പത്തനംതിട്ട: പന്തളത്ത് യുവാക്കളെ പൊലിസ് അകാരണമായി മർദിച്ചതായി പരാതി. ഓണാഘോഷത്തിനിടയിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ പൊലിസ് ജീപ്പ് ഉപയോഗിക്കാൻ ആവശ്യപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് യുവാക്കളെ പന്തളം പൊലിസ് ഉദ്യോഗസ്ഥർ മർദിച്ചതെന്നാണ് പരാതി.
പന്തളം മങ്ങാരം കോടാലിപ്പറമ്പിൽ വിട്ടിൽ എസ്. ഷിഫാസി( 23) നെയും സുഹൃത്തുക്കളെയുമാണ് പൊലിസ് മർദിച്ചതായി പരാതി ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ 30ന് വൈകുന്നേരം 6.30ന് പന്തളം ചേരിക്കലിനടുത്ത് ഓണാഘോഷത്തിനിടെ സംഘർഷമുണ്ടാവുകയും ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവമറിഞ്ഞ് ഷിഫാസും സുഹൃത്തുക്കളും സ്ഥലത്തെത്തിയപ്പോൾ റോഡിൽ ചിലർ പരിക്കേറ്റ് കിടക്കുന്നതു കണ്ടു. പൊലിസ് ഉദ്യോസ്ഥരും നിരവധി നാട്ടുകാരും അവിടെയുണ്ടായിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വാഹനങ്ങൾ ലഭിക്കാതെ വന്നപ്പോൾ സ്ഥലത്തുണ്ടായിരുന്ന പൊലിസ് ജീപ്പിൽ കൊണ്ടു പോകരുതോ എന്ന് ഷിഫാസ് ഉദ്യോഗസ്ഥരോടു ചോദിച്ചു. ഉടനെ രാജേഷ് എന്ന അഡീഷണൽ എസ്ഐ ദേഷ്യപ്പെട്ടതായി ഷിഫാസ് പറഞ്ഞു. രാത്രി 10 ഓടെ പന്തളം ടൗണിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിന്ന തന്നെയും സുഹൃത്തുക്കളെയും പൊലിസ് ജീപ്പിലെത്തിയ രാജേഷ്, സഞ്ജയൻ എന്നീ അഡീഷണൽ എസ്ഐമാരും മറ്റൊരു പൊലിസുകാരനും ചേർന്ന് മർദിച്ചെന്നും ജീപ്പിൽ കയറ്റി സ്റ്റേഷനിലെത്തിച്ചതായും ഷിഫാസ് പത്രസമ്മേളനത്തിൽ ആരോപിച്ചു.
തുടർന്ന് ഷിഫാസിനെയും കൂട്ടുകാരെയും സംഘർഷത്തിൽ പ്രതിയാക്കാൻ ശ്രമമുണ്ടായി. സംഘർഷ സ്ഥലത്തെ വിഡിയോ റെക്കോർഡിംഗ് പരിശോധിച്ചപ്പോൾ അവർ ഉൾപ്പെട്ടിട്ടില്ല എന്ന് മനസിലാക്കി രാത്രി 2.30 ഓടെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.
പിറ്റേന്ന് അതിശക്തമായ ശരീര വേദനയും മൂത്രതടസവും ഉണ്ടായതിനേത്തുടർന്ന് അടൂർ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി.
ഷിഫാസിനു പരിക്കേറ്റത് പൊലിസ് അതിക്രമത്തിലാണെന്ന് പറഞ്ഞെങ്കിലും അഡ്മിറ്റ് ചെയ്യാൻ ഡോക്ടർ തയാറായില്ല. തുടർന്ന് പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ അഡ്മിറ്റ് ആയി ചികിത്സ തേടുകയായിരുന്നു. പൊലിസ് മർദനം സംബന്ധിച്ച് ജില്ലാ പൊലിസ് മേധാവിക്ക് പരാതി നൽകിയെങ്കിലും ഇതേവരെ അന്വേഷണം നടത്തിയിട്ടില്ലെന്ന്ഷിഫാസ് പറഞ്ഞു.
പൊലിസ് മർദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ലഭ്യമാണന്നും മർദിച്ച ഉദ്യോഗസ്ഥർക്കെതിരേ സ്വകാര്യ അന്യായവും നഷ്ടപരിഹാരത്തിന് കേസും നൽകാൻ തയാറെടുക്കുകയാണന്നും ഷിഫാസ് പറഞ്ഞു.
അഡ്വ. എൻ. മുഹമ്മദ് അസാരി, ഷിഫാസിന്റെ ബന്ധു എം. സജീസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham Districtnews Deepikanews Youths allege