17000 കിലോമീറ്റർ പറന്നെത്തി 100 കോടിയുടെ കവർച്ച; മോഷ്ടിച്ചതിൽ 42 കോടിയുടെ വാച്ചും. ലോകം അദ്ഭുതത്തോടെ കേട്ട വാർത്തയായിരുന്നു അത്.
2025 ഒക്ടോബർ 15ന് ഓസ്ട്രേലിയയിലെ കാൻബറയിൽ നടന്ന വന്പൻ മോഷണത്തെക്കുറിച്ച് അറിഞ്ഞവർ തലയിൽ കൈവച്ചുപോയി. ആഡംബര വസ്തുക്കൾ മോഷ്ടിക്കുന്നതിൽ സമർഥന്മാരായ നാലു ഫ്രഞ്ച് തസ്കരവീരന്മാർ നടത്തിയത് പതിനായിരങ്ങളുടെയും ലക്ഷങ്ങളുടെയും മോഷണമല്ല, 100 കോടിയിലേറെ രൂപയുടെ വൻ കവർച്ചയായിരുന്നു. പഴുതുകളില്ലാത്ത ആസൂത്രണത്തിനൊടുവിൽ ഫ്രാൻസിൽനിന്ന് വിമാനത്തിലെത്തിയായിരുന്നു കവർച്ച.
മോഷ്ടിക്കപ്പെട്ട വസ്തുക്കൾ
പോലീസ് നൽകിയ പട്ടിക പ്രകാരം 12 ആഡംബര വാച്ചുകൾ, 32 ഹാൻഡ് ബാഗുകൾ, നാല് പാസ്പോർട്ടുകൾ, ആഭരണങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് റിച്ചാർഡ് മില്ലെ ആർഎം 88 (സ്മൈലി) - എന്ന ലിമിറ്റഡ് എഡിഷൻ വാച്ചാണ്. രാജ്യാന്തര വിപണിയിൽ ഈ വാച്ചിനു മാത്രം ഏകദേശം 42 കോടി രൂപയോളം വിലവരുമെന്ന് പോലീസ് പറഞ്ഞു. 70 വസ്തുക്കളാണ് ഇവർ മോഷ്ടിച്ചത്.
പോലീസിനെ വട്ടംചുറ്റിച്ച തസ്കരന്മാർ
അന്വേഷണത്തിനിടയിൽ സംഭവസ്ഥലത്തിനു സമീപം കണ്ട ഒരു മിസ്തുബിഷി ഔട്ട്ലാൻഡർ വാഹനത്തെ കേന്ദ്രീകരിച്ചു നടത്തിയ നീക്കമാണ് ഒടുവിൽ പ്രതികളിലേക്ക് എത്താൻ പോലീസിനെ സഹായിച്ചത്.
2025 ഒക്ടോബർ ഏഴിന് ഓസ്ട്രേലിയയിലെത്തിയ ഫ്രഞ്ച് പൗരനാണ് വാഹനം വാടകയ്ക്കെടുത്തതെന്ന് പോലീസ് സ്ഥിരീകരിച്ചു. തുടർന്ന് ന്യൂ സൗത്ത് വെയ്ൽസ് പോലീസിന്റെയും എഎഫ്പി ഈസ്റ്റേൺ കമാൻഡിന്റെയും സഹായത്തോടെ ഒക്ടോബർ 19ന് വെന്റ് വർത്ത്വില്ലിലെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിൽ വച്ച് നാലു പേരെയും പോലീസ് സമർഥമായി പിടികൂടുകയായിരുന്നു.
മുഹമ്മദ് നൈമി (28), ഇലിയാസ് അബ്ദൾ ഖാദർ (30), ആന്റണി റെയ്മണ്ട് ക്രിസ്റ്റ്യൻ വിവോസിൻ (32), മുഹമ്മദ് സോഫിയാൻ ഒമർ അബ്ദൽകാദർ (37) എന്നിവരാണു പ്രതികൾ.
പ്രതികൾ താമസിച്ചിരുന്ന വാടക വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിക്കപ്പെട്ട ഹെർമിസ് ബാഗുകൾ ഉൾപ്പെടെയുള്ള ചില വസ്തുക്കൾ പോലീസ് വീണ്ടെടുത്തു. സംഘത്തിന് വോക്ലൂസിൽ നടത്തിയ മറ്റൊരു കവർച്ചയുമായും ബന്ധമുള്ളതായി സംശയിക്കുന്നു.
പ്രതികൾ ഓസ്ട്രേലിയയിൽ നിന്ന് ഫ്രാൻസിലേക്ക് അയച്ച ചില മോഷണവസ്തുക്കൾ ഫ്രഞ്ച് അധികൃതർ അവിടെവച്ച് പിടിച്ചെടുത്തിട്ടുണ്ട്. കുറ്റകൃത്യങ്ങൾ ലക്ഷ്യമിട്ട് മാത്രമാണ് ഇവർ ഓസ്ട്രേലിയയിലെത്തിയത്.
വിചാരണ
മാർച്ച് 26ന് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോൾ നാലുപേരും കോടതിയിൽ കുറ്റം സമ്മതിച്ചിട്ടുണ്ട്. അതിസമ്പന്നർ താമസിക്കുന്ന കാൻബറയിലെ വീട്ടിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയതായി ഇവർ കോടതിയിൽ ഏറ്റുപറഞ്ഞു.
മൂല്യത്തെച്ചൊല്ലി തർക്കം
മോഷണക്കുറ്റം സമ്മതിച്ചെങ്കിലും മോഷ്ടിച്ച വസ്തുക്കളുടെ ആകെ മൂല്യം 100 കോടിയിലേറെ രൂപ വരുമെന്ന പോലീസിന്റെ കണക്ക് അംഗീകരിക്കാൻ പ്രതിഭാഗം തയാറായിട്ടില്ല. പ്രതികളിൽ ഒരാളായ വിവോസിന്റെ ഭിഭാഷക കാർലി ഹിച്ചിൻസ് ആണ് വസ്തുക്കളുടെ മൂല്യത്തെച്ചൊല്ലിയുള്ള തർക്കം കോടതിയിൽ ഉന്നയിച്ചത്. ഇതേത്തുടർന്ന്, മോഷണമുതലിന്റെ യഥാർഥ മൂല്യം നിശ്ചയിക്കുന്നതിനായി കേസ് ഡിസ്പ്യൂട്ടഡ് ഫാക്ട്സ് ഹിയറിംഗിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു.
തുടർ നടപടികൾ
മജിസ്ട്രേറ്റ് അലക്സാണ്ട്ര ബർട്ട് സുപ്രീംകോടതിയിലേക്ക് കേസ് കൈമാറി. വസ്തുക്കളുടെ മൂല്യം സംബന്ധിച്ച തർക്കത്തിൽ തീർപ്പുണ്ടാക്കിയ ശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷാവിധി പ്രഖ്യാപിക്കുക. പ്രതികൾ ജുഡീഷൽ കസ്റ്റഡിയിൽ തുടരുകയാണ്.
Tags : heist Canberra Australia