Editorial Audio
ഡോ. ബി.ആർ. അംബേദ്കർ അന്തരിച്ചിട്ട് ഇന്ന് 69 വർഷം. വ്യത്യസ്തമോ വിരുദ്ധമോ ആയ ചിന്താധാരകളിലുള്ളവരായിരുന്നിട്ടും ഗാന്ധിജിയെയും നെഹ്റുവിനെയും അംബേദ്കറെയും സ്വതന്ത്ര ഇന്ത്യക്കാർ മാനിക്കുകയും വായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ അനീതിയായ ഉച്ചനീചത്വത്തിന്റെ വേരുകളെ തെരഞ്ഞതിനാലും അതിന്റെ സവർണ മതബന്ധത്തെ നിഷ്കരുണം ആക്രമിച്ചതിനാലും കൂടുതൽ മാറ്റങ്ങൾ ആവശ്യപ്പെടുന്നതിനാലും ഇതിൽ അംബേദ്കറുടെ രചനകളാണ് ബുദ്ധിക്കു കൂടുതൽ പ്രകോപനപരം.
ഇന്നാണെങ്കിൽ എഴുതാൻ പറ്റാത്ത ആ പുസ്തകങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തുന്നുമുണ്ട്. പലരും താന്താങ്ങളുടെ ആവശ്യത്തിനനുസരിച്ച് അംബേദ്കർ രചനകളെ വ്യാഖ്യാനിക്കുകയോ ചുരുക്കുകയോ ചെയ്യുന്നതിനാൽ നേരിട്ടുള്ള വായനയ്ക്കാണ് പ്രസക്തി. വർണവെറിയായാലും വർഗീയതയായാലും തീവ്രവാദമായാലും അവയോടു പരോക്ഷമായിപ്പോലും സന്ധി ചെയ്യുന്നവർക്ക് അംബേദ്കറെ ഉച്ചരിക്കാനാകില്ല.
താഴ്ന്ന ജാതിക്കാരനായിരുന്നതിനാൽ ക്ലാസിന്റെ മൂലയിൽ വിരിച്ച ചാക്കിലിരുന്നു പഠിച്ച, സഹപാഠികൾ ഉപയോഗിക്കുന്ന പാത്രത്തിൽനിന്നു വെള്ളം കുടിക്കാൻ അവകാശമില്ലാതിരുന്ന, ഉന്നതവിദ്യാഭ്യാസമുണ്ടായിരുന്നിട്ടും ജോലിക്കു തടസമുണ്ടായിരുന്ന ആൾ, അതേ രാജ്യത്തെ ഭരണാധികാരികളും ജനങ്ങളും എങ്ങനെ പെരുമാറണമെന്നു നിർദേശിക്കുന്ന ഭരണഘടനയുടെ ശിൽപിയായി എന്നതാണ് ഡോ. ബി.ആർ. അംബേദ്കറുടെ ജീവചരിത്രത്തിന്റെ അധ്യായങ്ങളിലൊന്ന്. ഔപചാരിക വിദ്യാഭ്യാസവും വായനയുമാണ് അദ്ദേഹത്തെ കരുത്തനാക്കിയത്. അദ്ദേഹം 20 വർഷത്തോളം കഴിഞ്ഞിരുന്ന മുംബൈ ദാദറിലെ വീട്ടിൽ 50,000 പുസ്തകങ്ങളുണ്ടായിരുന്നു.
പട്ടാളക്കാരനായിരുന്ന അച്ഛന്റെ വരുമാനത്തിന്റെ വലിയൊരു ഭാഗം മകനു പുസ്തകങ്ങൾ വാങ്ങാൻ കൊടുത്തിരുന്നു. ബുദ്ധമതത്തിലാണ് അദ്ദേഹം ആകൃഷ്ടനായത്. അത് അദ്ദേഹത്തിന്റെ സ്വകാര്യതയായിരുന്നു. വിവിധ ജാതി-മതങ്ങളിലെ കാഴ്ചപ്പാടുകളെക്കുറിച്ചോ ദുർവൃത്തികളെക്കുറിച്ചോ ഉള്ള അംബേദ്കറുടെ കാഴ്ചപ്പാടുകൾ എക്കാലവും ചർച്ചാവിഷയമായിട്ടുണ്ട്. ജാതിവ്യവസ്ഥ ഉള്ളതിനാലും അതിന്റെ തിക്തഫലം അദ്ദേഹംതന്നെ അനുഭവിച്ചിട്ടുള്ളതിനാലും ഹിന്ദുമതത്തിനു കൂടുതൽ പ്രഹരമേറ്റിട്ടുണ്ട്.
