റോം: ജോണ് പോള് രണ്ടാമന് മാര്പാപ്പയ്ക്കു നേരെ വധശ്രമം നടന്നിട്ട് 45 വർഷം. തുര്ക്കിക്കാരനായ മെഹ്മത് അലി അഗ്കയാണ് മാർപാപ്പയെ വധിക്കാൻ ശ്രമിച്ചത്. 1981 മേയ് 13ന് സെന്റ് പീറ്റേഴ്സ് ചത്വരത്തില് തുറന്ന ജീപ്പില് പൊതുദര്ശനത്തിനിടെ മാര്പാപ്പയ്ക്കു നേര്ക്ക് അലി അഗ്ക വെടിയുതിര്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ പാപ്പായെ റോമിലെ ജെമെല്ലി ആശുപത്രിയില് പ്രവേശിപ്പിച്ചു.
വയറ്റില് വെടിയേറ്റ മാര്പാപ്പയെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അലി അഗ്കയോടു ക്ഷമിച്ചതായി മാര്പാപ്പ ആശുപത്രിയിൽ ചികിത്സയ്ക്കിടെ പ്രഖ്യാപിച്ചിരുന്നു. അലി അഗ്കയെ 1981 ജൂലൈയില് വധശ്രമത്തിന് ഇറ്റാലിയന് കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചു. 2000ല് മാര്പാപ്പയുടെ അഭ്യര്ഥന പ്രകാരം ഇറ്റാലിയന് പ്രസിഡന്റ് അലി അഗ്കയ്ക്കു മാപ്പുനല്കി. ഇയാളെ തുര്ക്കിയിലേക്കു നാടുകടത്തി.
ജോണ് പോള് രണ്ടാമന് മാര്പാപ്പയ്ക്കു വെടിയേറ്റ സ്ഥലത്ത് ഇന്നലെ ലെയോ പതിനാലാമന് മാര്പാപ്പ പ്രാര്ഥന നടത്തി. പൊതു ദര്ശനത്തിനു മുന്നോടിയായി ജനങ്ങള്ക്കരികിലൂടെ പോപ്പ്മൊബീലില് സഞ്ചരിക്കുകയായിരുന്ന മാര്പാപ്പ, ജോണ് പോള് രണ്ടാമനു വെടിയേറ്റ സ്ഥലത്ത് ഇറങ്ങി മുട്ടുകുത്തി പ്രാര്ഥിച്ചു. “ഫാത്തിമമാതാവിന്റെ തിരുനാൾ ദിനമായ ഇന്നേക്ക് 45 വർഷം മുന്പ് വിശുദ്ധ ജോൺ പോൾ മാർപാപ്പയെ വധിക്കാൻ ശ്രമം നടന്നു.
അതുകൊണ്ട് ഇന്നത്തെ എന്റെ പ്രബോധനം പരിശുദ്ധ കന്യാമറിയത്തിനു സമർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അന്നത്തെ വധശ്രമത്തിൽനിന്നു രക്ഷപ്പെട്ടത് പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിലാണെന്ന് വിശുദ്ധ ജോൺ പോൾ മാർപാപ്പ പലപ്പോഴും പറഞ്ഞിരുന്നു’’ ലെയോ മാർപാപ്പ പറഞ്ഞു.
Tags : 45 years assassination attempt Pope John Paul II