പ്രതീകാത്മക ചിത്രം
ചാത്തന്നൂര്‍: കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിലെ വേളമാനൂരില്‍ എം.സി.എഫ് (മാലിന്യ സംഭരണ കേന്ദ്രം) ഒരുങ്ങുന്നു. പഞ്ചായത്തിലെ 24 വാര്‍ഡുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം റോഡരികില്‍ ചാക്കില്‍ കെട്ടി തള്ളുന്ന അവസ്ഥയാണ് നിലവില്‍. ഹരിതകര്‍മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ വസ്തുക്കള്‍ നടയ്ക്കലിലെ എംസിഎഫിലാണ് എത്തിക്കുന്നത്.
ഓരോ മാസവും 25 ടണ്‍ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുന്നുണ്ട്. ഇവ തരം തിരിക്കാനും സൂക്ഷിക്കാനും നിലവിലുള്ള രണ്ടു എംസിഎഫുകള്‍ പര്യാപ്തമല്ല. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റോഡരികിലും തുറസായ സ്ഥലങ്ങളിലുമാണ് സംഭരിച്ചിരുന്നത്. മഴയും വെയിലും സഹിച്ചാണ് ഹരിതകര്‍മ സേനാംഗഗങ്ങള് മാലിന്യങ്ങള്‍ തരംതിരിയുന്നത്.
ഇതിന് പരിഹാരം എന്ന നിലയിലാണ് വേളമാനൂര്‍ മാര്‍ക്കറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്തിന്റെ ഭൂമിയില്‍ മാര്‍ക്കറ്റിന് സമീപം കാട് പിടിച്ചുകിടക്കുന്ന സ്ഥലത്ത് എംസിഎഫ് നിര്‍മിക്കാന്‍ പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കുന്നത്. പഞ്ചായത്ത് ജനറല്‍ കമ്മിറ്റി അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കും. ഇതിനിടെ, എംസിഎഫ് സ്ഥാപിക്കാനുള്ള ആലോചനയില്‍ പ്രതിഷേധിച്ച് ബിജെപിയും പ്രാദേശവാസികളും രംഗതെത്തി.
പ്ലാസ്റ്റിക് ശേഖരണ കേന്ദ്രത്തിന്റെ പേരില്‍ കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തിനെതിരെ വരുന്ന വാര്‍ത്തയും സോഷ്യല്‍ മീഡിയ പോസ്റ്റുകളും അടിസ്ഥാന രഹിതമാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. വിജയന് പറഞ്ഞു. വേളമാനൂര്‍ മാര്‍ക്കറ്റിന് സമീപത്തായി ഹരിതകര്‍മസേനയ്ക്ക് എംസിഎഫിന് ആവശ്യമായ സ്ഥലം ലഭ്യമാണെന്ന് പറഞ്ഞത് ബിജെപി. അംഗമാണ്.
അദ്ദേഹവുമായി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിയിലും ജനറല്‍ കമ്മിറ്റിയിലും ചര്‍ച്ചകള്‍ നടത്തി തീരുമാനം എടുത്തത്. ഇപ്പോള്‍ എംസിഎഫിനെതിരെ ബിജെപി രംഗത്ത് വന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും പ്രസിഡന്റ് വ്യക്തമാക്കി.