വാഷിംഗ്ടൺ ഡിസി: ജർമനിയിലുള്ള അമേരിക്കൻ സൈനികരിൽ 5000 പേരെ പിൻവലിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് ട്രംപും ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസും തമ്മിലുള്ള വാക്പോരിന്റെ തുടർച്ചയാണിത്. ഇറാനുമായുള്ള ചർച്ചകളിൽ അമേരിക്ക നാണംകെട്ടുവെന്ന് മെർസ് ചൂണ്ടിക്കാട്ടിയിരുന്നു.
ആറു മുതൽ 12 മാസത്തിനുള്ളിൽ സൈനികപിന്മാറ്റും പൂർത്തിയാക്കുമെന്നാണ് അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗൺ അറിയിച്ചത്. ജർമൻ നേതാക്കളുടെ വാചകമടി അനുചിതമായിപ്പോയെന്നും ഇതിന് തക്ക മറുപടി നല്കാൻ പ്രസിഡന്റ് ട്രംപിന് അവകാശമുണ്ടെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു.
അതേസമയം, അമേരിക്കൻ നടപടി പ്രതീക്ഷിച്ചിരുന്നതാണെന്ന് ജർമൻ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതികരിച്ചു.
ജർമനിയിൽ 36,000 അമേരിക്കൻ സൈനികരാണുള്ളത്. യൂറോപ്പിലെ ഏറ്റവും വലിയ അമേരിക്കൻ സേനാ സാന്നിധ്യമാണിത്.
ഇറാൻ യുദ്ധത്തിൽ യൂറോപ്യൻ സഖ്യകക്ഷികളുമായി ട്രംപിനുള്ള അഭിപ്രായ ഭിന്നതയാണ് സൈനിക പിന്മാറ്റത്തിൽ കലാശിച്ചത്. അമേരിക്കയ്ക്കൊപ്പം യുദ്ധത്തിൽ പങ്കുചേരാനോ, ഹോർമുസ് തുറക്കാൻ സഹായിക്കണമെന്ന ആഹ്വാനം ചെവിക്കൊള്ളാനോ യൂറോപ്യൻ സഖ്യകക്ഷികൾ തയാറായിരുന്നില്ല.
സ്പെയിനിൽനിന്നും ഇറ്റലിയിൽനിന്നും സൈനികരെ പിൻവലിക്കുന്ന കാര്യം ആലോചനയിലുണ്ടെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാനെതിരായ യുദ്ധത്തിൽ അമേരിക്കൻ സേന സ്പെയിനിന്റെ വ്യോമതാവളങ്ങൾ ഉപയോഗിക്കരുതെന്ന് അവിടുത്തെ പ്രധാനമന്ത്രി പെദ്രോ സാഞ്ചസ് നിലപാടെടുത്തിരുന്നു. ലെയോ പതിലാമൻ മാർപ്പയെ വിമർശിച്ചതു ചോദ്യംചെയ്ത ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ട്രംപിന്റെ അനിഷ്ടത്തിനിരയായി.
ജർമനിയോടും യൂറോപ്പിനോടും അഭിപ്രായം തേടാതെയാണ് അമേരിക്കയും ഇസ്രയേലും ഇറാനെ ആക്രമിച്ചതെന്ന് മെർസ് പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള മധ്യസ്ഥ ചർച്ചകളിൽ അമേരിക്കൻ പ്രതിനിധികൾ ഇറാനു മുന്നിൽ നാണംകെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : US withdraws troops Germany