പ്രതീകാത്മക ചിത്രം
കൽപ്പറ്റ: കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പ്രാദേശിക കാലാവസ്ഥാ കർമ പദ്ധതി തയാറാക്കുന്നതിനായി ജില്ലയിലെ വൈത്തിരി, തിരുനെല്ലി, പുൽപ്പള്ളി പഞ്ചായത്തുകളിൽ കാർഷിക, കന്നുകാലി വികസന മേഖലകളെ കേന്ദ്രീകരിച്ച് സംഘടിപ്പിച്ച ഫോക്കസ് ഗ്രൂപ്പ് ചർച്ചകളും ശിൽപശാലകളും വിജയകരമായി സമാപിച്ചു.
വൈത്തിരി, പുൽപ്പള്ളി, തിരുനെല്ലി പഞ്ചായത്തുകളുടെയും ഹയൂം സെന്ററിന്റെയും സഹകരണത്തോടെയാണ് പരിപാടികൾ സംഘടിപ്പിച്ചത്. "നമുക്കൊരുമിച്ചിരിക്കാം കാർഷിക, കന്നുകാലി വികസന ശിൽപശാല' എന്ന പ്രമേയത്തിൽ നടന്ന ചർച്ചയോടെ മൂന്ന് പഞ്ചായത്തുകളിലെയും പരിപാടികൾ പൂർണമായി.
കാലാവസ്ഥാ വ്യതിയാനം കൃഷിയെയും കന്നുകാലി വളർത്തലിനെയും എങ്ങനെ ബാധിക്കുന്നു എന്ന് മനസിലാക്കുക, കർഷകരുടെ അനുഭവങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തുക, പ്രാദേശികമായി സാധ്യമായ പരിഹാര മാർഗങ്ങൾ കണ്ടെത്തുക, പഞ്ചായത്ത് തലത്തിൽ പ്രാദേശിക കാലാവസ്ഥാ കർമ പദ്ധതി തയാറാക്കുന്നതിന് വിവരങ്ങൾ ശേഖരിക്കുക എന്നിവയായിരുന്നു ശിൽപശാലകളുടെ ലക്ഷ്യം. കർഷകർ, കർഷക ഉത്പാദക സംഘടനകളുടെ പ്രതിനിധികൾ, കൃഷി ഭവൻ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, കുടുംബശ്രീ പ്രതിനിധികൾ, സേവന സംഘടനകളുടെ പ്രതിനിധികൾ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പങ്കാളികൾ ചർച്ചകളിൽ പങ്കെടുത്തു. മൂന്ന് പഞ്ചായത്തുകളിലായി നടന്ന ചർച്ചകളിൽ കാലാവസ്ഥാ വ്യതിയാനം കൃഷിയിലും കന്നുകാലി വളർത്തലിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് കർഷകർ വിശദമായി അനുഭവങ്ങൾ പങ്കുവച്ചു. ചൂട് വർധിക്കുന്നത്, ക്രമരഹിതമായ മഴ, മണ്സൂണ് വൈകൽ, കനത്ത മഴ, ദീർഘമായ വരൾച്ച, ശക്തമായ കാറ്റ്, ആലിപഴ വർഷം തുടങ്ങിയ കാലാവസ്ഥാ മാറ്റങ്ങൾ കൃഷിയെയും കർഷകരുടെ ഉപജീവനത്തെയും ഗണ്യമായി ബാധിച്ചിട്ടുണ്ടെന്ന് പങ്കാളികൾ ചൂണ്ടിക്കാട്ടി.
വിളവ് കുറയൽ, വിളനാശം, കീടരോഗ ബാധകൾ വർധിക്കൽ, മണ്ണിന്റെ ഫലഭൂയിഷ്ഠത കുറയൽ, ജല സ്രോതസുകൾ വറ്റൽ, ഭൂഗർഭജല ശോഷണം, വന്യജീവി സംഘർഷം വർധിക്കൽ തുടങ്ങിയ പ്രശ്നങ്ങൾ എല്ലാ പഞ്ചായത്തുകളിലും പൊതുവായി ഉയർന്നുവന്നു. കന്നുകാലി മേഖലയിൽ ചൂട് സമ്മർദംമൂലം പാലുത്പാദനം കുറയൽ, പ്രത്യുത്പാദന ക്ഷമത കുറയൽ, പുതിയ രോഗങ്ങളുടെ വ്യാപനം, കാലിത്തീറ്റയുടെയും കുടിവെള്ളത്തിന്റെയും ലഭ്യത കുറയൽ, തീറ്റയുടെ വില വർധന, കന്നുകാലി മരണനിരക്ക് വർധന തുടങ്ങിയ പ്രശ്നങ്ങളും കർഷകർ വിശദീകരിച്ചു. ചർച്ചകളിലൂടെ സ്വരൂപിച്ച പ്രശ്നങ്ങളും പരിഹാര നിർദേശങ്ങളും ഓരോ പഞ്ചായത്തിനെയും ഉൾപ്പെടുത്തി കർമപദ്ധതി രൂപപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘാടകർ അറിയിച്ചു. വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് കെ. രാജൻ, പുൽപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, തിരുനെല്ലി പഞ്ചായത്ത് പ്രസിഡന്റ് അഞ്ജു ബാലൻ എന്നിവർ ശിൽപശാലകൾ ഉദ്ഘാടനം ചെയ്തു.
Tags : District News Nattuvishesham Workshop Agricultural Livestock Climate Change