x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

29
APR
2026

അ​​സ്ഥി​​കൂ​​ടം ചു​​മ​​ക്കു​​ന്ന ‘അ​​സ്ഥി​​കൂ​​ട​​ങ്ങ​​ൾ’

Editorial Audio


Published: April 29, 2026 12:00 AM IST | Updated: April 29, 2026 12:00 AM IST

ഏ​​താ​​നും ദി​​വ​​സ​​ങ്ങ​​ൾ​​ക്കു​ മു​​ന്പാ​​ണ്, ജി​​തു മു​​ണ്ട എ​​ന്ന ഒ​​ഡീ​​ഷ​​ക്കാ​​ര​​ൻ, എ​​ട്ടു പ​​തി​​റ്റാ​​ണ്ടു പ​​ഴ​​ക്ക​​മു​​ള്ള സ്വ​​ത​​ന്ത്ര ഇ​​ന്ത്യ​​യു​​ടെ അ​​ഴു​​കി​​യ വി​​ക​​സ​​ന​​ബാ​​ക്കി കു​​ഴി​​മാ​​ന്തി​​യെ​​ടു​​ത്ത​​ത്. അ​​തി​​രാ​​വി​​ലെ ശ്മ​​ശാ​​ന​​ത്തി​​ലെ​​ത്തി​​യ അ​​യാ​​ൾ, മൂ​​ന്നു​മാ​​സം മു​​ന്പ് സം​​സ്ക​​രി​​ച്ച സ​​ഹോ​​ദ​​രി കാ​​ക്ര​​യു​​ടെ മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ത്തു. അ​​ഴു​​കി​​ത്തീ​​ർ​​ന്നി​​ട്ടി​​ല്ലാ​​ത്ത ഭാ​​ഗ​​ങ്ങ​​ൾ ഒ​​രു ചാ​​ക്കി​​ൽ ക​​യ​​റ്റി മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള ബാ​​ങ്കി​​ലേ​​ക്കു ന​​ട​​ന്നു. കൊ​​ടും​ചൂ​​ടാ​​ണെ​​ങ്കി​​ലും ഉ​​ടു​​പ്പു​​മി​​ല്ല, ചെ​​രി​​പ്പു​​മി​​ല്ല. വി​​യ​​ർ​​ത്തൊ​​ഴു​​കി അ​​സ്ഥി​​കൂ​​ട​​വും ചു​​മ​​ന്നെ​​ത്തി​​യ ആ ​​ഗോ​​ത്ര​​വാ​​സി​​യെ ക​​ണ്ട് ബാ​​ങ്കി​​ലു​​ണ്ടാ​​യി​​രു​​ന്ന, കോ​​ട്ടും സൂ​​ട്ടു​​മ​​ണി​​ഞ്ഞ ന​​ഗ​​ര​​വാ​​സി​​ക​​ൾ ന​​ടു​​ങ്ങി​​പ്പോ​​യി. സ​​ഹോ​​ദ​​രി​​യു​​ടെ അ​​ക്കൗ​​ണ്ടി​​ൽ 19,300 രൂ​​പ ബാ​​ക്കി​​യു​​ണ്ട്. കാ​​ക്ര​​യു​​ടെ ഭ​​ർ​​ത്താ​​വും മ​​ക​​നും മ​​രി​​ച്ച​​തി​​നാ​​ൽ ജി​​തു​​വാ​​ണ് അ​​ന​​ന്ത​​രാ​​വ​​കാ​​ശി. പ​​ക്ഷേ, ബാ​​ങ്കി​​നു ചി​​ട്ട​​ക​​ളു​​ണ്ട്. ഒ​​ന്നു​​കി​​ൽ അ​​ക്കൗ​​ണ്ട് ഉ​​ട​​മ വ​​ര​​ണം. അ​​ല്ലെ​​ങ്കി​​ൽ അ​​ന​​ന്ത​​രാ​​വ​​കാ​​ശ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​ണം. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങി​​യെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ സ​​ങ്കീ​​ർ​​ണ​​ത​​യേക്കാ​​ൾ എ​​ളു​​പ്പം കു​​ഴി​​മാ​​ന്തി ശ​​വ​​മെ​​ടു​​ക്കു​​ന്ന​​താ​​ണെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നു തോ​​ന്നി. അ​​സ്ഥി​​കൂ​​ടം ബാ​​ങ്കി​​ലെ​​ത്തി​​ച്ചു. ബാ​​ക്കി പ​​റ​​യും​​മു​​ന്പ്, ഉ​​ത്ത​​ര​​മി​​ല്ലാ​​ത്ത ആ ​​ചോ​​ദ്യം ത​​ട​​സ​​പ്പെ​​ടു​​ത്തു​​ന്നു; “ആ​​രു​​ടേ​​താ​​ണ് ഇ​​ന്ത്യ‍?”

