, വി.വി. സന്തോഷ്, അശ്രഫ്, പി.എം. ടോമി, കെ.സി. ജോസഫ് കൊന്നക്കൽ, എം. ബഷീർ എന്നിവർ നേതൃത്വം നൽകി.