രക്ഷിതാക്കൾക്കായി സംഘടിപ്പിച്ച സെമിനാറിൽ കെ.എം. ഷാഫി ക്ലാസ് നയിക്കുന്നു.
അങ്ങാടിപ്പുറം: സൈബർ ലോകത്തെ ചതിക്കുഴികളിലും ലഹരിക്കെണികളിലും വീഴാതെ കുട്ടികളെ ചേർത്തുപിടിക്കാൻ രക്ഷിതാക്കളുടെയും അധ്യാപകരുടെയും പൊതുസമൂഹത്തിന്റെയും കടമയാണെന്ന് പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന രക്ഷിതാക്കൾക്കായുള്ള ബോധവത്ക്കരണ സെമിനാറിൽ അഭിപ്രായമുയർന്നു.
ഇരു സെഷനിലായി നടന്ന സെമിനാറിൽ 540 രക്ഷിതാക്കൾ പങ്കാളികളായി. സീനിയർ സിവിൽ പൊലിസ് ഓഫിസർ കെ.എം. ഷാഫി പന്ത്രാല ക്ലാസുകൾക്കു നേതൃത്വം നൽകി. സ്വകാര്യ ദൃശ്യങ്ങൾ മൊബൈലിലോ മറ്റോ ഒരിക്കലും പകർത്തരുതെന്നും ഒരാൾക്കും അയച്ചുകൊടുക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യമായ ഇടങ്ങളിൽ ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക. ഫോണ്‍ നന്പർ ഒരിക്കലും പാസ്വേഡ് ആക്കരുത്. സമൂഹമാധ്യമം സ്വകാര്യമല്ലെന്നും മറ്റുള്ളവരോട് മുഖത്തുനോക്കി പറയാവുന്ന കാര്യങ്ങൾ മാത്രമേ അവിടെയും പങ്കുവയ്ക്കാവൂ എന്നും ഓർമിക്കണം. പൊതുചാർജിംഗ് സ്റ്റേഷനുകൾ വഴി മൊബൈൽ വിവരങ്ങൾ തട്ടിയെടുക്കുന്ന രീതിയെ കരുതിയിരിക്കണം. ഡേറ്റ കേബിളിനു പകരം പവർ ചാർജറുകൾ ഉപയോഗിച്ച് മാത്രം ചാർജ് ചെയ്യാം. നമുക്ക് പരിചയമുള്ള ആളുകളുടെ മുഖംവച്ച് വരുന്ന വീഡിയോ കോൾ വഴിയുള്ള തട്ടിപ്പുകളുണ്ട്. സംശയം തോന്നിയാൽ പരാതിപ്പെടാം.
പണം ആവശ്യപ്പെട്ടാൽ സത്യസന്ധമാണെന്ന് ഉറപ്പു വരുത്തി മാത്രം നൽകുക. വിദേശത്തു നിന്ന് അപരിചിതർ അയക്കുന്ന ഗിഫ്റ്റുകൾക്ക് വേണ്ടി ബാങ്ക് വിവരങ്ങളോ പണമോ നൽകരുത്. അപരിചിത സോഴ്സുകളിൽ നിന്ന് വരുന്ന ലിങ്കുകൾ ക്ലിക്ക് ചെയ്യരുത്, സംശയമുള്ള ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യരുത്. ആർബിഐ അംഗീകാരമില്ലാത്ത ഇൻസ്റ്റന്റ് വായ്പ ആപ്പുകളിൽ നിന്ന് പണമെടുക്കരുത്. പണം തിരിച്ചടച്ചാലും ഭീഷണി തുടരാം. തട്ടിപ്പ് കാളുകൾ തടയാൻ സൈബർ ഡോമിന്റെ ബി സേഫ് എന്ന ആപ് ഉപയോഗിക്കാം.
ഫോണിന്റെ കോൾ സെറ്റിംഗ്സിലും ആവശ്യമായ മാറ്റം വരുത്താം. കുട്ടികളുടെ മൊബൈൽ ഉപയോഗത്തിൽ രക്ഷിതാക്കളുടെ നിരീക്ഷണം വേണം. യൂട്യൂബ് സെറ്റിംഗ്സിൽ ജനറൽ വിഭാഗത്തിൽ റെസ്ട്രിക്റ്റഡ് മോഡ് ഓണ്‍ ചെയ്താൽ ഒരുപരിധിവരെ അശ്ലീല വീഡിയോകളും മറ്റും തടയാം. സൈറ്റുകളുടെ യുആർഎൽ സുരക്ഷിതമായ tthsp:// എന്ന രീതിയിൽ തുടങ്ങുന്നതാണെന്ന് ഉറപ്പുവരുത്തുക. സൈബർ കുറ്റകൃത്യങ്ങളിൽ പരാതി നൽകാൻ 1930 എന്ന നന്പരിൽ ബന്ധപ്പാം. കെ.എം. ഷാഫി പന്ത്രാല രക്ഷിതാക്കളെ ഓർമിപ്പിച്ചു. പിടിഎ പ്രസിഡന്റ് ജോയ്സി വാലോലിക്കൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ജി. ലിറ്റി തെരേസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ മനോജ് വീട്ടുവേലിക്കുന്നേൽ, പിടിഎ എക്സിക്യൂട്ടീവ് അംഗം കെ.ടി. നാരായണൻ എന്നിവർ പ്രസംഗിച്ചു.