ഷാക്കിബ് അൽ ഹസൻ
ധാക്ക: വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് ഇന്ത്യയിൽ അഭയം തേടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വാർത്താസമ്മേളനത്തിൽ പങ്കെടുത്തുവെന്ന് ആരോപിച്ച് ബംഗ്ലാദേശ് മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ ബോംബേറ്.
മഗുര ടൗണിലെ കേശബ് മോറിലുള്ള കുടുംബവീടിന് നേരെ ആണ് ആക്രമണം ഉണ്ടായത്. ബോംബ് ആക്രമണത്തിന് പിന്നാലെ വീട് തല്ലിത്തകർക്കുകയും ചെയ്തു. വീടിന് നേരെ ആക്രമണം നടന്നതായി ബംഗ്ലാദേശ് അവാമി ലീഗ് എക്സിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.
ആസൂത്രിത ആക്രമണമാണെന്നും ഫാസിസത്തിന്റെ വ്യക്തമായ ലക്ഷണമാണെന്നും അവാമി ലീഗ് വിമർശിച്ചു. ഡൽഹിയിൽ നിന്നാണ് ഷെയ്ഖ് ഹസീന വെർച്വൽ വാർത്താസമ്മേളനം നടത്തിയത്. ബംഗ്ലാദേശിലേക്ക് തിരികെ പോകുമെന്ന് ഷെയ്ഖ് ഹസീന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചിരുന്നു.
ബുധനാഴ്ച പ്രാദേശിക സമയം രാത്രി 8:45 ഓടെ ആണ് ആക്രമണം ഉണ്ടായത്. ഷാക്കിബ് അൽ ഹസന്റെ വീടിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണം ജനാധിപത്യ സംരക്ഷണത്തിന്റെ പേരിൽ അവാമി ലീഗ് പ്രവർത്തകർക്കെതിരെ നടക്കുന്ന വംശഹത്യയുടെ തുടർച്ചയാണെന്നും ബംഗ്ലാദേശ് അവാമി ലീഗ് വിമർശിച്ചു.
Tags : BombThrown ShakibAlHasan Bangladesh Dhaka SheikhHasina