1. മരിച്ച അമൽ. 2. പരിക്കേറ്റ അർജുൻ.
ഉദയംപേരൂർ: ഉദയംപേരിൽ ബസിൽ സ്കൂട്ടറിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ഇവരിൽ നിന്ന് മയക്കുമരുന്നും കണ്ടെടുത്തു. ഉദയനാപുരം ഇത്തിപ്പുഴ ഭാഗം കുറ്റിവേലിത്തറ വീട്ടിൽ അമലാ(26) ണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ തലയോലപ്പറമ്പ് കുലശേഖരമംഗലം ഇടവട്ടം വാളോർമംഗലത്ത് വീട്ടിൽ അർജുന്റെ (29) കൈയിൽ നിന്നാണ് കഞ്ചാവും എംഡിഎംഎയും പിടികൂടിയത്.
അപകടത്തിൽപ്പെട്ടവരെ തൃപ്പൂണിത്തു താലൂക്ക് അശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ നടത്തിയ പരിശോധനയിൽ മരിച്ച യുവാവിന്റെ പക്കൽ മയക്കുമരുന്ന് കണ്ടെത്തിയതായി പറയുന്നു. വിവരം പോലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പരിക്കേറ്റ അർജുന്റെ പക്കൽ നിന്നും 9.7ഗ്രാം കഞ്ചാവും കവറുൾപ്പെടെ ആറ് ഗ്രാമോളം എംഡിഎംഎയും കണ്ടെത്തുകയായിരുന്നു. പിന്നീട് അർജുനെ കളമശേരി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി.
ഉദയംപേരൂർ മാങ്കായിക്കവലയ്ക്കടുത്ത് ഇന്നലെ ഉച്ചകഴിഞ്ഞ് 2.30 ഓടെയായിരുന്നു അപകടം. സ്വകാര്യ ബസിനെ മറികടക്കവേ ബസിൽ തട്ടിയ സ്കൂട്ടറും യാത്രക്കാരും റോഡിലടിച്ചു വീണ് മീറ്ററുകളോളം ദൂരത്തിൽ ഉരഞ്ഞു നീങ്ങുകയായിരുന്നു. മരിച്ച അമൽ കൊലക്കേസിലെ പ്രതിയാണെന്നും പോലീസ് പറഞ്ഞു. അപകടത്തിൽ ഉദയംപേരൂർ പോലീസും മയക്കുമരുന്ന് പിടികൂടിയതിൽ ഹിൽപാലസ് പോലീസും കേസെടുത്തിട്ടുണ്ട്.
Tags : Local News Nattuvishesham Ernakulam