ടെൽ അവീവ്: ഇസ്രേലി സൈനികൻ പരിശുദ്ധ കന്യാമറിയത്തിന്റെ രൂപത്തെ അപമാനിക്കുന്ന ചിത്രം കടുത്ത വിമർശനത്തിനിടയാക്കി.
തെക്കൻ ലബനനിൽ ഇസ്രേലി അതിർത്തിയോടു ചേർന്ന ഡെബെൽ എന്ന ക്രിസ്ത്യൻ ഗ്രാമത്തിലാണു സംഭവം നടന്നത്. ഇസ്രേലി സൈനികൻ രൂപത്തിന്റെ ചുണ്ടിൽ സിഗരറ്റ് ഘടിപ്പിക്കാൻ ശ്രമിക്കുന്നതാണു ചിത്രത്തിലുള്ളത്.
ബുധനാഴ്ച പുറത്തുവന്ന ചിത്രം ഇസ്രേലി സൈനികർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതാണെന്നാണു റിപ്പോർട്ട്.
സൈനികന്റെ പ്രവൃത്തി ഇസ്രേലി മൂല്യങ്ങൾക്കു നിരക്കാത്തതാണെന്ന് ഇസ്രേലി സൈന്യം പ്രതികരിച്ചു. ഏതാനും ആഴ്ചകൾക്കു മുന്പാണ് ചിത്രം പകർത്തിയതെന്നും സംഭവത്തിൽ അന്വേഷണം നടത്തുമെന്നും സേന അറിയിച്ചു.
ഏപ്രിലിൽ ഇതേ ഗ്രാമത്തിൽത്തന്നെ ഇസ്രേലി സൈനികർ ക്രൂശിതരൂപം കൂടം ഉപയോഗിച്ചു തകർക്കുന്ന ചിത്രം വലിയ വിവാദം സൃഷ്ടിച്ചിരുന്നു. ഇതേത്തുടർന്ന് രണ്ടു സൈനികർക്ക് 30 ദിവസത്തെ ജയിൽശിക്ഷ നല്കിയെന്ന് ഇസ്രേലി സേന അറിയിച്ചു.
അടുത്തിടെ ജറൂസലം നഗരത്തിൽ പട്ടാപ്പകൽ ഒരു കന്യാസ്ത്രീ ആക്രമിക്കപ്പെട്ട സംഭവവുമുണ്ടായി.
Tags : Virgin Mary Israeli soldier criticism faces severe