ന​​മു​​ക്കി​​തി​​നെ ര​​ണ്ടു രീ​​തി​​യി​​ൽ സ​​മീ​​പി​​ക്കാം. ഒ​​ന്ന്, ഒ​​ഡീ​​ഷ​​യി​​ലെ ഒ​​രു ദ​​രി​​ദ്ര-​​ഗോ​​ത്ര​​വാ​​സി, ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞ​​തു മ​​ന​​സി​​ലാ​​ക്കാ​​നു​​ള്ള ബോ​​ധം​പോ​​ലു​​മി​​ല്ലാ​​തെ സ​​ഹോ​​ദ​​രി​​യു​​ടെ അ​​സ്ഥി​​കൂ​​ട​​വും ചു​​മന്നു​​കൊ​​ണ്ട് വ​​ന്നി​​രി​​ക്കു​​ന്നു. ര​​ണ്ട്, ഒ​​രു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് സം​​ഘ​​ടി​​പ്പി​​ക്കാ​​ൻ ​പോ​​ലു​​മു​​ള്ള വി​​ദ്യാ​​ഭ്യാ​​സ​​മി​​ല്ലാ​​ത്ത​​വ​​രും, അ​​ല്ലെ​​ങ്കി​​ൽ ഉ​​ദ്യോ​​ഗ​​സ്ഥ ദു​​ഷ്പ്ര​​ഭു​​ത്വ​​ത്തി​​ൽ​​നി​​ന്ന് അ​​തു നേ​​ടി​​യെ​​ടു​​ക്കു​​ന്ന​​തി​​ന്‍റെ പ്രാ​​യോ​​ഗി​​ക​​ ബു​​ദ്ധി​​മു​​ട്ട് സ​​ഹി​​ക്കാ​​നാ​​കാ​​ത്ത​​വ​​രും, തു​​ച്ഛ​​മാ​​യൊ​​രു തു​​ക​​യ്ക്കു​​വേ​​ണ്ടി അ​​ഴു​​കി​​യ മൃ​​ത​​ദേ​​ഹം​​പോ​​ലും തോ​​ളി​​ലേ​​റ്റാ​​ൻ മ​​ടി​​യി​​ല്ലാ​​ത്ത​​വ​​രു​​മാ​​യ നി​​ര​​വ​​ധി ദ​​രി​​ദ്ര​​ർ രാ​​ജ്യ​​ത്തു​​ണ്ട്. ഏ​​താ​​ണു ശ​​രി​​യെ​​ന്ന് ഓ​​രോ​​രു​​ത്ത​​ർ​​ക്കും താ​​ന്താ​​ങ്ങ​​ളു​​ടെ രാ​​ഷ്‌​​ട്രീ​​യ​​മ​​നു​​സ​​രി​​ച്ചു നി​​ശ്ച​​യി​​ക്കാം. റി​​പ്പോ​​ർ​​ട്ടു​​ക​​ള​​നു​​സ​​രി​​ച്ച്, ജി​​തു​​വി​​ന്‍റെ സ​​ഹോ​​ദ​​രി കാ​​ക്ര മു​​ണ്ട മ​​രി​​ച്ച​​ത് ജ​​നു​​വ​​രി 26ന് ​​റി​​പ്പ​​ബ്ലി​​ക് ദി​​ന​​ത്തി​​ലാ​​ണ്. ഉ​​ദ​​ര​​രോ​​ഗ​​ത്താ​​ൽ വ​​ല​​ഞ്ഞി​​രു​​ന്ന അ​​വ​​ർ ചി​​കി​​ത്സ​​യ്ക്കോ മ​​റ്റോ സ്വ​​ന്തം കാ​​ള​​യെ വി​​റ്റ വ​​ക​​യി​​ൽ കി​​ട്ടി​​യ 19,000 രൂ​​പ (പെ​​ൻ​​ഷ​​ൻ ല​​ഭി​​ച്ച​​തെ​​ന്ന് ചി​​ല റി​​പ്പോ​​ർ​​ട്ടു​​ക​​ൾ) ബാ​​ങ്കി​​ൽ നി​​ക്ഷേ​​പി​​ച്ചി​​രു​​ന്നു. മ​​രി​​ക്കും​​മു​​ന്പ് അ​​വ​​ർ അ​​തു ജി​​തു​​വി​​നോ​​ടു പ​​റ​​ഞ്ഞി​​രു​​ന്നു. കാ​​ക്ര​​യ്ക്ക് മ​​റ്റാ​​രു​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ജി​​തു ബാ​​ങ്കി​​നെ സ​​മീ​​പി​​ച്ചു. പ​​ല​​ത​​വ​​ണ ബാ​​ങ്കി​​ലെ​​ത്തി​​യെ​​ങ്കി​​ലും ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സാ​​ങ്കേ​​തി​​ക​​ത്വം പ​​റ​​ഞ്ഞ് അ​​ദ്ദേ​​ഹ​​ത്തെ തി​​രി​​ച്ച​​യ​​ച്ചു.

