ഈർപ്പമുള്ള ഏതു പ്രതലത്തിലും ഫംഗസുകൾക്കു വളരാൻ കഴിയും. ഫംഗസ് ബാധ ലോകത്തിന്റെ പല ഭാഗങ്ങളിലും ജനങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങൾക്കു കാരണമായിട്ടുണ്ട്. ഫംഗസ് രോഗങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയത്തിൽ വൈദ്യശാസ്ത്രരംഗം ജാഗ്രതയിലുമാണ്.
ഗുരുതരമാകുമോ?
ശ്വാസകോശം, വൃക്കകൾ, കുടൽ, ആമാശയം, സ്വകാര്യ ഭാഗങ്ങൾ, നഖങ്ങൾ, ചർമം എന്നിവിടങ്ങളിലാണ് ഫംഗസ് ബാധ പ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യത കൂടുതലുള്ളത്. ചുരുക്കം ചിലരിൽ ചിലപ്പോൾ ഇത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് നീങ്ങാവുന്നതുമാണ്.
കണ്ണ് നീക്കം ചെയ്ത സംഭവം വരെ മുമ്പ് വാർത്തകളിൽ കാണുകയുണ്ടായി.ചിലരിൽ സൈനസുകൾ, ശ്വാസകോശം എന്നിവ നശിക്കുന്നതിന് ചില ഫംഗസ് ബാധകൾ കാരണമാകാറുണ്ട്.
പ്രതിരോധം കുറഞ്ഞവർ
മറ്റുള്ള സൂക്ഷ്മജീവികളെ പോലെ തന്നെ ശരീരത്തിലെ സഹജമായ രോഗ പ്രതിരോധ ശേഷി കുറഞ്ഞവർ, പ്രമേഹം, ആസ്ത്മ, കാൻസർ, നീണ്ട കാലമായി സ്റ്റിറോയ്ഡ് ഔഷധങ്ങൾ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഫംഗസുകളും ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും.
ഗർഭിണികളും കുട്ടികളും മുൻകരുതലുകൾ സ്വീകരിക്കുന്നത് നല്ലതായിരിക്കും.
ഇവർക്കു വേണം മുൻകരുതൽ
കാൻസർ ബാധിച്ചവർ, പ്രമേഹ രോഗികൾ, ഏതെങ്കിലും അവയവം മാറ്റിവച്ചിരിക്കുന്നവർ, സ്റ്റിറോയ്ഡ് ഔഷധങ്ങൾ നീണ്ട കാലമായി ഉപയോഗിച്ചു വരുന്നവർ എന്നിവർ ഫംഗസ് ബാധ ഉണ്ടാകാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ ഡോക്ടറോട് ചോദിച്ച് മനസിലാക്കണം.
ശ്വാസകോശങ്ങളെ ആക്രമിച്ചാൽ
ഫംഗസ് ശ്വാസകോശങ്ങളെ ആക്രമിക്കുകയാണെങ്കിൽ ചുമ, നെഞ്ചുവേദന, ശ്വാസം മുട്ടൽ എന്നിവ ആയിരിക്കും പ്രധാനമായി കാണുന്ന അസ്വസ്ഥതകൾ. ചിലരിൽ ഇതിന്റെ കൂടെ തലവേദനയും ഉണ്ടായിരിക്കും.
ഫംഗസ് ബാധകളിൽ പൊതുവായി കാണാൻ കഴിയുന്ന ലക്ഷണങ്ങളിൽ അസ്വസ്ഥത, തളർച്ച, ചിന്താക്കുഴപ്പം, ദഹനേന്ദ്രിയ പ്രശ്നങ്ങൾ, വിശപ്പ് കുറയുക, ശരീരഭാരം കുറയുക, കണ്ണുകളിൽ ചുവപ്പ് നിറം, കാഴ്ച മങ്ങൽ, മുറിവുകൾ ഉണങ്ങാതിരിക്കുകയോ പഴുക്കുകയോ ചെയ്യുക എന്നിവ കൂടി ഉണ്ടാകാവുന്നതാണ്.
ചികിത്സ വൈകരുത്
നാം ജീവിക്കുന്ന വീടും പരിസരവും നല്ല വൃത്തിയായി സൂക്ഷിക്കണം. വൃത്തിയില്ലാത്ത പരിസരങ്ങളിൽ നിന്നും ഫംഗസ് ബാധിക്കാനുള്ള സാധ്യത കൂടുതൽ ആയിരിക്കും, പ്രത്യേകിച്ച് പ്രമേഹം, ആസ്ത്മ എന്നിവയുള്ളവരിൽ.
ഫംഗസ് ബാധിക്കുന്ന അവസരങ്ങളിൽ ഒട്ടും വൈകാതെ ആശുപത്രിയിൽ പോകുകയാണ് വേണ്ടത്. ശരിയായരീതിയിൽ രോഗനിർണയവും ചികിത്സയും സാധ്യമാകുന്ന കാലത്താണ് നാം ജീവിക്കുന്നത്. അശ്രദ്ധയും അലസതയും ഒഴിവാക്കിയാൽ തന്നെ ഒരുപാട് ദുരിതങ്ങളും മരണങ്ങളും ഒഴിവാക്കാൻ കഴിയും.
പഴകിയ ആഹാരം കഴിക്കരുത്. വ്യക്തിശുചിത്വമില്ലായ്മയും അപകട കരമാണ്. ശുചിത്വം പാലിക്കുകയും വൃത്തിയായി ജീവിക്കുകയും ചെയ്യുന്നത് ഫംഗസ് ബാധകളെ അകറ്റി നിർത്താൻ സഹായിക്കും.
വിവരങ്ങൾക്കു കടപ്പാട്: ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ ഫോൺ - 9846073393.
Tags : Mycosis Fungal Infection Causes Treatments