ചാലിശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രം
പാലക്കാട്: ചാലിശേരിയിലെ ജനകീയ ആരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്സിന് വിഷപ്പാമ്പിന്റെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് കടിയേറ്റത്. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്.
എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച സമയത്തായിരുന്നു സംഭവം. അണലിയുടെ കടിയേറ്റ മിസിരിയയെ ഉടൻതന്നെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമണ്ണൂർ, കൂറ്റനാട്, എസ്റ്റേറ്റ് പടി തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്നുൾപ്പെടെ നിരവധി സാധാരണക്കാരായ രോഗികളാണ് ദിനംപ്രതി ഈ ആരോഗ്യ കേന്ദ്രത്തെ ആശ്രയിക്കുന്നത്. ഇത്രയധികം ആളുകൾ എത്തുന്ന പ്രധാനപ്പെട്ട ഒരു കേന്ദ്രത്തിൽ ഇത്തരത്തിലുള്ള ഒരു അപകടം ഉണ്ടായത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
Tags : nurse snake bite critical Deepika DeepikaNewspaper NewsUpdate