Image for representation
പേരൂര്‍ക്കട: അബദ്ധത്തില്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ വീണയാളെ ഫയര്‍ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി. വഞ്ചിയൂര്‍ ഋഷിമംഗലം മണിഭവനില്‍ ആനന്ദ് (52) ആണ് തോട്ടില്‍ വീണത്. ഇന്നു പുലർച്ചെ ഒരുമണിയോടുകൂടി വഞ്ചിയൂര്‍ സ്റ്റേഷന്‍ പരിധിയില്‍ ഉപ്പിലാമൂട് പാലത്തിനു സമീപം ആമയിഴഞ്ചാന്‍ തോട് ഒഴുകുന്ന ഭാഗത്താണ് സംഭവം.
സുഹൃത്തിനെ കണ്ടശേഷം ഉപ്പിലാമൂട് പാലത്തിനു സമീപം തന്‍റെ സ്‌കൂട്ടര്‍ നിര്‍ത്തി ഇരുമ്പുപാലത്തിന്‍റെ കൈവരിയിലിരുന്ന് ഫോണില്‍ സംസാരിക്കുകയും ചെയ്യുന്നതിനിടെയാണ് തോട്ടിലേക്കു വീണത്. തോട്ടില്‍ അരക്കെട്ടോളം ഭാഗത്ത് വെള്ളമുണ്ടായിരുന്നു.
മാലിന്യം നീക്കം ചെയ്യുന്നതിനായി ഈ സമയത്ത് ഇവിടെയെത്തിയ നഗരസഭാ തൊഴിലാളിയായ സുരേഷ്‌കുമാറാണ് വെള്ളത്തില്‍ വീണുകിടക്കുന്ന ആനന്ദിനെ കാണുകയും ഫയര്‍ഫോഴ്‌സിലും പോലീസിലും വിവരമറിയിക്കുകയും ചെയ്തത്.
തിരുവനന്തപുരം നിലയത്തില്‍ നിന്ന് ഫയര്‍ ആൻഡ് റസ്‌ക്യു ഓഫീസര്‍മാരായ സാജന്‍ സൈമണ്‍, ഹരിലാല്‍, റഫീസ്, സേനാംഗം നന്ദകുമാര്‍ എന്നിവരാണ് തോട്ടില്‍നിന്നും ആനന്ദിനെ പുറത്തെടുത്തത്. നെറ്റിക്കു നിസാര പരിക്കേറ്റ ആനന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Tags : Firefighters Rescue Amayizhanchan