ടെഹ്റാൻ: സമാധാന കരാറിനായി അമേരിക്ക മുന്നോട്ടുവച്ച പുതിയ നിർദേശങ്ങൾ പരിഗണിച്ചുവരുന്നതായി ഇറാൻ. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥശ്രമങ്ങൾ പാക്കിസ്ഥാൻ ഊർജിതമാക്കിയതിനിടെയാണ് ഇറേനിയൻ വിദേശകാര്യ വക്താവ് ഇസ്മയിൽ ബാഗേയി ഇക്കാര്യം അറിയിച്ചത്.
അമേരിക്കൻ നിർദേശങ്ങളുടെ ഉള്ളടക്കം പുറത്തുവന്നിട്ടില്ല. നേരത്തേ ഇറാൻ തങ്ങളുടെ നിർദേശങ്ങൾ പാക്കിസ്ഥാൻ മുഖാന്തിരം അമേരിക്കയ്ക്കു കൈമാറിയിരുന്നു.
യുദ്ധത്തിനു നഷ്ടപരിഹാരം, പശ്ചിമേഷ്യയിലെ അമേരിക്കൻ സേനാ പിന്മാറ്റം തുടങ്ങി മുന്പ് മുന്നോട്ടുവച്ച നിർദേശങ്ങൾ ഇറാൻ ആവർത്തിക്കുകയായിരുന്നു.
ഇതിനിടെ മധ്യസ്ഥശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ സൈനികമേധാവി ആസിം മുനീർ ഇന്നലെ ഇറാനിലെത്തുമെന്ന് അറിയിപ്പുണ്ടായി. അദ്ദേഹം എത്തിയോ എന്നതിൽ സ്ഥിരീകരണമില്ല. ബുധനാഴ്ച പാക് ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്വിയും ഇറാനിലെത്തിയിരുന്നു. ഒരാഴ്ചയ്ക്കിടെ നഖ്വി നടത്തുന്ന രണ്ടാം സന്ദർശനമായിരുന്നിത്.
ഇറാനിൽനിന്നു പ്രതീക്ഷിക്കുന്ന മറുപടി ലഭിച്ചില്ലെങ്കിൽ ആക്രമണം പുനരാരംഭിക്കാൻ തയാറാണെന്ന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണു പാക്കിസ്ഥാൻ മധ്യസ്ഥനീക്കങ്ങൾ ഊർജിതപ്പെടുത്തിയത്.
ഇതിനിടെ യുഎസ്-ഇസ്രേലി ആക്രമണത്തിൽ തകർന്ന സൈനിക വ്യവസായങ്ങൾ ഇറാൻ അതിവേഗം പുനർനിർമിക്കുന്നുവെന്ന് അമേരിക്കൻ ചാരസംഘടനകൾ കണ്ടെത്തിയതായി സിഎൻഎൻ ചാനൽ റിപ്പോർട്ട് ചെയ്തു.
Tags : Mediation active Iran assesses US response West Asian Conflict