ശീലമാക്കിയാൽ അപകടം!
സാധാരണ ഭക്ഷണത്തിനു പകരം പതിവായി ഫാസ്റ്റ് ഫുഡ് കഴിക്കുന്നവരിൽ കൊഴുപ്പിന്റെ അളവു കൂടുതലാകുന്നു. നാരിന്റെ തോതു കുറയുന്നു. ഉള്ളിലെത്തുന്നതു പോഷകാംശം തീരെക്കുറഞ്ഞ സംസ്കരിച്ച ഭക്ഷണമായിരിക്കും. ഇതു വിവിധ ജീവിതശൈലീരോഗങ്ങൾക്കുള്ള സാധ്യത കൂട്ടുന്നു.
വൈറ്റമിനുകളും ധാതുക്കളുമില്ല
ഫാസ്റ്റ് ഫുഡിൽനിന്നു ശരീരത്തിനു കിട്ടുന്നതു കാർബോഹൈഡ്രേറ്റും കൊഴുപ്പിൽനിന്നുള്ള ഉൗർജവുമാണ്. മറ്റു വൈറ്റമിനുകളും ധാതുക്കളും തീരെയില്ല. ഇതിൽനിന്നു കിട്ടുന്നത് വെറും ഊർജം മാത്രം. ചോറു കഴിച്ചാലും നമുക്കു കിട്ടുന്നത് ഈ കാർബോ ഹൈഡ്രറ്റ് തന്നെ.
എന്നാൽ, ആരോഗ്യജീവിതത്തിനു വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാതുക്കളും അടങ്ങിയ വിഭവങ്ങൾകൂടി കഴിക്കണം. പച്ചക്കറികളും പഴങ്ങളും കഴിക്കണം.
മറ്റു ഭക്ഷണം ഒഴിവാക്കിയാണല്ലോ ഫാസ്റ്റ് ഫുഡ് പ്രേമികൾ അതു തെരഞ്ഞെടുക്കുന്നത്. പക്ഷേ, അതിൽ പോഷകങ്ങളില്ല. അതാണ് ഫാസ്റ്റ് ഫുഡ് ശീലമാക്കുന്നതിലെ അപകടം.
ഉപ്പ് കൂടിയാൽ
ഫാസ്റ്റ് ഫുഡിലെ മറ്റൊരപകടകാരി ഉപ്പാണ്. ചിലതരം ചൈനീസ് വിഭവങ്ങളിൽ രുചിക്കു വേണ്ടി സോയാസോസ് ചേർക്കാറുണ്ട്. അതിൽ ഉപ്പു കൂടുതലാണ്. ഉപ്പു കുറച്ചുപയോഗിക്കുക എന്നതാണ് ലോകാരോഗ്യസംഘടന മുന്നോട്ടു വയ്ക്കുന്ന നിർദേശം.
എത്രത്തോളം ഉപ്പ് കുറച്ചുപയോഗിക്കുന്നുവോ അത്രത്തോളം സ്ട്രോക്കും ഉയർന്ന രക്തസമ്മർദവും തടയാനാകും എന്നതാണു വാസ്തവം.
വിവരങ്ങൾ: ഡോ. അനിതമോഹൻ
ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് & ഡയറ്റ് കണ്‍സൾട്ടന്റ്
Tags : Health care Fast Food