ച​​രി​​ത്ര​​സം​​ഭ​​വം വാ​​ർ​​ത്ത​​യാ​​യ​​തോ​​ടെ സാ​​ങ്കേ​​തി​​ക​​ത്വ​​മെ​​ല്ലാം മാ​​റ്റി​​വ​​ച്ച് ബാ​​ങ്ക് ജി​​തു​​വി​​നു പ​​ണം കൊ​​ടു​​ത്തു. ഒ​​ഡീ​​ഷ റ​​വ​​ന്യു മ​​ന്ത്രി സു​​രേ​​ഷ് പൂ​​ജാ​​രി ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ മ​​നു​​ഷ്യ​​ത്വ​​മി​​ല്ലാ​​ത്ത ന​​ട​​പ​​ടി​​യെ വി​​മ​​ർ​​ശി​​ക്കു​​ക​​യും ചെ​​യ്തു. ബാ​​ങ്കി​​ന്‍റേ​​തു ന​​ട​​പ​​ടി​​ക്ര​​മ​​മാ​​ണെ​​ന്നും, ഇ​​തേ ബാ​​ങ്കു​​ക​​ൾ മ​​റ്റു ചി​​ല​​ർ​​ക്ക് കാ​​ർ​​ക്ക​​ശ്യ​​മി​​ല്ലാ​​തെ കോ​​ടാ​​നു​​കോ​​ടി രൂ​​പ ‘വാ​​യ്പ’ കൊ​​ടു​​ക്കു​​മെ​​ന്നും അ​​തി​​ൽ വ​​ലി​​യൊ​​രു പ​​ങ്ക് കി​​ട്ടാ​​ക്ക​​ട​​മാ​​യി എ​​ഴു​​തി​​ത്ത​​ള്ളു​​മെ​​ന്നും മ​​ന്ത്രി​​ക്ക് അ​​റി​​യാ​​ത്ത​​ത​​ല്ല. ന​​മ്മു​​ടെ സി​​സ്റ്റം അ​​ങ്ങ​​നെ​​യാ​​ണ്. അ​​തു​​കൊ​​ണ്ടാ​​ണ്, ഒ​​ഡീഷ​​യി​​ൽ​​ത്ത​​ന്നെ 2016ൽ ​​ദാ​​നാ മാ​​ഞ്ചി എ​​ന്ന ഗോ​​ത്ര​​വ​​ർ​​ഗ​​ക്കാ​​ര​​ന് ആം​​ബു​​ല​​ൻ​​സി​​നു കൊ​​ടു​​ക്കാ​​ൻ പ​​ണ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഭാ​​ര്യ​​യു​​ടെ മൃ​​ത​​ദേ​​ഹ​​ം തോ​​ളി​​ലി​​ട്ട് 60 കി​​ലോ​​മീ​​റ്റ​​ർ അ​​ക​​ലെ​​യു​​ള്ള വീ​​ട്ടി​​ലേ​​ക്കു മ​​ക​​ൾ​​ക്കൊ​​പ്പം ന​​ട​​ക്കേ​​ണ്ടിവ​​ന്ന​​ത്. മൃ​​ത​​ദേ​​ഹം ചു​​മ​​ക്കു​​ന്ന​​തി​​ൽ​​നി​​ന്ന് അ​​സ്ഥി​​കൂ​​ടം ചു​​മ​​ക്കു​​ന്ന​​തി​​ലേ​​ക്കാ​​ണ് ചി​​ല സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ പു​​രോ​​ഗ​​തി. ക​​ഴി​​ഞ്ഞ ഒ​​ന്ന​​ര പ​​തി​​റ്റാ​​ണ്ടി​​നി​​ടെ 41.5 കോ​​ടി ഇ​​ന്ത്യ​​ക്കാ​​ർ ദാ​​രി​​ദ്ര്യ​​രേ​​ഖ​​യി​​ൽ​​നി​​ന്നു പു​​റ​​ത്തു ക​​ട​​ന്നെ​​ന്ന് ക​​ഴി​​ഞ്ഞ വ​​ർ​​ഷം യു​​എ​​ൻ റി​​പ്പോ​​ർ​​ട്ട് ഉ​​ണ്ടാ​​യി​​രു​​ന്നു. പ​​ക്ഷേ, ജി​​തു മു​​ണ്ട​​യെ​​യും ദാ​​നാ മാ​​ഞ്ചി​​യെ​​യും​​പോ​​ലു​​ള്ള ആ​​ദി​​വാ​​സി-​​ദ​​ളി​​ത്-​​ദ​​രി​​ദ്ര ജ​​ന​​കോ​​ടി​​ക​​ൾ ഇ​​തൊ​​ന്നും അ​​റി​​യു​​ന്നു​​പോ​​ലു​​മി​​ല്ല.

