ഏലി ഷറാബി കുടുംബത്തോടൊപ്പം.
ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി 491 ദിവസം ബന്ദിയാക്കി ഭൂമിക്കടിയിലെ ഇരുട്ടറയിൽ പാർപ്പിച്ച ഇസ്രേലി പൗരനാണ് ഏലി ഷറാബി. തടവിൽ താൻ അനുഭവിച്ച കൊടും പീഡനങ്ങളുടെ വിവരണമാണ് ഷറാബി എഴുതിയ -ഹോസ്റ്റേജ്- എന്ന പുസ്തകം.
അയാളുടെ പേര് ഏലി ഷറാബി, ഇസ്രയേൽ പൗരൻ. കിബുട്സ് ബേരിയിൽനിന്നു ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊടിയ പീഡനത്തിനിരയാക്കിയ; മരണത്തെ മുഖാമുഖം കണ്ട, നരകയാതനയുടെ വടുക്കളുമായി, 491 ദിവസത്തിനുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തിയ 53കാരൻ. ഷറാബിയെപ്പോലെ നിരവധിപ്പേരെയാണ് 2023 ഒക്ടോബർ ഏഴിന് കിബുട്സ് ബേരിയിൽനിന്നും മറ്റിടങ്ങളിൽനിന്നും ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. അക്കൂട്ടത്തിൽ സർഫിംഗ് ഇഷ്ടപ്പെട്ടിരുന്ന ഷറാബിയുടെ സഹോദരൻ യോസിയുമുൾപ്പെടുന്നു. തടവിൽ കഴിയുന്നതിനിടെ വ്യോമാക്രമണത്തിൽ യോസി കൊല്ലപ്പെടുകയായിരുന്നു.
കുടുംബം നോക്കിനിൽക്കെ
ഭാര്യയുടെയും 13-ഉം 16-ഉം പ്രായമുള്ള മക്കളുടെയും മുന്നിൽവച്ചാണ് ഷറാബിയെ തട്ടിക്കൊണ്ടുപോകുന്നത്. ഭീകരർ ഷറാബിയുടെ വീട്ടിലേക്കു വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ഭാര്യ മകൾ നോയയെ പൊതിഞ്ഞുപിടിച്ച് അവൾക്കു കവചമായി. ഷറാബി തന്‍റെ ശരീരം കൊണ്ട് യായലിനെ സംരക്ഷിച്ചു. തങ്ങളെ വെറുതെവിടണമെന്ന് അവർ യാചിച്ചെങ്കിലും, ഭീകരിലൊരാൾ ഷറാബിയെ വീട്ടിൽനിന്നു പുറത്തേക്കു കൊണ്ടുവരാൻ ഉത്തരവിട്ടു. ആ നിമിഷം, തന്നെ തട്ടിക്കൊണ്ടുപോകുകയാണെന്നു ഷറാബി മനസിലാക്കി. ഭയന്നുവിറച്ച മക്കളുടെ കണ്ണുകളിലേക്കു നോക്കി, താൻ തിരിച്ചുവരുമെന്ന് പറഞ്ഞ് അവരെ ശാന്തരാക്കാൻ അദ്ദേഹം ശ്രമിച്ചു. ഭീകരർ ഇതെല്ലാം ആർത്തുചിരിച്ചുകൊണ്ട് കാമറയിൽ പകർത്തുന്നുണ്ടായിരുന്നുവെന്നു ഷറാബി പറഞ്ഞു.