“അവർണർ അഥവാ ജാതിഭ്രഷ്ടർ വർണവ്യവസ്ഥയുടെ ഉപോത്പന്നമാണ്. ജാതികൾ ഉള്ളിടത്തോളം ജാതിഭ്രഷ്ടരും ഉണ്ടാകും. ജാതിവ്യവസ്ഥയുടെ ഉന്മൂലനമല്ലാതെ മറ്റൊന്നിനും ജാതിഭ്രഷ്ടിനെ മോചിപ്പിക്കാനാകില്ല.’’ ജാതി ഉന്മൂലനം എന്ന കൃതി, ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ ഭേദമില്ലാതെ സവർണ മനോഭാവം ഉള്ളിടത്തോളം കാലം പ്രസക്തമാണ്. തീവ്രതയിൽ വ്യത്യാസമുണ്ടാകാമെങ്കിലും ദളിത് ക്രൈസ്തവർ ഉൾപ്പെടെ ഇന്നും വിവേചനം നേരിടുന്നുണ്ട്.
പാക്കിസ്ഥാൻ അല്ലെങ്കിൽ ഇന്ത്യാ വിഭജനം എന്ന പുസ്തകത്തിൽ, ഇസ്ലാമിനെക്കുറിച്ചു പറയുന്നു: “ഇസ്ലാം സ്വതന്ത്ര ചിന്തയെ പീഡിപ്പിച്ചത്, മറ്റു മതങ്ങളെ അപേക്ഷിച്ച് കൂടുതൽ അക്രമാസക്തമായെന്നല്ല, മറിച്ച് കൂടുതൽ ഫലപ്രദമായി എന്നാണു ഞാൻ പറയുന്നത്.’’ ഇന്ത്യയിലെ മുസ്ലിംകൾക്കും, ഹിന്ദുക്കളുടെ എല്ലാ സാമൂഹിക തിന്മകളും അതിലുപരി ചിലതും ഉണ്ടെന്നു പറയുന്നിടത്ത് സ്ത്രീകളോടു വേർതിരിവു കാണിക്കുന്ന പർദ സന്പ്രദായത്തെ അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
ഇസ്ലാം ഒരു പിടിവാശിയുടെ വാഴ്ചയാണെന്നും മനുഷ്യവംശം ഇതുവരെ വഹിച്ചിട്ടുള്ളതിൽവച്ച് ഏറ്റവും ഭാരമേറിയ ചങ്ങലയാണതെന്നും അദ്ദേഹം പറഞ്ഞു. വസ്തുത ഇതായിരിക്കേ, അംബേദ്കറെ പ്രത്യക്ഷമായി പ്രഘോഷിക്കുന്ന ചിലർ പരോക്ഷമായി മതമൗലികവാദത്തെ പൊതിഞ്ഞുപിടിക്കുന്നതും വക്താക്കളാകുന്നതും അംബേദ്കർ നിന്ദയാണ്. മനുഷ്യാവകാശത്തെ ഇരയാക്കുന്ന ചൂണ്ടകളെ ചിലരെങ്കിലും തിരിച്ചറിയുന്നില്ല.
ഹിന്ദുവോ ക്രിസ്ത്യാനിയോ മുസ്ലിമോ ആകട്ടെ, കേരളത്തിൽപോലും വർഗീയവിരുദ്ധരെന്നു പറയുന്നവരിലേറെയും ഏതെങ്കിലുമൊന്നിൽ ലജ്ജയില്ലാതെ പങ്കെടുത്തുകൊണ്ടിരിക്കുകയാണ്. ദൈവത്തിനുള്ളതു ദൈവത്തിനും സീസറിനുള്ളതു സീസറിനും കൊടുത്ത് ആത്മീയ-ഭൗതിക സംഘർഷങ്ങളെ ഒഴിവാക്കുന്നതിനു പകരം, മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കെട്ടുന്നതാണ് സമകാലിക അസ്വസ്ഥതകളുടെ പ്രധാന കാരണം.
ജനാധിപത്യ-മതേതര രാജ്യത്തെ പൂർണതയിലെത്തിക്കാൻ നാം ഭരണഘടനയോടൊപ്പം അംബേദ്കറുടെ കൃതികളും വായിക്കേണ്ടതാണ്. എല്ലാം അംഗീകരിക്കണമെന്നില്ല. പക്ഷേ, അതിന്റെ പക്ഷപാതപരമായ വിശദീകരണങ്ങളിൽ കുടുങ്ങിപ്പോകരുത്.
Tags : Bhimrao Ramji Ambedkar Ambedkar Editorial