ജി​​തു മു​​ണ്ടെ​​യു​​ടെ നാ​​ട് കെ​​യോ​​ഞ്ജ​​ർ ജി​​ല്ല​​യി​​ലാ​​ണ്. ഒ​​ഡീ​​ഷ മു​​ഖ്യ​​മ​​ന്ത്രി മോ​​ഹ​​ൻ ച​​ര​​ൺ മാ​​ജി​​യു​​ടെ മാ​​തൃ​​ജി​​ല്ല. മ​​ന​​സി​​ലാ​​യി​​ല്ലെ​​ങ്കി​​ൽ ഒന്നുകൂ​​ടി പ​​റ​​യാം; ഇ​​തേ ജി​​ല്ല​​യി​​ലെ മ​​നോ​​ഹ​​ർ​​പു​​രി​​ലാ​​ണ് 1999ൽ ​​കു​​ഷ്‌​​ഠ​​രോ​​ഗി​​ക​​ൾ​​ക്കും ആ​​ദി​​വാ​​സി​​ക​​ൾ​​ക്കു​​മി​​ട​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന ക്രി​​സ്ത്യ​​ൻ മി​​ഷ​​ന​​റി ഗ്ര​​ഹാം സ്റ്റെ​​യി​​ൻ​​സി​​നെ​​യും ഫി​​ലി​​പ്, തി​​മോ​​ത്തി എ​​ന്നീ ര​​ണ്ടു മ​​ക്ക​​ളെ​​യും ഹി​​ന്ദു​​ത്വ​​വാ​​ദി​​ക​​ൾ ജീ​​പ്പി​​ലി​​ട്ട് ജീ​​വ​​നോ​​ടെ ചു​​ട്ടു​​കൊ​​ന്ന​​ത്. ഇ​​ത​​ര​​മ​​ത​​വി​​ദ്വേ​​ഷ​​ത്താ​​ൽ കൊ​​ല്ലാ​​നി​​റ​​ങ്ങി​​യ​​വ​​ർ​​ക്ക് പ​​ക്ഷേ, സ്വ​​മ​​ത​​ത്തി​​ന്‍റെ പേ​​രി​​ൽ​​പോ​​ലും ആ​​രെ​​യും ര​​ക്ഷി​​ക്കാ​​ൻ ബാ​​ധ്യ​​ത​​യി​​ല്ല! പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളാ​​യ ബി​​ജെ​​ഡി​​യും കോ​​ൺ​​ഗ്ര​​സും സം​​ഭ​​വ​​ത്തെ അ​​പ​​ല​​പി​​ച്ചു; ആ​​വ​​ശ്യ​​മാ​​ണ്. പ​​ക്ഷേ, ഏ​​റ്റ​​വു​​മ​​ധി​​കം കാ​​ലം രാ​​ജ്യം ഭ​​രി​​ച്ച കോ​​ൺ​​ഗ്ര​​സി​​നു കു​​റ്റ​​ബോ​​ധ​​ത്തോ​​ടെ​​യ​​ല്ലാ​​തെ ഈ ​​ദ​​ളി​​ത്-​​ദ​​രി​​ദ്ര യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ അ​​പ​​ല​​പി​​ക്കാ​​നാ​​കി​​ല്ല. ഈ ​​ദ​​രി​​ദ്ര​​രെ പു​​തി​​യ ഭ​​ര​​ണ​​കൂ​​ട​​ങ്ങ​​ൾ​​ക്കു കൈ​​മാ​​റി​​യ​​ത് അ​വ​രാ​ണ്. ബി​​ജെ​​പി​​യു​​ടെ​​യും വി​​ക​​സ​​ന മാ​​മാ​​ങ്ക​​ങ്ങ​​ളു​​ടെ പ​​രി​​സ​​ര​​ത്താ​​ണ് ജി​​തു മു​​ണ്ട കു​​ഴി മാ​​ന്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്തു​​മാ​​ത്രം ദ​​രി​​ദ്ര​​നാ​​യി​​രു​​ന്നി​​ട്ടാ​​വ​​ണം ഇ​​ടാ​​നൊ​​രു ഉ​​ടു​​പ്പോ ചെ​​രി​​പ്പോ പോ​​ലു​​മി​​ല്ലാ​​ത്ത അ​​സ്ഥി​​കൂ​​ടം പോ​​ലൊ​​രു മ​​നു​​ഷ്യ​​ൻ അ​​ഴു​​കി​​ത്തീ​​രാ​​ത്തൊ​​രു മൃ​​ത​​ദേ​​ഹം തോ​​ളി​​ലെ​​ടു​​ത്ത​​ത്!


