സിൽവർ ചീക്ക്ഡ് ടോഡ് ഫിഷ്
സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഏഥൻസ്: ഈജിയൻ കടലിൽ അതിവേഗം പടരുന്ന സിൽവർ ചീക്ക്ഡ് ടോഡ് ഫിഷ് എന്ന അധിനിവേശ വിഷമത്സ്യങ്ങളെ പിടികൂടുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രതിഫലം പ്രഖ്യാപിച്ച് ഗ്രീക്ക് സർക്കാർ. കടൽ ആവാസവ്യവസ്ഥയ്ക്ക് വൻ നാശമുണ്ടാക്കുകയും കടിയേറ്റാൽ ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്യുന്ന ഇവറ്റകളെ ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണു പുതിയ പദ്ധതി.
തെക്കൻ ഈജിയൻ കടലിലും ക്രീറ്റ് ദ്വീപിന് ചുറ്റുമുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്ന മത്സ്യത്തൊഴിലാളികൾക്കാണ് സാമ്പത്തിക സഹായം. പിടികൂടുന്ന മത്സ്യങ്ങൾക്കു കിലോയ്ക്ക് 585 രൂപ നൽകാമെന്നാണ് സർക്കാർ വാഗ്ദാനം. പ്രതികൂല സാഹചര്യത്തോടുപോലും അതിവേഗം പൊരുത്തപ്പെടാൻ കഴിയുന്ന, അതീവ ആക്രമണകാരിയായ ജലജീവിയാണിത്. ഇവയെ ആക്രമിക്കുന്ന ശത്രുക്കളും കുറവാണെന്ന് ഹെലനിക് സെന്റർ ഫോർ മറൈൻ റിസെർച്ചിലെ ഗവേഷകർ പറഞ്ഞു.
തീറ്റയ്ക്കായി മത്സ്യത്തൊഴിലാളികളുടെ വലകൾ കീറിമുറിക്കുകയും അതിലെ മീനുകളെ തിന്നുതീർക്കുകയും ചെയ്യുന്ന വില്ലൻമത്സ്യം നിലവിൽ ഗ്രീക്ക് മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. ഇവയുടെ കൊക്ക് പോലെയുള്ള മൂർച്ചയേറിയ പല്ലുകൾ കൊണ്ടു കടിയേറ്റാൽ ഗുരുതരമായ പരിക്കുപറ്റും. കൂടാതെ അതിവേഗം വംശവർധന നടത്തുന്ന ഇവ പ്രാദേശിക മത്സ്യവിഭവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇവയുടെ ശരീരത്തിൽ ടെട്രോഡോടോക്സിൻ (ടിടിഎക്സ്) എന്ന അതീവ മാരകമായ വിഷം അടങ്ങിയിരിക്കുന്നതിനാൽ ഇവ ഭക്ഷണയോഗ്യമല്ല. നേരത്തെ, ഈ മീൻ ഭക്ഷിച്ച അഞ്ച് കപ്പൽ ജീവനക്കാർക്കു കടുത്ത വിഷബാധയേറ്റിരുന്നു. നീന്തൽക്കാരെയും ഇവ ഉപദ്രവിക്കും.
ഏകദേശം 40 സെന്റിമീറ്റർ നീളമുള്ള ഈ പഫർഫിഷ്, ഇന്ത്യൻ-പസഫിക് മഹാസമുദ്രങ്ങളിലാണ് കാണപ്പെടാറുള്ളത്. എന്നാൽ, ഒരു മീറ്ററോളം നീളവും എട്ട് കിലോയോളം തൂക്കവുംവരെ വളരുന്നവയാണ് ഈ കടൽഭീകരന്മാർ. സൂയസ് കനാൽ വഴിയാണ് ഇവ മെഡിറ്ററേനിയൻ കടലിലേക്ക് കുടിയേറിയത്. 2003-ലാണ് ഇവയെ ഗ്രീക്ക് മേഖലയിൽ ആദ്യമായി കണ്ടെത്തുന്നത്.
ഇവയെ പൂർണമായി തുടച്ചുനീക്കുക അസാധ്യമാണെന്നും എന്നാൽ എണ്ണം നിയന്ത്രിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും ഗ്രീക്ക് മന്ത്രി വ്യക്തമാക്കി. തുർക്കിയിലും സമാനമായ രീതിയിൽ ഇവറ്റകളെ പിടികൂടാൻ ഇനാം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വർഷം തുർക്കിയിൽ മൂന്നു ലക്ഷത്തോളം റാബിറ്റ് ഫിഷുകളെയാണ് ഇത്തരത്തിൽ പിടികൂടിയത്. ഇതുവഴി രണ്ടു കോടിയിലേറെ പുതിയ മത്സ്യങ്ങൾ ഉണ്ടാകുന്നതു തടയാൻ സാധിച്ചെന്ന് സമുദ്രഗവേഷകർ അഭിപ്രായപ്പെട്ടു.
Tags : Silver-cheeked toadfish Toxic pufferfish Environment Science Athens Aegean Sea