സൂര്യപ്രകാശമില്ല
തടവിലായിരുന്ന 491 ദിവസങ്ങളിൽ ഭൂരിഭാഗവും സൂര്യപ്രകാശം കടക്കാത്ത തുരങ്കങ്ങളിലായിരുന്നു ഷറാബിയെ പാർപ്പിച്ചിരുന്നത്. 485 ദിവസത്തോളം ഇരുമ്പുചങ്ങലയിൽ ബന്ധിക്കപ്പെട്ട നിലയിലായിരുന്നു. ക്രൂരമായ പീഡനങ്ങളാണ് ഹമാസ് ഭീകരർ നടത്തിയതെന്നു ഷറാബി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മറ്റു ചില തടവുകാരും അവിടെയുണ്ടായിരുന്നു. മൂന്നു മാസത്തോളം എഴുന്നേൽക്കാൻ പോലും കഴിയാത്ത വിധം ക്രൂരമായി മർദിക്കപ്പെട്ടു. ഭക്ഷണം പോലും ഭീകരർ നൽകയിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന കുറച്ചു പാസ്ത, അല്ലെങ്കിൽ മറ്റെന്തെങ്കിലും ലഘുഭക്ഷ്യവസ്തുക്കൾ കൊണ്ടാണ് വിശപ്പടക്കിയിരുന്നത്. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളെക്കുറിച്ചും ഷറാബി പറയുന്നു. മോചിതനാകുമ്പോൾ ഷറാബിയുടെ ഭാരം വെറും 44 കിലോഗ്രാം മാത്രമായിരുന്നു.

കരഞ്ഞ ദിനം
ഇരുട്ടറയിലെ നരകയാതനകൾക്കിടയിലും തന്‍റെ ആരോഗ്യം നിലനിർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. കാലുകൾ ബന്ധിച്ചിരുന്നെങ്കിലും, ചങ്ങലയുടെ നീളംവരെ നടത്തം ശീലമാക്കിയിരുന്നു. ഭാര്യയ്ക്കും മക്കൾക്കും തിരിച്ചുവരുമെന്നു കൊടുത്ത വാക്കാണ് തന്നെ നിലനിർത്തിയതെന്ന് ഷറാബി പറഞ്ഞു. തന്‍റെ ഭാര്യയും മക്കളും കൊല്ലപ്പെട്ടെന്ന് ഒരു ഭീകരൻ വെളിപ്പെടുത്തിയപ്പോഴാണ് ഗാസയിൽ വച്ച് താൻ കരഞ്ഞതെന്നു ഷറാബി ഓർക്കുന്നു. എന്നാൽ, അതു സത്യമാണോയെന്നു ഷറാബിക്ക് അറിയില്ലായിരുന്നു. ഒടുവിൽ മോചിതനാകുമ്പോൾ, അതിർത്തിയിൽ തന്‍റെ കുടുംബം തന്നെ കാത്തുനിൽക്കുന്നുണ്ടാകുമെന്നായിരുന്നു ഷറാബിയുടെ വിശ്വാസം. എന്നാൽ, സന്നദ്ധ പ്രവർത്തകൻ തന്‍റെ അമ്മയും സഹോദരിയും കാത്തുനിൽക്കുന്നുണ്ടെന്നു പറഞ്ഞപ്പോൾത്തന്നെ അദ്ദേഹം ആ സത്യം തിരിച്ചറിഞ്ഞു, തന്‍റെ ഭാര്യയും മക്കളും ഒക്ടോബർ ഏഴിലെ ആക്രമണത്തെ അതിജീവിച്ചില്ല. ഉറ്റവരെല്ലാംതന്നെ വിട്ടുപോയെന്ന സത്യവുമായി പൊരുത്തപ്പെടാൻ ഷറാബിക്ക് ഏറെ നാളുകൾ വേണ്ടിവന്നു.
ഹമാസ് തുടർന്നാൽ
ഗാസയുടെ നിയന്ത്രണം ഹമാസിന്‍റെ കൈകളിൽ തുടരുകയാണെങ്കിൽ ആക്രമണങ്ങൾ ഇനിയും തുടരുമെന്നു ഷറാബി പറയുന്നു. ഇസ്രയേലിനെ തകർക്കാനാണ് അവർ ആഗ്രഹിക്കുന്നത്, ഭീകരർ തങ്ങളോട് എപ്പോഴും പറയുമായിരുന്നുവെന്നും ഷറാബി വെളിപ്പെടുത്തി. -തടവിൽ കഴിഞ്ഞ ആ 491 ദിവസവും, മനുഷ്യനായി തുടരാനായിരുന്നു എന്‍റെ തീരുമാനം. അതായിരുന്നു എനിക്കു ഏറ്റവും പ്രധാനം...- ഏലി ഷറാബി പറഞ്ഞു.
Tags : Eli Sharabi Israeli man hostage of Hamas abducted Hamas militants hostage survivor 491 days in Hamas captivity life into a book