ന​​മ്മു​​ടെ വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ൾ പാ​​വ​​പ്പെ​​ട്ട​​വ​​രെ​​യും ദ​​ളി​​ത​​രെ​​യും ആ​​ദി​​വാ​​സി​​ക​​ളെ​​യും ഇ​​പ്പോ​​ഴും പു​​റ​​ന്പോ​​ക്കു​​ക​​ളി​​ൽ നി​​ർ​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഒ​​രു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കൊ​​ണ്ടു​​വ​​രാ​​ൻ ആ​​ജ്ഞാ​​പി​​ക്കു​​ക​​യ​​ല്ല, നി​​ര​​ക്ഷ​​ര​​രാ​​യ മ​​നു​​ഷ്യ​​ർ​​ക്ക് അ​​തു ത​​യാ​​റാ​​ക്കി​​ക്കൊ​​ടു​​ത്ത് അ​​വ​​രു​​ടെ പ​​ണം കൈ​​യി​​ൽ വ​​ച്ചു​​കൊ​​ടു​​ക്കു​​ന്ന സം​​വി​​ധാ​​ന​​മു​​ണ്ടാ​​ക​​ണം. സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ പ​​ലി​​ശ​​കൊ​​ണ്ടും സേ​​വ​​ന​​ക്കൂ​​ലി​​യും​​കൊ​​ണ്ടു ചീ​​ർ​​ത്ത ബാ​​ങ്കു​​ക​​ൾ അ​​വ​​ർ​​ക്ക​​ല്ല ലാ​​ഭ​​ത്തി​​ലേ​​റെ​​യും തി​​രി​​ച്ചു​​കൊ​​ടു​​ക്കു​​ന്ന​​തെ​​ന്ന് അ​​ധി​​കാ​​രി​​ക​​ള​​റി​​യ​​ണം. പ​​രി​​സ​​ര​​ത്തെ മ​​നു​​ഷ്യ​​രെ കാ​​ണാ​​ത്ത ത​​ദ്ദേ​​ശ സ്ഥാ​​പ​​ന​​ങ്ങ​​ളെ ഉ​​ട​​ച്ചു​​വാ​​ർ​​ക്ക​​ണം. ഒ​​രു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നാ​​യി ഒ​​ന്പ​​തു​​ ത​​വ​​ണ സ​​ർ​​ക്കാ​​ർ ഓ​ഫീ​​സു​​ക​​ൾ ക​​യ​​റി​​യി​​റ​​ങ്ങേ​​ണ്ടി​​വ​​രു​​ന്ന മ​​നു​​ഷ്യ​​രു​​ടെ ദു​​രി​​ത​​മ​​റി​​യ​​ണം. ക​​ട​​ലാ​​സു​​ക​​ൾ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളാ​​യി മാ​​റ​​ണ​​മെ​​ങ്കി​​ൽ പ​​ല ഓ​​ഫീ​​സു​​ക​​ളി​​ലും കൈ​​ക്കൂ​​ലി നി​​ർ​​ബ​​ന്ധ​​മാ​​ണെ​​ന്ന് അ​​റി​​യ​​ണം. ഒ​​രാ​​ൾ ഭ​​ക്ഷ​​ണ​​മി​​ല്ലാ​​തെ, വ​​സ്ത്ര​​മി​​ല്ലാ​​തെ, അ​​വ​​കാ​​ശ​​ങ്ങ​​ളി​​ല്ലാ​​തെ ജീ​​വി​​ക്കു​​ന്നു. അ​​ർ​​ഹ​​ത​​യു​​ള്ള ഇ​​ത്തി​​രി പ​​ണ​​ത്തി​​നു​​വേ​​ണ്ടി പ​​ല​​ത​​വ​​ണ ബാ​​ങ്ക് ക​​യ​​റി​​യി​​റ​​ങ്ങു​​ന്നു. എ​​ന്താ​​ണ് ചെ​​യ്യേ​​ണ്ട​​തെ​​ന്നു പ​​റ​​ഞ്ഞു​​കൊ​​ടു​​ക്കാ​​നോ ചെ​​യ്തു​​കൊ​​ടു​​ക്കാ​​നോ ആ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ൽ ശ​​വ​​ക്കു​​ഴി മാ​​ന്തു​​ന്നു. ഏ​​റെ​​നേ​​ര​​ത്തി​​നൊ​​ടു​​വി​​ൽ മൃ​​ത​​ദേ​​ഹം പു​​റ​​ത്തെ​​ടു​​ക്കു​​ന്നു; മൂ​​ന്ന​​ര കി​​ലോ​​മീ​​റ്റ​​ർ അ​​തു​​മാ​​യി പൊ​​തു​​വ​​ഴി​​യി​​ലൂ​​ടെ ന​​ട​​ക്കു​​ന്നു; സ​​ർ​​ക്കാ​​ർ അ​​റി​​യു​​ന്നേ​​യി​​ല്ല.


