സൂര്യപ്രകാശം മൂലം ചര്‍മത്തിലുണ്ടാകുന്ന രോഗങ്ങള്‍
പോളി മോര്‍ഫസ് ലൈറ്റ് ഇറപ്ഷന്‍ (Polymorphous Light eruption, PMLE)
ഏതു പ്രായക്കാരെയും ഇത് ബാധിക്കാം. പ്രധാനമായും 30-40 വയസിനിടയിലുള്ളവരിലാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. ഇത് ശരീരത്തിലെ പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടുള്ള ഒരു പ്രതിഭാസമാണ്.
സൂര്യരശ്മി ഒരു ആന്റിജനെ തൊലിയില്‍ സൃഷ്ടിക്കുകയും അതിനെതിരായി ചര്‍മം പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി കരുതപ്പെടുന്നു.
വസ്ത്രം കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചൊറിച്ചിലും പാടുകളും ഉണ്ടാകുന്നു. കൈകളുടെ പുറം ഭാഗങ്ങളില്‍, കഴുത്തിന് പുറകുവശത്ത്, പാദങ്ങളില്‍ ഒക്കെയാണ് സാധാരണ കാണപ്പെടുക.
മുഖത്തു വരുന്നത് കുറവാണ്. അതിനു കാരണം, നിരന്തരം സൂര്യരശ്മിയേല്‍ക്കുമ്പോള്‍ അതിനോടു പൊരുത്തപ്പെടാന്‍ മുഖത്തെ ചര്മത്തിനാവുന്നു എന്നതാണ്.
പുറമെ പുരട്ടാന്‍ സണ്സ്ക്രീന്സും (sun screens), steroid അടങ്ങിയ ലേപനങ്ങളും നല്‍കാം. അസുഖം രൂക്ഷമാണെങ്കില്‍ സൊറാലന്‍ ഗ്രൂപ്പില്‍ പെട്ട ഔഷധങ്ങള്‍ ഉള്ളില്‍ കൊടുക്കാറുണ്ട്.
ക്രോണിക്, ആക്റ്റിനിക് ഡെര്‍മറ്റൈറ്റിസ് (Chronic Actinic dermatitis)
വസ്ത്രങ്ങള്‍ കൊണ്ട് മറയാത്ത ഭാഗങ്ങളില്‍ ചര്്മത്തില് ചൊറിച്ചിലും കുരുക്കളും ഉണ്ടാകുന്നു. 50 വയസു കഴിഞ്ഞവരിലാണ് കൂടുതലും കാണുന്നത്. തടിപ്പും ചുവപ്പും രൂക്ഷമായ അവസ്ഥയില്‍, ഉള്ളില്‍ സ്റ്റീറോയ്ഡ് കൊടുക്കേണ്ടി വന്നേക്കാം.
ശരീരത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ തടയുന്ന ശക്തമായ ചില മരുന്നുകള്‍ സൈക്ലോസ്പോറിന്‍, അസാതയോപ്രിന് പോലെയുള്ളവ ചിലപ്പോള്‍ കൊടുക്കാറുണ്ട്. പുറകെ സ്റ്റീറോയ്ഡ് അടങ്ങിയ ലേപനങ്ങളും, ടാക്രോലിമസ് അടങ്ങിയ ലോഷനുകളും കൊടുക്കാറുണ്ട്.
സോളാര്‍ അര്‍ട്ടിക്കേരിയ (Solar urticaria)
സൂര്യരശ്മി പതിച്ചാല്‍ ഉടനെ ശരീരത്തില്‍ തടിപ്പും ചുവപ്പും ചൊറിച്ചിലും ചിലരില്‍ കണ്ടുവരുന്നു. UVA, UVB രശ്മികള്‍ കൂടുതലുള്ള കാലാവസ്ഥയില്‍ ഇത് സാധാരണയായി കണ്ടുവരുന്നു. മിക്കവാറും എല്ലാവരിലും കാണും.
പക്ഷേ, ചിലര്‍ക്ക് പ്രശ്നം കഠിനമാവുകയും തൊലി ചെതുമ്പല്‍ പോലെ ഇളകി പോവുകയും വെള്ളമൊലിക്കുകയും ചെയ്യും. കുറേ നാള് ഈ പ്രക്രിയ തുടര്‍ന്നുകൊണ്ടിരുന്നാല്‍ തൊലി വല്ലാതെ വരണ്ട്, തടിച്ച്, കറുത്ത നിറമാകുന്നതും സാധാരണമാണ്.
ചൂടുസമയത്ത് ഈ അസുഖം സ്ഥിരമായി വരുന്നവരില്‍ വസ്ത്രംകൊണ്ട് മറയുന്ന ഭാഗത്തും ഈ രോഗ ലക്ഷണങ്ങള്‍ കാണപ്പെടുന്നു. ചിലര്‍ക്ക് ഇത് ശരീരമാസകലം വരുന്നതായും കണ്ടുവരുന്നു.
വിവരങ്ങൾക്കു കടപ്പാട്: ഡോ. ശ്രീരേഖ പണിക്കർ
കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ത്വക് രോഗ വിഭാഗം
എസ് യുറ്റി ഹോസ്പിറ്റൽ പട്ടം, തിരുവനന്തപുരം.
Tags : Summer Skincare Guide Family Health