കോതമംഗലം: വളവിൽ വീശിയെടുത്ത സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ച് വീണ് കന്യാസ്ത്രീക്ക് ഗുരുതരപരിക്ക്. അഗതികളുടെ സഹോദരിമാരുടെ സന്യാസിനി സമൂഹം (എസ്ഡി) കോതമംഗലം സെന്റ് വിന്‍സന്റ് പ്രോവിന്‍സ് അംഗം സിസ്റ്റര്‍ ഹെയ്സ്ലെറ്റി(56) നാണ് ഗുരുതര പരിക്കേറ്റത്. ഇന്നലെ രാവിലെ 8.20 ഓടെ കോഴിപ്പിള്ളി ഗവ. എല്‍പി സ്കൂളിന് സമീപത്തെ വളവിലായിരുന്നു അപകടം. ബസ് ജീവനക്കാര്‍ വാഹനത്തിന്റെ ഡോര്‍ അടക്കാത്തതാണ് അപകടത്തിനിടയാക്കിയതെന്നാണ് ആക്ഷേപം.
വാഴക്കുളത്ത് നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസില്‍ എസ്ഡി പ്രോവിന്ഷ്യല് ഹൗസിന് സമീപത്തുള്ള ബോയ്സ് ടൗണ്‍ സ്റ്റോപ്പില്‍ നിന്നുമാണ് സിസ്റ്റര്‍ കയറിയത്. തൊട്ടടുത്ത സ്റ്റോപ്പായ പോത്താനിക്കാടിന് തിരിയുന്ന കവലയില്‍ ആളെ ഇറക്കി കയറ്റിയ ശേഷം ഏതാനും മീറ്റര്‍ മുന്നോട്ടെത്തിയപ്പോഴാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ് അബോധാവസ്ഥയിലായ സിസ്റ്ററെ ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് തൊട്ടു പിന്നാലെയെത്തിയ കാറില്‍ കോതമംഗലം സെന്റ് ജോസഫ് ധര്‍മഗിരി ആശുപത്രിയില്‍ എത്തിച്ചു. തലയ്ക്കേറ്റ പരിക്ക് ഗുരുതരമായതില്‍ വിദഗ്ദ്ധ ചികിത്സക്കായി ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണം ചെയ്യുന്നതേയുള്ളുവെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
അധ്യാപികയായിരുന്ന സിസ്റ്റര്‍ ഹെയ്സ്ലെറ്റ് ഊന്നുകല്‍ ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ നിന്നും കഴിഞ്ഞ അധ്യയന വര്‍ഷം അവസാനമാണ് വിരമിച്ചത്. രാജപുരം പുത്തേട്ട് കുടുംബാംഗമാണ്. ഇന്നലെ മുവാറ്റുപുഴ നെസ്റ്റ് പാസ്റ്ററല്‍ സെന്ററില്‍ ഒരു യോഗത്തിൽ പങ്കെടുക്കാനായി പോകുന്നതിനിടയിലാണ് അപകടം. കോതമംഗലം പോലീസ് കേസെടുത്തു.
Tags : Local News Nattuvishesham Ernakulam