ക്ലാസ് മുറിയിൽ ഉറങ്ങുന്ന അധ്യാപകൻ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽനിന്ന്).
ലക്നൗ: ഉത്തർപ്രദേശിലെ സർക്കാർ സ്കൂളിൽനിന്നുള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗം. യുപി വിഭാഗം അധ്യാപകൻ ക്ലാസ് മുറിയിൽ സുഖമായി ഉറങ്ങുന്നതും കുട്ടികൾ മൊബൈലിൽ വീഡിയോ കാണുന്നതുമാണു ദൃശ്യങ്ങളിലുള്ളത്. രക്ഷകർത്താക്കളും നാട്ടുകാരും രംഗത്തെത്തിയതോടെ സംഭവം ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
യുപി കനൗജിലുള്ള സർക്കാർ വിദ്യാലയത്തിലാണ് പൊതുജനങ്ങളെയും രക്ഷിതാക്കളെയും ഒരുപോലെ പ്രകോപിപ്പിച്ച സംഭവം. പഠന സമയത്ത് അധ്യാപകന്‍റെ മേൽനോട്ടമില്ലാതെ കുട്ടികൾ വഴിതെറ്റുന്ന കാഴ്ചയടങ്ങിയ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
ദൃശ്യങ്ങൾ ആരംഭിക്കുന്പോൾ, ക്ലാസ് മുറിയിലെ ബെഞ്ചിൽ അധ്യാപകൻ കൂർക്കംവലിച്ചു സുഖമായി കിടന്നുറങ്ങുന്നതു വ്യക്തമായി കാണാം. അധ്യാപകന്‍റെ ശ്രദ്ധയോ നിയന്ത്രണമോ ഇല്ലാത്തതിനാൽ, പഠന കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട വിദ്യാർഥികൾ ഒരു മൊബൈൽ ഫോണിനു ചുറ്റും കൂടിയിരുന്ന് വീഡിയോ കാണുന്നതും ദൃശ്യങ്ങളിലുണ്ട്. സ്കൂൾ സമയത്ത് കുട്ടികൾക്കു കൃത്യമായ മാർഗനിർദേശം നൽകേണ്ട അധ്യാപകന്‍റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയാണ് ഇതു വ്യക്തമാക്കുന്നതെന്ന് രക്ഷിതാക്കൾ പറഞ്ഞു.
Zingabad എന്ന എക്സ് അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. കനൗജ് പോലീസിനെക്കൂടി ടാഗ് ചെയ്താണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. സർക്കാർ സ്കൂളുകളിലെ അധ്യാപന നിലവാരവും അച്ചടക്കവുമാണ് വീഡിയ ചൂണ്ടിക്കാണിക്കുന്നതെന്ന് നിരവധി പേർ പ്രതികരിച്ചു. ഉത്തരവാദിത്തമില്ലാതെ പെരുമാറിയ അധ്യാപകനെതിരേ കർശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
അതേസമയം, വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. സംഭവം നടന്ന സ്കൂളിനെക്കുറിച്ചോ ദൃശ്യങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചോ വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചിട്ടില്ല. അതേസമയം സംഭവത്തിൽ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നാണു സൂചന.
സർക്കാർ വിദ്യാലയങ്ങളിലെ പഠനാന്തരീക്ഷത്തെയും അധ്യാപകരുടെ ഉത്തരവാദിത്തത്തെയും കുറിച്ച് വലിയ ആശങ്കയാണ് സംഭവം ഉയർത്തുന്നത്. കുട്ടികൾക്കു പഠനാന്തരീക്ഷം ഉറപ്പാക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു ശക്തമായ മേൽനോട്ടവും പരിശോധനകളും ഉണ്ടാകണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.
कक्षा में सोते मिले शिक्षक, बच्चे चलाते रहे मोबाइल!
— zingabad (@zingabad) August 3, 2026
उत्तर प्रदेश के कन्नौज में ड्यूटी के दौरान एक शिक्षक के कक्षा में सोने का वीडियो सामने आया है. उमर्दा ब्लॉक के कंपोजिट विद्यालय सिकरोरी में शिक्षक के सोने के दौरान बच्चे मोबाइल चलाते नजर आए. वीडियो सामने आने के बाद स्कूल की… pic.twitter.com/6RYhiFkRc2