മൃ​​ത​​ദേ​​ഹം കൊ​​ണ്ടു​​വ​​രാ​​ൻ ത​​ങ്ങ​​ൾ പ​​റ​​ഞ്ഞി​​ട്ടി​​ല്ലെ​​ന്നാ​​ണ് ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​റ​​ഞ്ഞ​​ത്. ശ​​രി​​യാ​​ണ്; വാ​​യ്പ ത​​രി​​ല്ലെ​​ന്നു പ​​റ​​ഞ്ഞാ​​ൽ, പോ​​യി ചാ​​കാ​​ൻ പ​​റ​​യു​​ന്ന​​തു​​പോ​​ലെ​​യാ​​ണ് ചി​​ല ‘ദാ​​രി​​ദ്ര്യ​​വാ​​സി​​ക​​ൾ’ ​​കേ​​ൾ​​ക്കു​​ന്ന​​തെ​​ന്ന് അ​​വ​​ർ​​ക്ക​​റി​​യി​​ല്ല. പ​​ക്ഷേ, നാ​​ടു ഭ​​രി​​ക്കു​​ന്ന സ​​ദ്ഭ​​ര​​ണ വാ​​യാ​​ടി​​ക​​ൾ അ​​ത​​റി​​യ​​ണം. എ​​സി​​ക്കു പ​​ക​​രം സ​​വാ​​ള വ​​യ്ക്കു​​ന്ന ശൈ​​ലി​​യി​​ലു​​ള്ള വി​​ക​​സ​​ന​​പ്ര​​ക്രി​​യ​​കൊ​​ണ്ട് ആ​​ഗോ​​ള​​ സാ​​ന്പ​​ത്തി​​ക​​ശ​​ക്തി​​യാ​​കാം, പൊ​​ള്ളു​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളെ മ​​റ​​യ്ക്കാ​​നാ​​കി​​ല്ല. 80 വ​​ർ​​ഷം പ​​ഴ​​ക്ക​​മു​​ള്ളൊ​​രു വി​​ക​​സ​​ന​​ശ്മ​​ശാ​​ന​​ത്തി​​ൽ​​നി​​ന്നു ജി​​തു എ​​ന്ന മ​​നു​​ഷ്യ​​ന​​ല്ല, ജീ​​വ​​നു​​ള്ളൊ​​രു അ​​സ്ഥി​​കൂ​​ട​​മാ​​ണ് മ​​റ്റൊ​​ന്നും തോ​​ളി​​ലേ​​ന്തി ന​​ട​​ന്നു​​വ​​രു​​ന്ന​​ത്.

Tags : DEEPIKA EDITORIAL

Recent News

Corehub Up